
(A history of the gypsies of eastern Europe and Russia ( by David M Crowe) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിവരണം )
മൂന്നാം ഭാഗം

ഡെറക്കുവോയ് ( Derekuoi ) എന്ന പ്രദേശം കരിങ്കടലിനടുത്തുള്ള വർണാ തുറമുഖത്താണ്. അവിടത്തെ ക്രിസ്ത്യൻ ഗ്രാമത്തിലെ ജിപ്സി ജീവിതത്തിന്റെ മുറപ്പെടുത്തുന്ന ഒരു വിവരണമുണ്ട്. 1868 ആണ് കാലം. ബ്രട്ടീഷുകാരായ S.G.B St. ക്ലയറും ചാൾസ് A ബ്രോഫിയും തയാറാക്കിയതാണത്. അവർ അവിടെ കുറേ വർഷങ്ങൾ താമസിച്ചിരുന്നു. കണക്കുപ്രകാരം മുസ്ലീങ്ങൾ ആയിരുന്നെങ്കിലും ജിപ്സികൾ ഒരിക്കലും മോസ്ക്കിൽ പോയിരുന്നില്ല. ഖുറാന്റെ ആശയങ്ങൾ ഉൾക്കൊണ്ടുമില്ല. ജിപ്സി സ്ത്രീകൾ മൂടുപടം (Yashmak ) അണിഞ്ഞില്ല. ടർക്കിഷും റൊമാനിയും അവർ സംസാരിച്ചു. അവരുടെ വീടുകൾ തീരെ ചെറുതായിരുന്നു. വെടിപ്പില്ലാത്ത വീടുകൾ. ഭിക്ഷാടനം, കൊട്ടനെയ്ത്ത്, പാത്രങ്ങൾ നന്നാക്കുക, ആലപ്പണി ഇതൊക്കെയായിരുന്നു വേലകൾ. അവർ കളളന്മാരാണെന്നുള്ള പ്രചാരണത്തെ ബ്രട്ടീഷുകാർ തള്ളിക്കളയുന്നുണ്ട്. ബൾഗേറിയൻ അയൽക്കാരെപ്പോലെ
സത്യസന്ധരാണവരെന്ന് അവർ കുറിക്കുന്നു.
വാങ്ങുകയും കൊടുക്കൽവാങ്ങൽ നടത്തുകയും ഭക്ഷണത്തിനായി തെണ്ടി നടക്കുകയും ചെയ്തിരുന്നു അവർ. അവർ മഴ പെയ്യിക്കുമെന്നും മന്ത്രവാദം നടത്തുമെന്നും ഒക്കെ കരുതി ആളുകൾ ജിപ്സി പെണ്ണുങ്ങൾക്ക് ചോദിക്കുന്നതെന്തും നല്കിയിരുന്നു. ജിപ്സി പുരുഷന്മാർ സ്വന്തം വീടുകളിൽ ഇരുന്ന് കലവും ചട്ടിയും ചെമ്പുപാത്രങ്ങളും നന്നാക്കിയും ഗ്രാമീണർക്ക് ആവശ്യമുള്ള ഇരുമ്പുപണികൾ ചെയ്തും കഴിഞ്ഞു കൂടി. കുട്ടികൾ പുൽപ്രദേശങ്ങളിൽ കാലികളെ മേയ്ചു.
മൂന്നോ നാലോ വർഷത്തിൽ കൂടുതലായി അവരെ ഡെറക്കുവോയിൽ താമസിക്കാൻ അനുവദിച്ചിരുന്നില്ല. ക്രിസ്ത്യാനികളായ ബൾഗേറിയൻസിനേക്കാളും കൂടുതലായി അവരോട് സഹിഷ്ണത കാട്ടിയത് മുസ്ലീം ബൾഗേറിയൻസ് ആയിരുന്നു. ക്രിസ്ത്യാനികളേക്കാളും കൂടുതൽ കഠിനാധ്വാനത്തിലൂടെ അവർ സമ്പാദിച്ചിരുന്നു. കപടമായ പെരുമാറ്റമായിരുന്നു അവരോട് ക്രിസ്ത്യാനികൾക്ക് എന്ന് ബ്രട്ടീഷുകാർ പറയുന്നുണ്ട്. കൂടുതൽ പണം ഗ്രാമീണർ അവരിൽ നിന്ന് ഭക്ഷണത്തിനും സാധനങ്ങൾക്കുമായി ഈടാക്കിയിരുന്നു. പണം കൊടുക്കാൻ പറ്റാത്തതുകൊണ്ട് അവരെക്കൊണ്ട് കൂടുതൽ പണിയിപ്പിച്ചു. മഞ്ഞു കാലത്ത് അവരെ ഡെറക്കുവോയിൽ താമസിക്കാൻ അനുവദിച്ചിരുന്നത് അവരിൽ നിന്നുള്ള സാമ്പത്തികമായ ഗുണം കൊണ്ടാണ്. വസന്തത്തിൽ ജിപ്സികൾക്കു വിൽക്കാൻ പാലുണ്ടായിരുന്നു. എങ്കിലും ഡെറക്കുവോയിലെ നേതാക്കന്മാർ അവരുടെ പുല്ല് ഇല്ലാതാക്കുന്നു എന്നൊക്കെ പറഞ്ഞ് അവരെ ഓടിച്ചു. വീടുകൾ കത്തിച്ചാണ് അവരെ ഓടിച്ചത്. അടുത്ത മഞ്ഞുകാലത്ത് അവർ പുതിയ ജിപ്സിക്കൂട്ടത്തെ ഗ്രാമത്തിൽ താമസിക്കാൻ വിളിച്ചു കൊണ്ടുവരും. ഈ കാര്യം ബ്രട്ടീഷുകാർ വർണയിലെ ഗവർണറോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. കാരണം മുസ്ലീങ്ങളല്ലാത്ത കർഷകർക്ക് അനുകൂലമായി നില്ക്കാനാണ് കോൺസ്റ്റാന്റിനോപ്പാളിൽ നിന്നുള്ള ഉത്തരവുകൾ എന്നാണ്.

1860 കളിലെ ബൾഗേറിയ പ്രശ്നഭരിതമായിരുന്നു. ഓട്ടോമൻ ഭരണ വീഴ്ചയുടെ പ്രശ്നമായിരുന്നു അത്. ബൾഗേറിയൻ ദേശീയവാദം ശക്തിപ്പെട്ട വർഷങ്ങളാണ് 1830 മുതൽ 60 വരെ. കർഷക സമരങ്ങൾ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഉണ്ടായി. ഇത് തുർക്കിഷ് നടപടികളെ ശക്തമാക്കി. യൂറോപ്പുമായുണ്ടായ വാണിജ്യ ബന്ധത്തിൽ നിന്നുണ്ടായ ഇക്കാലത്തെ സാമൂഹ്യപുരോഗതി ജിപ്സികളെ കൂടുതൽ കഷ്ടത്തിലാക്കി. 1849 ൽ സുൽത്താൻ ഒരു ബൾഗേറിയൻ ചർച്ച് നിർമ്മിക്കാൻ അനുവാദം നല്കി. ഇക്കാലത്ത് ബൾഗേറിയൻ ദേശീയതയും മതസ്വത്വവും വളരുന്നുണ്ട്. ജിപ്സികൾക്കെതിരേയുള്ള പരമ്പരാഗതമായ മുൻവിധികൾ സ്ഥാപനവൽക്കരിക്കപ്പെടുന്നുണ്ടിപ്പോൾ.
പ്രധാനമായും മുസ്ലിം ജിപ്സി കൾക്കെതിരേ . ചില ബിഷപ്പുമാർ റൊമേനിയയിൽ നിന്നു വരുന്ന ജിപ്സി കൾക്ക് അഥവാ അവിശ്വാസികൾക്ക് ഭിക്ഷ കൊടുക്കരുത് , അതൊരു പാപമാണ് എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങൾക്കെതിരേ ഇക്കാലത്തുണ്ടായ ഭീകരമായ ടർക്കിഷ് അടിച്ചമർത്തലിൽ ഒരു പാടുപേർ കൊല്ലപ്പെട്ടു. ഇത് യൂറോപ്പിന്റെ മുഴുവൻ ബൾഗേറിയൻസിനോടുള്ള സഹതാപത്തിന് കാരണമായി.
എല്ലാ ജനങ്ങളും പങ്കെടുത്ത വിപ്ലവമായിരുന്നു കോപ്രിവ്ഷ്റ്റിറ്റ്സായിലെ ഏപ്രിൽ 19 ലെ വിപ്ലവം . നേതാക്കന്മാർ ഗ്രാമങ്ങൾക്ക് തീയിട്ടിട്ട് മുഴുവൻ ജനങ്ങളേയും പർവ്വത ക്യാമ്പുകളിലെത്തിച്ചു. കോപ്രിവ്ഷ്റ്റിറ്റ് സായിലെ ജിപ്സികൾ നിരായുധരാക്കപ്പെട്ടിരുന്നു. അവർ വിപ്ലവകാരികളെ പിൻതാങ്ങി. എങ്കിലും ക്ലിസുറയിലെ റോമായാണ് (ജിപ്സി കൾ)ഗ്രാമങ്ങൾ കത്തിക്കാൻ മുന്നിൽ നിന്നത് എന്നറിഞ്ഞപ്പോൾ അവർ തെളിവിനായി ജിപ്സികളുടെ വീടുകൾ അരിച്ചു പെറുക്കി .
അവരവിടെ ആയുധങ്ങൾ, പരാഫിൻ മെഴുക് ഇവ കണ്ടെത്തി ; പോലീസുകാരെയും . ഇതിന്റെ പേരിൽ ആയുധധാരികളായ തുർക്കികളേയും ജിപ്സികളേയും അവർ വധിച്ചു.
ഇക്കാലത്ത് മൊത്തം കുഴഞ്ഞുമറിയുകയാണ് ബൾഗേറിയൻ രാഷ്ട്രിയ സാമൂഹ്യാവസ്ഥ . റഷ്യ ഇടപെടുന്നു. യൂറോപ്യൻ ശക്തികൾ ഇടപെടുന്നു. തുർക്കിക്കെതിരായി റഷ്യൻ യുദ്ധം 1877 ൽ ഉണ്ടാകുന്നു. മുസ്ലീം ക്രിസ്ത്യൻ ജിപ്സികൾ തുർക്കിക്കെതിരേ യുദ്ധം ചെയ്യുന്നു. 1878 ൽ റഷ്യ ഇസ്താം പൂളിലേക്ക് പ്രവേശിച്ചതോടെ യുദ്ധവിരാമമുണ്ടായി.

1878 ൽ റഷ്യയും ടർക്കിയും തമ്മിലുള്ള ഉടമ്പടി പ്രകാരം 5 നൂറ്റാണ്ടിലെ ടർക്കിഷ് ഭരണം അവസാനിച്ചു. എങ്കിലും ടർക്കിയുടെ നിയന്ത്രണം ഉണ്ടായിരുന്നതായി നാം വായിക്കുന്നു. ചുരുക്കത്തിൽ യൂറോപ്യൻ , റഷ്യൻ, ഓട്ടോമൻ ശക്തികളുടെ ഇടപെടൽ മൂലം സങ്കീർണമായ രാഷ്ട്രിയ സാഹചര്യം ബൾഗേറിയയിൽ ഉണ്ടായി. ഇത് കുറേ ജിപ്സികളെ ദൂരെയുള്ള ബ്രിട്ടണിലേക്കും അമേരിക്കയിലേക്കും പായിച്ചു. Kopanari (റൊമേനിയൻ പറയുന്ന ബൾഗേറിയൻ ക്രിസ്ത്യൻ ജിപ്സികൾ) 1880 കൾ ആദ്യം തന്നെ അമേരിക്കയിലെത്തി. 1886 ൽ മറ്റുള്ളവർ ഇംഗ്ലണ്ടിലെത്തി. ബാക്കിയുള്ളവർ അശാന്തി പരിഗണിക്കാതെ അവിടെത്തന്നെ കഴിഞ്ഞു.
ആണും പെണ്ണുമായ റോമാ ജനതയ്ക്ക് ബൾഗേറിയൻ ഫാക്ടറികളിൽ ജോലി കിട്ടി.
പുതിയ നിയമങ്ങൾ അവരെ പിന്നെയും ചില കാര്യങ്ങളിൽ നിയന്ത്രണത്തിലാക്കി. മറ്റു രാജ്യങ്ങളിൽ നിന്ന് ബൾഗേറിയയിലേക്കുള്ള ജിപ്സികളുടെ പ്രവേശനം തടയപ്പെട്ടു. നൊമാഡിസത്തോടുള്ള എതിർപ്പാണിതിനു പിന്നിൽ. ബാൾക്കൻ പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ജിപ്സി കുടുംബങ്ങൾക്ക് ഇത് പ്രയാസമായി. ഇക്കാലത്തെ ജിപ്സികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ പ്രയാസമാണ്. മൂന്നിലൊന്നായ മുസ്ലീം ജിപ്സികൾ ഓട്ടോമൻ പൗരന്മാരായിട്ടാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. നിർബന്ധ യുദ്ധ സേവനം ഒഴിവാക്കാൻ വേണ്ടി ചെയ്ത താണിത്. ഒരു പാട് പണം കൊടുത്താണ് അവർ പിന്നീട് ഇതിൽ നിന്ന് മാറിയത്. 10762 ക്രിസ്ത്യൻ റോമായും 120000 മുസ്ലീം റോമായും ഉള്ളതായി പറയുന്നു. 1877 – ലെ കണക്കുപ്രകാരം മാസിഡോണിയ , ബൾഗേറിയ, ത്രൈസ് എന്നിവിടങ്ങളിലായിട്ടാണ് ഈ ജനസംഖ്യ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ യൂറോപ്യൻ ഭാഗത്ത് 2,00,000 ജിപ്സികൾ ഉണ്ടായിരുന്നു. ബർഗാസിലും ചിർപാനിലും ജിപ്സികൾ കുറഞ്ഞു വന്നു. ബൾഗേറിയൻ പട്ടണങ്ങളിൽ കൂടിവന്നു. 1880 ൽ പല നഗരങ്ങളിലും അവർ ഔദ്യോഗികമായ കണക്കുപ്രകാരം ഉണ്ടായിരുന്നില്ല.
പക്ഷേ തുടർന്നുള്ള വർഷങ്ങളിൽ അവരുടെ സംഖ്യ കൂടി. വംശീയ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഭരണഘടനയിൽ ഉൾപ്പെട്ടു. ബൾഗേറിയൻ റോമാ ജനത വർധിക്കാൻ സഹിഷ്ണുത കാരണമായി. 1906 ൽ ബൾഗേറിയയിൽ പലയിടങ്ങളിലുമുള്ള റോമാ ജനതകളുടെ നേതാക്കൾ ഒത്തുകൂടി. അവർ തുല്യാവകാശത്തിനു വേണ്ടി പാർലമെന്റിൽ ഒരു പെറ്റീഷൻ പാർലമെന്റിൽ സമർപ്പിച്ചു. പക്ഷേ ഫലമുണ്ടായില്ല. 1910 ൽ മൂന്ന് പ്രൈമറി സ്കൂളുകളാണ് ഉണ്ടായിരുന്നത് . 121600 റോമായ്ക്കാണ് എന്നോർക്കണം.

ഇതുമായി ബന്ധപ്പെട്ട് ജിപ്സികളുടെ ഗൗരവത്തിലുള്ള സാക്ഷരതാ പ്രശ്നം ഉണ്ടായി. ബൾഗേറിയയിലെ റോമയിൽ 3 ശതമാനം മാത്രമാണ് 1905 ൽ സാക്ഷരർ. ജിപ്സികളുടെ നൊമാഡിസം ഒരു കാരണമാണ്. ജിപ്സികൾ ആണോ എന്നുള്ള സംശയം. ബാൾക്കൻസിന്റെ മുൻ വിധി ഇതൊക്കെ കാരണങ്ങളാണ്. അടുത്ത രണ്ട് ദശകങ്ങളിൽ ജിപ്സി സാക്ഷരത ഗവൺമെന്റിന്റെ നയങ്ങളാൽ വർധിക്കുന്നുണ്ട് .
( തുടരും)

