കവിത
സമാലോചകൻ
രവീന്ദ്രനാഥ ടാഗോർ
എത്ര പുസ്തകമാണച്ഛ –
നെഴുതീടുന്നതെങ്ങനെ !

അമ്മേ മനസ്സിലാവുന്നീ-
ലെനിക്കതിലൊരക്ഷരം ,
അന്നു സന്ധ്യയ്ക്കു വായിച്ചു –
കേൾപ്പിച്ചാനച്ഛനമ്മയെ
മനസ്സിലായോ, പറയു
സത്യം, അമ്മയ്ക്കു വല്ലതും ?
എഴുതിക്കൂട്ടിയാലേവ –
മെന്താണമ്മേ, പ്രയോജനം?
എന്തിമ്പമാണെനിക്കമ്മ
പറയും കഥ കേൾക്കുവാൻ
ആവാത്തതെന്തുകൊണ്ടച്ഛ –
ന്നതുപോലെഴുതിടുവാൻ ?
മുത്തശ്ശിതൻ മുഖത്തുന്നു
മുൻപിലച്ഛനൊരിക്കലും
കേട്ടിരിക്കയില്ലയോ യക്ഷി –
കഥ ?യെല്ലാം മറന്നുവോ?
കൂടെക്കൂടെ വിളിക്കും പോയ്,
കളിക്കാൻ താമസിക്കവേ .
പാത്രം നിരത്തിക്കറിയും
ചോറുമായമ്മ കാത്തിടും !
എന്നാലിതൊന്നും തന്നുള്ളി –
ലേറാതച്ഛനിരുന്നിടും.
എഴുത്തെഴുത്തിന്റെ
കളിയാണച്ഛനെപ്പൊഴും
കളിച്ചോടിത്തിമർക്കും ഞാൻ
കടന്നാലാമുറിക്കകം .
വികൃതിക്കുട്ടിയെന്നെന്നെ
വിളിച്ചമ്മ കലമ്പിടും.
ശബ്ദമുണ്ടാക്കിയാലമ്മ
ശാസിച്ചിടുകയായുടൻ:
“അകത്തിരുന്നെഴുതുക –
യാണച്ഛൻ :കണ്ടു കൂടയോ?”
സത്യം , സത്യം പറയുക
സാധ്യമെന്തെഴുത്തിനാൽ ?

കടപ്പാട്
വിവ : ജി.
പുസ്തകം: .നൂറ്റൊന്നു കിരണങ്ങൾ