വിരൽത്തുമ്പിനറ്റത്ത്
കുത്തിനിറഞ്ഞ
ഏകാന്തതയുടെ ആത്മഗതം
കേട്ടിട്ടുണ്ടോ?
നനവിൽ മുങ്ങിയ
പച്ച
ഉപ്പൂറ്റിയിൽ
പൊഴിഞ്ഞുപോയതിന്റെ
നിശ്ചലത വെളിപ്പെടുത്തുമ്പോൾ
കട്ടിയുള്ള തൊലിയിൽ പിറന്ന
കാലുകൾ
നിഴലിനെ മറച്ചുവെച്ചേക്കാം.
നേരം വെളുത്തു.
പിളർന്നുവീണ നഗരത്തിലെ
അവസാന ചേരിയും
കടന്നപ്പോൾ
വീണ്ടുമൊരു തരിപ്പാണ്
വിരലിനറ്റത്ത്.
പകൽ പെറ്റ
മനുഷ്യരുടെ കണ്ണുകളിൽ
കനത്ത കോട്ടുവാ.
അറിയാതെ
നഖം കൂട്ടിമുട്ടുമ്പോൾ
അവർ കമിതാക്കളുടെ
ഏകാന്തയെപ്പറ്റി
ഓർക്കും.
കാലടികൾ
നാടുവിട്ടവരുടെ കൂട്ടത്തിലാണ്.
നഗരം കടന്ന്
ആരുമറിയാത്ത,
ആരും കാണാത്ത,
ചലനം കാത്തിരിക്കുന്ന
ഊഞ്ഞാലിനുമേൽ
ഒലിച്ചുപോയ ഒച്ചിന്റെ
നേർത്തൊട്ടിയ പാടകൾ
വിരലിന്റെ വേദന കൂട്ടി.
കാതടഞ്ഞുപോയ
ജീവനുകളാണ്
ചുറ്റിലുമെന്നറിയാതെ
അവിടെയുള്ള
വള്ളിപടർപ്പിൽ
രഹസ്യമായി തളിർത്ത
ഇലയോടുപോലും
ഏകാന്തതയുടെ ആത്മഗതം
കേൾക്കാനാവശ്യപ്പെട്ടു.
നിഴലുവറ്റിയ കോലത്തെ
രോമങ്ങൾ കുത്തിനോവിക്കുന്നത്
ഈ ആത്മഗതം
കാരണമാണ്.
അതിനെ
കേൾക്കാനില്ലാത്തതിന്റെ
മുറുമുറുപ്പ്.
വരിഞ്ഞുമുറുകുന്നത്
മടുപ്പ്
വെറുപ്പ്
പ്രതികാരം.
അതെ.
വിരൽത്തുമ്പിനറ്റത്ത്
കുത്തിനിറഞ്ഞ
ഏകാന്തതയുടെ ആത്മഗതം
വേദനയാണ്.
