മേൽക്കൂരയിൽ എലികളുടെ വട്ടമേശ സമ്മേളനം നടക്കുന്നു ….
കുറിഞ്ഞി പൂച്ചകൾ താഴെ കാവൽ നിൽക്കുന്നുണ്ട്…
ചാരിയ ഓല വാതിലിൽ അമ്മയുടെ അടയാത്ത കണ്ണുകൾ തൂങ്ങി കിടക്കുന്നു …..
ഇറതിണ്ണയിൽ വിരിച്ച മെടഞ്ഞ ഓലയിൽ അച്ഛൻ കുരച്ച് കിടപ്പുണ്ട്….
മണ്ണ് തേച്ച് മിനുക്കിയ ചുമരിലെ ഓട്ടകൾ, മൂട്ടകൾ കയ്യടക്കിയിരിക്കുന്നു….
പഴുതാരകൾ , കൂറകൾ, പാറ്റകൾ, ചിലന്തികൾ ഓല വീടിന്റെ ഓരോ മുക്കും മൂലയും വാടകയ്ക്ക് എടുത്തിട്ടുണ്ട്…
മണ്ണണ്ണ വിളക്കിന്റെ തിരി മങ്ങുന്നു…
കലത്തിലെ കഞ്ഞിയിൽ കയിൽ പല വട്ടം വറ്റിനായി മുങ്ങി താണുകൊണ്ടിരുന്നു….
ഒറ്റ പാത്രത്തിൽ വിളമ്പിയ ചോറ് , ഞങ്ങൾ വരമ്പ് വെച്ച് കഴിച്ചു…
നടുവിൽ വരമ്പ് വെച്ച് ബാക്കി വെച്ച ചോറ് അമ്മ കഴിക്കുമെന്നാണ് കരുതിയത്…..
അമ്മ, അത് രുചിയോടെ അച്ഛന് വിളമ്പുന്നത് കണ്ടു….
അച്ഛൻ അതിൽ നിന്ന് പാതി അമ്മയ്ക്കായി ബാക്കി വെച്ച് മടങ്ങിയ വയറുമായി എഴുന്നേറ്റു….
തൊഴുത്തിൽ പുല്ല് തിന്ന് വയറ് നിറച്ച് സുഖമായി ഉറങ്ങുന്ന പശുക്കൾ…
നാട് തെണ്ടി , പേട നിറച്ച കോഴികൾ കൂട്ടിൽ നിശബ്ദരായി ഉറങ്ങുന്നു…
പാതിവയറിൽ വിരകൾ സരിഗമ പാടുന്നു….
ഉറക്കം വരാത്ത കണ്ണുകളിൽ മുഖമൂടി അണഞ്ഞ ചോരന്മാർ . പരതിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ ശപിച്ചു കൊണ്ട് ഇരുളിൽ മറയുന്നു….
മഴ വരുന്നുണ്ട് , മഴയിൽ കണ്ണീരും ഒഴുകികോളും കണ്ണുകളുടെ പെയ്ത്ത് ആരും അറിയില്ല….
ഒന്നുംആരേയും അറിയിക്കരുതെന്ന് , അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുണ്ട്…
രവീന്ദ്രൻ കച്ചീരി ….
