നോവൽപഠനം:വെളിച്ചത്തിന് സാക്ഷ്യം വഹിച്ചവന്‍ – ശ്രീപ്രിയ എം.പി
‘’എങ്ങും വേരുറയ്ക്കാത്ത ഒരു യാത്രികന്‍’’ എഴുത്ത് ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. തന്‍റെ ബാല്യകൗമാരയൗവനമെല്ലാം കഥാകാരന്‍ കോര്‍ത്തിണക്കുന്നത് എഴുത്ത് ജീവിതത്തിലൂടെയാണ്. ജീവിതം തന്നെ എഴുത്തായി പരിണമിക്കുകയാണിവിടെ. ആ പരിണാമത്തിലൂടെ ഒഴുകിയെത്തിയ അപൂര്‍വസൃഷ്ടിയാണ് ‘ആയുസ്സിന്‍റെ പുസ്തകം’.
ആധുനികാനന്തര മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ നോവലാണ് സി.വി.ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’. യോഹന്നാന്‍ മുഖ്യ കഥാപാത്രമാകുന്ന ഈ നോവലില്‍ തോമ, ആനി, സാറ, മാത്യു, യാക്കോബ്, മേരി, ജോഷി, ലോഹിതാക്ഷന്‍ തുടങ്ങി അനേകം കഥാപാത്രങ്ങള്‍ കടന്നുവരുന്നു. യോഹന്നാന്‍റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ആയുസ്സിന്‍റെ പുസ്തകം പുരോഗമിക്കുന്നത്. സി.വി.ബാലകൃഷ്ണന്‍ ‘ആയുസ്സിന്‍റെ പുസ്തകം’ രചിക്കാന്‍ ബൈബിളിനെ പശ്ചാത്തലമായി സ്വീകരിച്ചു. നോവലിലെ ഓരോ കഥാപാത്രവും അനുഭവിക്കുന്ന പാപബോധത്തെ ബൈബിളുമായി ബന്ധപ്പെടുത്തി. ‘’വേദപുസ്തകം പാപത്തെ കാണാതിരിക്കുന്നില്ല. ക്രിസ്തു വന്നതുതന്നെ പാപികളെ രക്ഷിക്കാനാണ്.പാപത്തില്‍ നിന്നുമോചനം നല്‍കാനാണ്’’-പാപത്തോടുള്ള ഈ സമീപനത്തെയാണ് ആയുസ്സിന്‍റെ പുസ്തകത്തില്‍ നോവലിസ്റ്റ് ആദ്യാവസാനംവരെ സ്വീകരിച്ചിട്ടുള്ളത്. ക്രൈസ്തവത പുലര്‍ത്തുന്ന അധികാരരൂപകത്തിനെതിരെ രചയിതാവ് കൈക്കൊള്ളുന്ന നിലപാട് കൂടിയാണ് ഈ കൃതി. ‘’പാതവക്കിലായി നാട്ടിയ വലിയ കല്‍ക്കുരിശിന്‍റെ മുന്നില്‍ കത്തിയൊടുങ്ങിയ മെഴുകുതിരികളുടെ അവശിഷ്ടങ്ങള്‍ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു യോഹന്നാന്‍.കുരിശിന് അവനോളം പൊക്കമുണ്ടാ യിരുന്നു’’ (ആയുസ്സിന്‍റെ പുസ്തകം പുറം:70) – ക്രിസ്തു മനുഷ്യരാശിക്കു വേണ്ടി സമ്പാദിച്ച രക്ഷയുടെ അടയാളമാണ് കുരിശ്. നെഞ്ചിലും നെറ്റിയിലും കുരിശ്‌വരയ്ക്കുമ്പോള്‍ മനസ്സിലും ശരീരത്തിലും നാം ക്രിസ്തുവിനെ പ്രതിഷ്ഠിക്കുകയാണ്. പരിഹാസത്തിന്‍റെയും സങ്കടത്തിന്‍റെയും ശാപത്തിന്‍റെയും ചിഹ്നമായ കുരിശ്, ക്രിസ്തു കുരിശില്‍ നടത്തിയ ശരീരത്യാഗത്തിലൂടെ അനുഗ്രഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീക്ഷയുടെയും ചിഹ്നമായി മാറി. യോഹന്നാന്‍ കാണുന്ന കുരിശുകള്‍ക്കും ഇരുതലങ്ങളുണ്ട്. അവ വിശുദ്ധിയുടെ കുരിശുകളല്ല രൂക്ഷമായ താക്കീതിന്‍റെ കുരിശുകളാണ്. ക്രിസ്തുവിന്‍റെ പ്രിയപ്പെട്ട ശിഷ്യന്മാരായിരുന്നു യാക്കോബും യോഹന്നാനും. യോഹന്നാന്‍റെ സഹോദരനാണ് യാക്കോബ്. ക്രിസ്തുവിനെ അനുഗമിച്ച സ്ത്രീയുടെ മക്കളായിരുന്നു യോഹന്നാനും യാക്കോബും. ആദ്യകാലങ്ങളില്‍ യാക്കോബിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടാനും ക്രിസ്തുവിന്‍റെ നന്മ മനസ്സിലാക്കാനും കഴിഞ്ഞില്ല. നോവലിലെ യാക്കോബ് എന്ന കഥാപാത്രവും സാറയ്ക്ക് ലഭിച്ച ദുരന്തജീവിതത്തിന് കുറ്റപ്പെടുത്തുന്നത് ക്രിസ്തുവിനെയാണ്. ‘യേശു സ്നേഹിച്ച ശിഷ്യന്‍’ എന്നാണ് യോഹന്നാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തി യോഹന്നാന്‍ ക്രിസ്തുവില്‍ ലയിക്കാന്‍ തയ്യാറായി. കുരിശില്‍ കിടന്ന യേശു തന്‍റെ മാതാവിനെ ഏല്‍പ്പിച്ചത് യോഹന്നാനെയായിരുന്നു. സ്വയം ക്രിസ്തുവില്‍ ലയിച്ച യോഹന്നാന്‍ പില്‍ക്കാലത്ത് കഠിനമായ പീഡനങ്ങള്‍ക്ക് വിധേയനായി. നോവലിലെ യോഹന്നാനും അവസാനത്തില്‍ ഏകാന്തതയുടെ ഇരുളറകളിലേക്ക് നയിക്കപ്പെട്ടു: ‘’അവന്‍,അയ്യോ ഭൂമിയേ, എന്‍റെ രക്തം മൂടരുതേ, എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ എന്നു പറഞ്ഞു’’ (ആയുസ്സിന്‍റെ പുസ്തകം പുറം:213)
‘സ്വാതന്ത്ര്യം’ ക്രിസ്തു കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ്.നീതി ക്കായി മനുഷ്യന്‍ എവിടെ പീഡിപ്പിക്കപ്പെടുന്നവോ എവിടെ അവന്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നുവോ അവിടെയാണ് ക്രിസ്തുവുള്ളത്. പീഡനമനുഭവിക്കുന്ന യോഹന്നാനിലും ക്രിസ്തു നിലകൊള്ളുന്നു. കാമം എന്നത് സ്ത്രീയോടുള്ള രതി മാത്രമല്ല. എന്തിനോടുമുള്ള നിയന്ത്രണാതീതമായ ആസക്തിയാണ്.ആയുസ്സിന്‍റെ പുസ്തകത്തിലെ കഥാപാത്രങ്ങളില്‍ പാപപുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം നടക്കുന്നുണ്ട്. ക്രിസ്തീയമായ പാപസങ്കല്‍പത്തെ മാനുഷികതലവുമായി ബന്ധിപ്പിക്കുകയാണ് നോവലിസ്റ്റ്. യോഹന്നാനും തോമായും ആനിയും സാറയുമെല്ലാം പാപബോധത്തെ ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ടവരാണ്.റാഹേലെന്ന കൊച്ചുപെണ്ണിനോട് ചെയ്തുപോയ പാപത്തിന്‍റെ പേരില്‍ പൗലോ തനിക്ക് സ്വയം ശിക്ഷ വിധിക്കുന്നു: ‘’ഒടുവില്‍ അയാളെണീറ്റ് ബലമുള്ള ഒരു മരക്കൊമ്പ് തേടി നടന്നു. താന്‍ സ്വന്തം കൈകൊണ്ട് നട്ടുവളര്‍ത്തിയതല്ലാത്ത ഒരു വൃക്ഷം അയാള്‍ കണ്ടെത്തി.അതിന്‍റെ തടിയിലൂടെ അയാള്‍ വലിഞ്ഞുകയറി.മരത്തൊലിയെ യും ഇലകളെയും അറിഞ്ഞുകൊണ്ട് മുകളിലെത്തി’’ (ആയുസ്സിന്‍റെ പുസ്തകം പുറം:42). ആനന്ദത്തിന്‍റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായി സമൂഹം ലൈംഗികതയെ കാണുന്നു.മനസ്സില്‍ ഉണരുകയും ശരീരത്തിലേക്ക് ഒഴുകുകയും ചെയ്യുന്ന വികാരമാണ് രതി. ചില നിമിഷങ്ങളില്‍ സ്വവര്‍ഗരതിയോട് കഥാപാത്രങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് കാണാം: ‘’രാത്രി ചുറ്റും നിന്ന് ത്രസിച്ചുകൊണ്ടിരുന്നു. പച്ചനിറമുള്ള നിക്കറും പച്ചനിറത്തില്‍ പൊട്ടുകളുള്ള ഷര്‍ട്ടും ധരിച്ച് പൂവിതള്‍ പോലുള്ള ചുണ്ടില്‍ ഇളംചിരിയുമായി ജോഷി. യോഹന്നാന്‍ അവന്‍റെ കൈകള്‍ തന്‍റെ നെഞ്ചില്‍ ചേര്‍ത്തു. എണ്ണയൊഴുകുന്നുവെന്നു തോന്നിക്കുന്ന മുടിയിലൂടെ വിറയ്ക്കുന്ന വിരലുകള്‍ നീക്കി പുരികങ്ങളിലും കണ്‍പീലികളിലും തൊട്ടു’’ (ആയുസ്സിന്‍റെ പുസ്തകം പുറം:62). സ്വന്തം ശരീരത്തില്‍ നിര്‍വൃതി പ്രാപിക്കുന്ന കഥാപാത്രങ്ങളെയും കാണാം. വാസ്തവത്തില്‍ ഈ കഥാപാത്രങ്ങള്‍ക്കെല്ലാം ലൈംഗികത സ്നേഹത്തിലേക്കും വാത്സല്യത്തിലേക്കുമുള്ള പ്രയാണമാണ്. ഏകാന്തജീവിതം യോഹന്നാനെ തീര്‍ത്തും അവശനാക്കുന്നു. പലരില്‍ നിന്നും അവന്‍ സ്നേഹം പ്രതീക്ഷിച്ചു. സ്നേഹത്തിന് വേണ്ടി യോഹന്നാന്‍ രാവും പകലും അലഞ്ഞുനടന്നു. മറ്റുള്ളവരുടെ രതിമൂര്‍ച്ചയില്‍ അവന്‍ കണ്ണുകള്‍കൊണ്ട് പങ്കാളിയായി. മതത്തിന്‍റെ കാഴ്ചപ്പാടില്‍ ദാമ്പത്യത്തിലെ ലൈംഗികത പോലും സന്താനോല്‍പ്പാദനത്തിനുവേണ്ടി മാത്രം അനുവദിക്കപ്പെടുന്ന ഒരു പ്രക്രിയമാത്രമാണ്. മനുഷ്യന്‍റെ ഉദാത്തവികാരമായൊ ജീവിക്കാനും സ്നേഹിക്കാനും പ്രേരണ നല്‍കുന്ന ഊര്‍ജപ്രവാഹമായൊ കാണാന്‍ തയ്യാറാവുന്നില്ല.
വിശുദ്ധിയുടെ പ്രതീകമായ പ്രാവ് യോഹന്നാനിലൂടെ പറന്നിറങ്ങുകയാണ്: ‘’രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഒരു വെളുത്ത പ്രാവ് യോഹന്നാന്‍റെ മേല്‍ പറന്നിറങ്ങി. അത് അവന്‍റെ ഉടലിലെങ്ങും ചിറകുരുമ്മി. ആ ചിറകുക ളുടെ ചൂടില്‍ അവന്‍ സ്വയം ഉടല്‍ തൊട്ടറിഞ്ഞു’’ (ആയുസ്സിന്‍റെ പുസ്തകം പുറം:50). യോഹന്നാന്‍ അനുഭവിക്കുന്ന ഏകാന്തതയെ നൊമ്പരങ്ങളെ സ്നേഹത്തോടെ ആ പക്ഷി അവനില്‍ നിന്നും മായ്ക്കുന്നു. ഇത്തരത്തിലുള്ള ചില ബിംബങ്ങള്‍ക്ക് നോവലില്‍ വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ നോവലിസ്റ്റ് നല്‍കുന്നത് കാണാം. ആയുസ്സിന്‍റെ പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെടുന്ന രതിയെ വെറും ശാരീരികമായ തലത്തില്‍ നിന്നുകൊണ്ടുമാത്രം വീക്ഷിക്കാതെ ആത്മീയമായ തലത്തില്‍ നിന്നുകൊണ്ട് കൂടി വീക്ഷിക്കേണ്ടത്തുണ്ട്. കൗമാരപ്രായക്കാരനായ യോഹന്നാന്‍ അനുഭവിക്കേണ്ടി വരുന്ന ഏകാന്തത അവനെ മാനസികസംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ഏതൊരു കൗമാരപ്രായക്കാരനും സ്നേഹവും കരുതലും ഈ കാലഘട്ടത്തില്‍ ആഗ്രഹിക്കുന്നു. യോഹന്നാന്‍ സാറയിലും റാഹേലിലുമൊക്കെ കണ്ടത് സ്നേഹവും വാത്സല്യവും സംരക്ഷണവുമായിരുന്നു. അതൊരിക്കലും ശാരീരികം മാത്രമായിരുന്നില്ല, മാനസികമായ അടുപ്പവും കൂടിയായിരുന്നു. യോഹന്നാനെ സംബന്ധിച്ചിടത്തോളം ആത്മരതിപോലും അന്തസംഘര്‍ഷങ്ങളില്‍ നിന്നുള്ള ഒളിച്ചോടലായിരുന്നു. ‘’ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു. വെളിച്ചത്തിന് സാക്ഷ്യം നല്‍കാന്‍ ; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍. അവന്‍ വെളിച്ചമായിരുന്നില്ല;വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍ വന്നവനാണ്’’ (യോഹന്നാന്‍ എഴുതിയ സുവിശേഷം പുറം:214) – ആയുസ്സിന്‍റെ പുസ്തകത്തിലെ യോഹന്നാനും വെളിച്ചത്തിന് സാക്ഷ്യം നല്‍കാന്‍ വന്നവനാണ്.