മഴ…
എന്തെല്ലാമാണ് മഴയെ കുറിച്ച് പറയാൻ ഉള്ളത്…
ചില്ലു ജാലകത്തിന്റെ അപ്പുറത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് ചാഞ്ഞു പെയ്യുന്ന മഴയുടെ ശാന്തതയിൽ ഒരു കവിത വിരിഞ്ഞു വരുന്നുണ്ടോ..?
അല്ലങ്കിൽ ഹൈറേഞ്ചിലെ ഒരു സായാഹ്നത്തിൽ ഏറ്റവും പ്രിയപ്പെട്ട ആൾടെ കൂടെ ഉൾവനത്തിലൊരിടത്ത് തെരുവാ പുല്ലുകൾ പുതഞ്ഞു നിൽക്കുന്ന മലഞ്ചരുവിലെ റിസോർട്ടിന്റെ മട്ടുപാവിൽ ആവി പറക്കുന്ന രണ്ട് കപ്പ് കോഫീയുമായി താഴ് വരയിലെ മഞ്ഞിലേക്ക് പെയ്തുമറയുന്ന മഴകണ്ടിരിക്കാൻ….
അതുമല്ലെങ്കിൽ നല്ല മഴയുള്ള ഒരു പകൽ, വിജനമായ ഉൾകായലിൽ പതിയെ മാത്രം ഒഴുക്കുന്ന പുരവഞ്ചിയിൽ സ്പ്ലെണ്ടിട്ട് സ്ക്കോച്ച് വിസ്കി നുകർന്ന് ഒറ്റയ്ക്ക് മഴയുടെ വന്യസൗന്ദര്യം കാണുന്നത്തിനെ പറ്റി…
മഴ ഇഷ്ടമാണോ…??
പതിവില്ലാതെ അമ്മ ഇന്ന് മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചു..
അവിടെ/ ഇരുമ്പു പാലത്ത് ഗംഭീര മഴയാണ് കൂടെ നല്ല കാറ്റും അസ്ഥികൾ മരവിക്കുന്ന തണുപ്പും.. പുറത്തേക്ക് ഒന്നിറങ്ങാനെ പറ്റുന്നില്ല..
എന്തോ..ഒരു പേടി തോന്നുന്നു എന്ന്..
ഇങ്ങനെ മഴ വന്യമായി പെയ്യുന്ന നേരത്ത് അവിടെ മലയും താഴ്വരവും ആകെ ഇരുണ്ട് മൂടിയിരിക്കും.
എല്ലാവരുടെയും ശരീരഭാഷയും മുഖവും ഒരുതരം മ്ലാനതയാൽ നിർവികരമാകും..
എന്തോ അപകടം വരാൻ പോകുന്ന പേടിക്കലർന്ന വല്ലായ്മ ..
ഇങ്ങനെ ഒരു മഴ ദിനത്തിൽ ആണ് രണ്ട് ഗ്രാമം അപ്പുറത്തുള്ള മാമലകണ്ടത്ത് തൊണ്ണൂറുകളിൽ അതിഭീകരമായ ഒരു ഉരുൾ പൊട്ടൽ ഉണ്ടായത്…
ചുറ്റിനും ഒരു കോട്ട പോലെ മലകൾ അതിരിടുന്ന കണ്ണു കുളിർക്കുന്ന ആ ഗ്രാമം ഒറ്റദിവസം കൊണ്ട് ഒരു മൺപാത്രം പോലെ ഉടഞ്ഞു പോയി…
അന്ന് കൂടെ പഠിച്ച ചില പ്രിയപ്പെട്ടവർ അതിൽ മണ്ണടിഞ്ഞു പോയി.
നീണ്ട രണ്ട് വർഷക്കാലം ഒരച്ഛൻ തൂമ്പകൊണ്ട് മണ്ണ് മാറ്റി തന്റെ മകനെ തിരഞ്ഞു.. കണ്ണൊന്നടക്കുമ്പോൾ തന്റെ മകൻ മണ്ണിന്റെ അടിയിൽ എവിടെയോ ശ്വാസം കിട്ടാതെ പിടയുന്ന നോവ് അറിയുന്ന അവന്റെ അപ്പൻ….
മഴ..
എങ്ങിനെ ആണ് ഞങ്ങളുടെ ജീവിതത്തിൽ പെയ്തത്..
മഴ തുടങ്ങിയാൽ അങ്ങിനെ പണി ഇല്ലാതാകും..
എങ്കിലും മഴയത്തും പണിക്ക് പോകുന്നവർ ഉണ്ട്..ഇഞ്ചി പണിക്ക് പോകുന്നവർ, കരിങ്കല്ല് ചുമക്കാൻ പോകുന്നവർ, തടി പണിക്ക് പോകുന്നവർ കാട്ടിൽ ഈറ്റ വെട്ടാൻ പോകുന്നവർ,വാനം വെട്ടാൻ പോകുന്നവൻ…
മഴ കൊള്ളാതിരിക്കാൻ പുട്ടി (പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു തരം കവർ )തലേക്കൂടെ ഇടും.. പണി കഴിഞ്ഞ് വൈകിട്ട് മുഖവും കൈവെള്ളയും വിരലുകളും തണുത്ത് മരവിച്ച് ചൂളുങ്ങി ചുരുണ്ടു വരുന്നവരെ കാണാം.. പല്ലുകൾ കൂട്ടി ഇടിക്കുന്നുണ്ടാകും അവരുടെ..
ആണുങ്ങൾ ചിലർ ബീഡി ആഞ്ഞു വലിച്ച് തണുപ്പിനെ ഊതി ഓടിക്കുന്നുണ്ടാകും.
വനത്തിൽ പോയി തിരികെ വരുന്നവരുടെ കാലുകളിൽ അട്ട പൊതിഞ്ഞിരിക്കുന്നുണ്ടാകും. കുടിച്ചു വീർത്ത അട്ടകളെ വാക്കത്തി കൊണ്ട് വടിച്ച് മാറ്റി ചോരയിൽ തെന്നുന്ന ബാർ ചെരുപ്പിനെ ഒഴുക്ക് വെള്ളത്തിൽ കഴുകി എടുക്കും.
തോട്ടുവെള്ളത്തിൽ അലക്കിയെടുക്കുന്ന തുണികൾ വിരിക്കാൻ സ്ഥലമില്ലാതെ ഈറനായി തന്നെ ഇരിക്കും.
ഉണങ്ങാത്ത ഉടുപ്പും നിക്കറുമിട്ട് സ്കൂളിൽ പോകുന്ന ഈർഷ്യ….ഓഹ്.. 😬
ചക്ക കുരുവും മാങ്ങയും ചാറു കറി വെക്കുന്ന അടുക്കളകളുടെ സമത്വം. ചൊറിയൻ ചേമ്പിന്റെ ഇലപോലും കറിക്ക് പാകമാകുന്ന ഏക ആശ്വാസം.. 😂
സിറ്റിയിലെ (രണ്ട് പെട്ടിക്കടയും ഒരു ചായക്കടയും രണ്ട് പലചിരക്ക് കടയും ഒരു ബാർബർ ഷോപ്പും ഉള്ള ഞങ്ങടെ സിറ്റി ) അണ്ണന്റെ ചായക്കടയിൽ ചായക്കൊക്കെ വലിയ ഡിമാൻഡ് ആകും.. നീണ്ടകാലം മേശയിലേക്ക് കാശുവരാതെ ചായ കൊടുക്കാൻ അണ്ണൻ ബാധ്യസ്ഥൻ ആണ്..
കർക്കിടക മാസത്തിൽ മുടിവെട്ടിയാൽ ദോഷം വരും എന്നതുകൊണ്ട് ബാർബർഷോപ് പൂട്ടി കിടക്കും..
ഇതുപോലല്ലെങ്കിൽ മറ്റൊരു തരത്തിൽ സമാനമായിരിക്കും പാടത്തും പറമ്പിലും പണി എടുക്കുന്നവരുടെയും കടലിൽ മീൻ പിടിക്കാൻ പോകുന്നവരുടെയും എല്ലാം മഴ ജീവിതം.
കേരളത്തിന്റെ കടലോരത്ത് താമസിക്കുന്നവരും കുട്ടനാട് പോലുള്ള താഴ്ന്ന നിലങ്ങളിൽ ജീവിക്കുന്നവരും മാലയോരങ്ങളിൽ ജീവിക്കുന്നവരും മഴയെ ഇഷ്ടപെടുന്നവർ ആണോ…
ഇതെഴുതിവിശ്രമിക്കുമ്പോൾ ഒരു കൂട്ടുകാരൻ വിളിച്ചു..
രണ്ടോസം ഒന്ന് കറങ്ങാൻ പോയാലോ…
ഇടുക്കി ഇപ്പൊ സൂപ്പറാ…..
