കുഞ്ഞാമൻ
എന്നിലൊരു കുഞ്ഞാമനുണ്ട്
കുറിയവനായ
കുഞ്ഞാമൻ…
പതിയെ നടന്ന്
കുറച്ച് പറഞ്ഞ്
പുലിയെ പോലെ നിൽക്കും കുഞ്ഞാമൻ…
കുഞ്ഞാമനിൽ
ഞാനുണ്ട്,
എച്ചിൽ തിന്ന്
എതിരു പറഞ്ഞ്
എളിയിലൊരു തഴമ്പും പേറി
ഏറെ കദനം കരളിൽ മൂടി
മഴയും വെയിലും നനഞ്ഞ്
തോറ്റതിലൊന്നും തോറ്റുകൊടുക്കാതലറും കുഞ്ഞാമൻ..
ഞാനും നീയും കുഞ്ഞാമൻ
നമുക്ക് വേണ്ടാ
ദാസ്യപ്പണിക്കാർ ചാരും ചാരു കസേര
വേണ്ടാ, സ്വർണം കൊണ്ട് വരച്ചൊരു ഫലകം,
നേരും നെറിയും വിട്ടൊരു പതക്കം.
വേണ്ടത് വേണ്ട സമയത്ത് വിതക്കണമത് കഴിഞ്ഞാൽ പതിരാകും!
എന്നെ വിധിക്കാൻ നീയാരെന്ന് ചോദിക്കുന്നു കുഞ്ഞാമൻ
പല വേളകളിൽ പല വേഷങ്ങളിൽ വധിച്ചു നീയെന്നെ, ചൊല്ലി കുഞ്ഞാമൻ,
നീട്ടുകയാണെച്ചിൽ വീണ്ടും
വയ്യതു തിന്നാൻ
നിരസിക്കുന്നു സ്നേഹത്തോടെ
സ്നേഹമതിനർത്ഥം നിനക്ക് പരിചിതമല്ലെന്നറിയാമെങ്കിലും.
ഒന്നിലൊതുങ്ങുന്നില്ല കുഞ്ഞാമൻ
ഒന്നിലുമൊതുങ്ങുന്നില്ല കുഞ്ഞാമൻ
പലരായ് പലതായത് പൊട്ടി മുളക്കുന്നു, മരമായത് തളിർക്കുന്നു
വസന്തം പൂക്കൾ വിതക്കുന്നു .
എന്റെ ബീജത്തെ ഗർഭം ധരിച്ചവളെ
നീയും നിന്റെ പുത്രന് കുഞ്ഞാമനെന്നു പേരിടുക
അവൻ നക്ഷത്രങ്ങളെ സ്വന്തമാക്കട്ടെ.
