
ഒഡിയ ഗോത്രകവിത
by
ഹേമന്ദ് ദൾപതി

ശ്രദ്ധേയനായ ഒഡിയ ഗോത്രകവി,സോഷ്യൽ ആക്റ്റിവിസ്റ്റ്, ഡയറ്റ്അധ്യാപകൻ. ബൊളാംഗീർ ജില്ലയിൽ ഗോണ്ട് എന്ന ആദിവാസി സമുദായത്തിൽ ജനിച്ചു.ആദിവാസി-ജനകീയ പ്രക്ഷോഭങ്ങളിലെ ഉജ്ജ്വല സാന്നിധ്യം. ആദിവാസി പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഭരണകൂട സമീപനങ്ങളിൽ പ്രതിഷേധിച്ച് കവിതകളെഴുതിയതിന്റെ പേരിൽ സർവ്വീസിൽ നിന്ന് സസ്പെന്റു ചെയ്യപ്പെട്ടു. ആദ്യ കവിതാ സമാഹാരം :
‘തീരാരേ ലേഖിലു നാം തുമരാ’
(Writing Your Name on Our Arrows)
———————————————————–
നിലാവ്
– ഹേമന്ദ് ദൾപതി
വിവർത്തനം: ടി പി സജീവൻ
———————————————————-

നിലാവെളിച്ചമുള്ള രാവിൽ
ഞങ്ങൾ
സ്വന്തം പാട്ടുകൾ കെട്ടുന്നു
‘ഹുമൊബൗളി 1പാടുന്നു
‘ചൊർ’ 2 കളിക്കുന്നു.
നിലാവെളിച്ചമേറിയ രാവിൽ ഞങ്ങൾ
വേട്ടയ്ക്ക് ഉൾക്കാട്ടിലേക്കു പോകുന്നു
ഞങ്ങൾ, ആണും പെണ്ണം, ‘ജുലി’ 3 നുപോകുന്നു
‘ശർഹുൽ’ 4കൊണ്ടാടുന്നു
‘ ഡെംശ’ 5 നൃത്തമാടുന്നു.
അവസാനം,
എങ്ങനെയാണ് നിങ്ങൾ
അതേ നിലാവിനെ
ഞങ്ങൾക്കുമേൽ
ഉഗ്രായുധമാക്കി മാറ്റിയത്?
എത്ര കെട്ട് സാഹിത്യമാണ്
നിങ്ങൾ നിലാവുകടഞ്ഞുണ്ടാക്കിയത്.
നിങ്ങൾ
ലോകത്തെമ്പാടുനിന്നും കൊണ്ടുവന്ന
വശീകരണത്തിന്റെ മാന്ത്രിക ധൂളി
നിലാവിന്റെ കവിളിൽ പുരട്ടി
നിങ്ങളുടെ പ്രിയതമയുടെ മുഖത്തെ നിലാവിനോടുപമിച്ചു
കുത്തിനെ തീറ്റാനായി
അവന്റെ കുഞ്ഞിക്കൈകളിലേകി അമ്പിളിക്കല.
ഞങ്ങൾക്കറിയാം
ഇതെല്ലാം
ഞങ്ങൾക്കുമേൽ രാവിന്റെ,
അന്ധകാരത്തിന്റെ ഭരണമുറപ്പിക്കാനുള്ള
നിങ്ങളുടെ സുചിന്തിതമായ ഗൂഢാലോചനയെന്ന്.
നിലാവിന്റെ സർവ്വ നിഗൂഢതകളും
അതിന്റെ ചേതോഹരമായ മായികക്കാഴ്ച്ചകളും ….
അതിനാൽ ഇന്ന് ലോകമാകെ
വെള്ളിനിലാപ്രവാഹത്താൽ മൂടിപ്പോകുന്നു.
കാൺക,
ഈ നിലാവെട്ടം –
അതെന്നെയെടുത്ത്
ആകാശത്തിന്റെ ഉച്ചിയിലേക്ക്
അത്യുന്നതിയിലേക്ക്
ഉയർത്തുന്നതെങ്ങനയെന്നു കാൺക .
ഈ ഉത്തുംഗതയിൽ നിന്നു നോക്കുമ്പോൾ
ഓ, എത്ര ചേതോഹരം, എത്ര ഗംഭീരമീദൃശ്യം !
പരിത്യക്തജനതയുടെ കോളനിയിലെ
തകരമേൽക്കൂരകളുടെ പരിരമ്യദൃശ്യം.
ടാറിട്ട റോഡ്.
‘വേദാന്ത’ 6 യുടെ ട്രക്ക് കയറിയിറങ്ങിയ
സുക്രു ജാനിയുടെ ചുടുചോരക്കറകൾ.
വെളുത്ത മഞ്ഞുകണങ്ങൾ.
ചെങ്കൽച്ചൂളമുതലാളി കാമ്പൂറ്റി ചവച്ചുതുപ്പിയ
കമലാ മാജിയുടെ മുഖം.
നൂറ്റിപ്പതിനെട്ടു ഗ്രാമങ്ങളെ വിഴുങ്ങിയ
നദിയിലെ അണക്കെട്ടിന്റെ ഉഗ്രൻകാഴ്ച്ച.
അതിന്റെ ജലം
വെളുത്ത കിടക്കവിരി പോലെ
അലകളായൊഴുകുന്നു –
നോവിന്റെയോ ഖേദത്തിന്റെയോ
അടയാളമൊട്ടുമേയില്ലാതെ .
നഗരങ്ങൾ ഗ്രാമങ്ങൾ നദികൾ കാടുകൾ മലകൾ
പാലിലും വെണ്ണയിലും കുതിർന്ന പോലെ.
നിങ്ങളാണ് ഞങ്ങളെ പഠിപ്പിച്ചത്
‘നിങ്ങൾക്ക് അതിവിശിഷ്ടമായ സുന്ദരലോകത്തെ കാണണമെങ്കിൽ
നിലം വിട്ട് , മണ്ണു വിട്ട് സ്വയമുയരുക.’
ഈ നിലാവെട്ടമെന്നെയുമാവേശിച്ചു.
എന്റെ ഇച്ഛയിലെ സൂര്യനെ കെടുത്താൻ
പോലും ഞാനിപ്പോൾ ധൈര്യപ്പെട്ടു.
എല്ലായിടത്തും നിലാവു വിതച്ച്
സകല ദിശങ്ങളിലും ഞാൻ ചരിക്കുന്നു.
വായുവിൽ പൊങ്ങിയൊഴുകുന്ന വെളിച്ചമാണു ഞാനെന്നു തോന്നുന്നു.
പിന്നെ,
പൊടുന്നന്നെ സൂര്യനുദിച്ചുയരുന്നു
മണ്ണിലേക്കുള്ള എന്റെ വീഴ്ച്ച ഞാൻ സ്വയമറിയുന്നു.
അച്ഛന് ഇൻസുലിൻ വാങ്ങാനുള്ള പണം
പൂച്ചെണ്ടു വാങ്ങാൻ ചെലവായിപ്പോയി.
എന്റെ സാമൂഹ്യശാസ്ത്ര പുസ്തകങ്ങളെല്ലാം ചിതൽ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഓമലാളെന്നു കരുതി ഞാൻ നട്ട ചുംബനം
ഒടുക്കം ക്ഷേത്രത്തിലെ നൃത്തക്കാരിയുടെ കൽപ്രതിമയായ് പരിണമിച്ചിരിക്കുന്നു.
പ്രളയജലത്തിൽ മുങ്ങിയ കുഞ്ഞു തളിർപ്പുകൾക്കായാണ്
മഴയെക്കുറിച്ചുള്ള എന്റെ കവിതകൾ ചൊല്ലിയത്.
എങ്കിലും,അതിനിടയിൽ,
പോരൂ എന്നു പറഞ്ഞ പല ചങ്ങാതിമാരും
മുന്നേ കടന്നുപോയിരിക്കുന്നു.
ചിലർ നിലാവിനെ, രാവിനെ, അന്ധകാരത്തെ വകവരുത്താനായി എന്നേ പൊയ്ക്കഴിഞ്ഞു,
അതിനിടയിൽ ചിലർക്ക് പ്രാണൻ പോലും നഷ്ടമായി.
പക്ഷേ,
ഞാനിവിടെ തറഞ്ഞു നിൽക്കുന്നു, ഒരിഞ്ചു നീങ്ങാതെ – നിലാവെങ്ങാനും മറഞ്ഞു പോയാലോ.
നിലാവുദിച്ചുയരുന്നത്
ഇപ്പോഴെനിക്കു കാണാം.
വെളിച്ചത്തിന്റെ ഒരു പ്രവാഹം പോലെ
അതു പിന്നെയുമെന്നെ എടുത്തുയർത്താനുദ്യമിക്കുന്നു.
ഓ, എന്റെ സഖാക്കളേ
എനിക്കു കരുത്തും കരളുറപ്പും തരൂ ….
തരൂ
ഒരു കത്തി, ഒരു മൺവെട്ടിയോ കോടാലിയോ,
അല്ലെങ്കിലൊരു പേന —
ഈ നിലാവിനെ ചെറു കഷ്ണങ്ങളായ് നുറുക്കട്ടെ ഞാൻ.
……………………………………………………
1ഹുമൊബൗളി – പൗർണ്ണമി രാവിൽ പാടുന്ന നാടൻ പാട്ട്
2 ചൊർ – ഒരു കുട്ടിക്കളി
3 ജുൽ – പ്രണയസമാഗമം
4 ശർഹുൽ – ആദിവാസികളുടെ ഒരു ഉത്സവാഘോഷം
5 ഡെംശ- ഒരു ആദിവാസി നൃത്തം
6 വേദാന്ത – നിയാംഗിരിയിൽ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് ബോക്സൈറ്റ് ഖനനം നടത്തിയത്തിനെത്തുടർന്ന് ആദിവാസി പ്രക്ഷോഭം നേരിടേണ്ടി വന്ന കമ്പനി

……………………………………
tpsajeevanram@gmail.com