നിന്നിലേക്ക് നടക്കുയെന്നാൽ
കടലിലേക്ക് പോവുകയെന്നാണ് !
തീരാത്ത പരിഭവങ്ങളുടെ തിരമാലകൾ…
അസ്വസ്ഥതയോടെ പാറക്കെട്ടിലവ
തലതല്ലിക്കരയും.
കണ്ണീരിന്റെ ഉപ്പുകാറ്റ്
നടുക്കടലിൽ തകർത്തു കളഞ്ഞ
ഒരു പായ്ക്കപ്പലാവുമപ്പോൾ ഞാൻ !
മടങ്ങിപ്പോവാനൊരുങ്ങിയാലും
തിരിച്ചൊരു കരയിലുമെത്താനാവാതെ…
എത്തിയാലും,
കരയിൽവീണ ഏതു മീനിന്റെ ഓർമ്മയിലും
ഒരു കടൽ വീണുപിടയുന്നുണ്ടാവും !
നിന്നിൽ പെട്ടുപോവുകയെന്നാൽ
കാട്ടിലകപ്പെടുകയെന്നുകൂടിയാണ് !
വെളിച്ചം പെട്ടെന്ന് കെട്ട് അവിടം എപ്പോഴിരുട്ടാവുമെന്ന് ഒരു പിടിയും കിട്ടില്ല !
പല പല വഴികൾ നിഗൂഢതകളിലേക്ക്
കൈ നീട്ടി വിളിക്കും
കാറ്റ് കള്ളം പറഞ്ഞ് മയക്കും.
മൃഗങ്ങളുടെ മുരൾച്ചയും
പക്ഷികളുടെ കരച്ചിലും
ചീവീടുകളുടെ നിലവിളിയും പശ്ചാത്തലമാവുമ്പോൾ
തിരിഞ്ഞു നടന്നാലോ എന്നു തോന്നും
പക്ഷേ, കാടതിന് അനുവദിക്കില്ല
മരങ്ങൾ ,ചോലകൾ, പച്ച, തണുപ്പ് …
കാടതിന് അനുവദിക്കില്ല !
തിരിഞ്ഞു നടന്നാലും വഴിതെറ്റി വഴിതെറ്റി
മരങ്ങളുടെ തടവറയിൽ പെട്ടുപോയിരിക്കും.
അഥവാ പുറത്തെത്തിയാലും
ഏതോ കൂട്ടിൽ, ചങ്ങലപ്പൂട്ടിൽ മെരുങ്ങിക്കഴിയുന്ന
വളർത്തു മൃഗം തന്നെയാവേണ്ടി വരും
അപ്പൊഴും ഓർക്കാപ്പുറത്ത് തലച്ചോറിലൊരു
കാട്ടുപൂവിന്റെമണം ഇരച്ചുകയറിവരാം !
ഭൂമിയിൽ നിന്ന് കടന്നുകളഞ്ഞാലും
സൗരയൂഥത്തിലെങ്ങോ ചിതറി
നിന്നിൽത്തന്നെ ചുറ്റിത്തിരിയേണ്ടിവരും
എന്നിട്ടും നീ എന്താണെന്നു ഞാൻ
അറിയുന്നില്ലല്ലോ
കടലിന്റെ ആഴങ്ങളിലെങ്ങോ ഉറച്ച പർവ്വതവും
തിരമാലകളുടെ ഇളക്കവുമാവുന്നു നീ
കാടിന്റെ നിഗൂഢതകളിലെങ്ങോ
കനത്ത മൗനവും
സൗരയൂഥത്തിലെ അനാദിയായ
ശബ്ദവുമാവുന്നു നീ
അത്രമാത്രം …