മനോരോഗങ്ങള്‍ എന്നു വിളിക്കുന്നവ അസുഖങ്ങളെ ആയിരിക്കില്ല മറിച്ച് നമ്മുടെ മനസ്സിലെ ചില നിത്യമായ പേടികളുടെ ബാഹ്യ ലക്ഷണം മാത്രമായിരിക്കും .
വൈകുന്നേരം ജോലികഴിഞ്ഞുവരുന്ന അച്ഛനോ അമ്മയോ വീട്ടിലിരിക്കുന്ന കുട്ടികളുടേയും, മുതിര്‍ന്നവര്‍ ഉണ്ടെങ്കില്‍ അവരുടേയും ഇഷ്ടങ്ങള്‍ നോക്കി എന്തെങ്കിലും തിന്നാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ട് വരുന്നത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും അതില്‍ വലിയ ചില കാര്യങ്ങള്‍ ഉണ്ടെന്നുള്ളതാണ് സത്യം . ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ നോക്കി സാധനങ്ങള്‍ തിരഞ്ഞെടുത്ത് കൊണ്ടുവരിക എന്നതില്‍ അവരുടെ മനസ്സില്‍ നമ്മളുണ്ട് എന്നതിന്റെ അടയാളമാണ് . ഏറ്റവും വില കുറഞ്ഞ ഒന്നാണ് അവര്‍ കൊണ്ടുവരുന്നതെങ്കിലും അവ നമ്മുടെ മനസ്സില്‍ ഉണ്ടാക്കുന്ന വൈകാരിക ഉത്തേജനം വിലകൊണ്ട് അളക്കാന്‍ പറ്റുന്നതാവില്ല. അവരുടെ സ്നേഹം നമ്മളില്‍ ഉണ്ടാക്കുന്ന ആനന്ദവും ആഹ്ളാദവും സന്തോഷവും പണം കൊണ്ട് അളക്കാന്‍ പറ്റുന്നതല്ല. നമുക്കായി മനസ്സില്‍ ഒരിടം ഒരുക്കിയിട്ടുള്ള ഒരാള്‍ ഇവിടുണ്ട് .ഏത് ഘട്ടത്തിലും നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന ,നമ്മെ കൈവിടാത്ത ഒരാള്‍ നമുക്കൊപ്പമുണ്ട് എന്ന വലിയൊരു ഉറപ്പാണ് ആ ഓരോ കൊച്ചു ഭക്ഷണപൊതികളും നമ്മോട് പറയുന്നത്. അവരുടെ സ്നേഹം നമ്മെ വൈകാരികമായി ശാന്തരാക്കുന്നു . മറ്റുള്ളവര്‍ നമ്മെ കൈവിട്ട് പോകുമോ , അവര്‍ നമ്മളോട് സ്നേഹശൂന്യരായി പെരുമാറുമോ തുടങ്ങിയ പേടികള്‍ നമ്മെ വിട്ടുപോകുന്നു . ലോകം അത്രയ്ക്കൊന്നും മോശമല്ലാത്ത ഒരിടമായി നമുക്ക് തന്നെ തോന്നിതുടങ്ങുന്നു . മറ്റുള്ളവരുടെ സ്നേഹവും കൂട്ടും നഷ്ടപ്പെടുമോ എന്ന പേടിയാണ് മിക്കപ്പോഴും നമ്മളെ മനോരോഗത്തിന്റെ വാതില്‍ തുറന്ന് ആദ്യത്തെ ചുവട് അകത്തേക്ക് വെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ആളുകള്‍ പുലര്‍ത്തുന്ന കരുണയും സ്നേഹവും കരുതലും ഞങ്ങള്‍ ഒപ്പമുണ്ട് എന്നുള്ള ഉറപ്പും തീര്‍ച്ചയായും നമ്മളെ വൈകാരികമായി ശക്തരാക്കും . മനസിലുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതിന്റെ പ്രാധാന്യം ഇതാണ് . പ്രകടിപ്പിക്കപ്പെടാത്ത സ്നേഹം മണ്ണിനടിയില്‍ എവിടെയോ ആര്‍ക്കും ഉപകാരമില്ലാതെ കിടക്കുന്ന സ്വര്‍ണ്ണം പോലെയാണ്. അപരന്റെ ഉള്ളിലെ സ്നേഹത്തെ കണ്ടെത്തി അതിനെ തേച്ചുമിനുക്കി തിളങ്ങുന്ന സ്നേഹമാക്കി മാറ്റാനുള്ള നമ്മുടെ കഴിവാണ് സ്നേഹം . സ്നേഹം എന്നത് ഒരു പ്രാകൃത വികാരമായി തുടരുമ്പോള്‍ അത് അപരനെ സ്വന്തമാക്കാനുള്ള വ്യഗ്രതയായും ,കാമമായും , ബലപ്രയോഗത്താല്‍ കീഴ്പ്പെടുത്തി കൈവശം വെയ്ക്കേണ്ട ഒന്നുമാത്രമായി മറ്റുള്ളവരെ കരുതുകയും ചെയ്യുന്ന നിലയിലേക്ക് അധപതിച്ച് പോകും . കാമം പ്രേമമായി ഉദാത്തവല്‍ക്കരിക്കാനുള്ള ശക്തി നമുക്ക് ഉണ്ടാകുമ്പോള്‍ മാത്രമേ കാമവും സ്നേഹവും പ്രേമവും പ്രണയവും ഇഴപിരിക്കാന്‍ കഴിയാത്ത വൈകാരിക അനുഭൂതികള്‍ ആയി നമ്മളില്‍ നിറയാന്‍ തുടങ്ങൂ . അപ്പോള്‍ മാത്രമേ സ്നേഹിക്കുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും രസങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുകയുള്ളൂ .

