ഒച്ചയില്ലാത്ത ഒരു റ്റാറ്റ
കൊടഗിൽ പോയ ആദിവാസി
കുടയില്ലാതെ തിരിച്ചുവന്നു .
അഞ്ചെട്ടു നോട്ടുകൾ പച്ച
പത്തെട്ടു തുട്ടുകൾ വെള്ള .
സ്വപ്ന തുണിക്കടയിലെ കവറിൽ
പൊതിഞ്ഞ രണ്ട് മുണ്ട് രണ്ട് ഷർട്ട്
ഒരു തോർത്ത് ഒരു ഹിന്ദിപ്പുതപ്പ്.
കൈയ്യിൽ ഒരു കവർ മിച്ചറ്.
മക്കളുടെ ഓട്ടം
ഉസൈൻ ബോൾട്ടുപോലെ
കെട്ടിപ്പിടിച്ചത് ധൃതരാഷ്ടരെപോലെ
നാണത്തോടെ ഭാര്യയുടെ സന്തോഷം .
അമ്മായമ്മയുടെ
പണിത്തിരക്ക് കൂടി .
അടുക്കള
മുറ്റം
അടുക്കള
മുറ്റം.
കുട്ടികൾ കറും മുറും.
അയൽ വീട്ടുക്കാരുടെ നോട്ടവും .
വന്നല്ലേ .. ഇന്ന് അടിപ്പൊളി
നാളെ അടിപ്പൊളി .
എല്ലാവരെയും കണ്ടു .
മറ്റന്നാൾ പോകണം
ഇഞ്ചിക്ക് മണ്ണിടണം
അഡ്വാൻസ് 500 രൂപ .
ഭാര്യക്ക് 200
അമ്മായിക്ക് 50
കുട്ടികൾക്ക് മിട്ടായി .
മൊതലാളി കണക്ക് കൂട്ടിട്ടില്ല .
കുട്ടികളുടെ മിട്ടായി തീർന്നിട്ടില്ല .
ഭാര്യയുടെ മുഖം വീർത്തപ്പോലെ .
ജീപ്പ് വന്നു .
കൊടഗെ കൊടഗെ … .
കാവിന് വരാം .
ഒച്ചയില്ലാത്ത ഒരു റ്റാറ്റ .
സുകുമാരൻ ചാലിഗദ്ധ