മകളമ്മ
നേരമേറെ വൈകി
ചുറ്റും വിളക്കുകളണഞ്ഞു ,
എടാ പപ്പാ ,
എടാ പപ്പാ ,…
മകളമ്മയുടെ ഒന്നാമത്തെ
മുന്നറിയിപ്പ് ,
അപ്പോഴും പപ്പ പുസ്തകങ്ങളുടെ
ഉൾപേജിൽ നിന്നും തല
പുറത്തേക്കെടുത്തതേയില്ല.
അല്പം സമയം കഴിഞ്ഞപ്പോൾ
വീണ്ടുമവൾ ദേഷ്യത്തോടെ
രംഗപ്രവേശം ചെയ്തു ,
” ടാ നീയെന്താ വായ തുറക്കൂലേ ,
നിന്റെയൊരു വായന”..
പപ്പയപ്പോഴേക്കും
പച്ച പോലെത്തെ മഞ്ഞയിലൂടെ
ചെമ്പക മരം പൂക്കുന്ന
കുന്നിൻ മുകളിലെത്തി
കഴിഞ്ഞിരുന്നു
അവൾ ദേഷ്യപ്പെട്ട് ചുണ്ടുകൾ
കൂർപ്പിച്ച് കോക്രായം
കാണിച്ച് തിരിച്ചുപോയി…
കുഴൂർ വിത്സന്റെ വസന്തങ്ങൾ
മൊട്ടിട്ട മഞ്ഞ് പെയ്ത
താഴ്വരയിലൂടെ വായനയുടെ
അഗാധതയിൽ
പപ്പ മുങ്ങി താഴവേ
പെട്ടന്ന്
” നിന്നോട് പറഞ്ഞാലൊന്നും കാര്യമില്ല ,
പറഞ്ഞാ കേക്കാത്ത കള്ള പപ്പയാണ് നീ”
ഞൊടിയിടയിൽ തന്നെ സോഡാ കണ്ണട
താഴെ വീണു,
മടിയിൽ കയറിയിരുന്ന് കഴുത്തിൽ
മുറുക്കി പുസ്തകം ഞെരിഞ്ഞമർന്നു.
കുറച്ചു നിമിഷങ്ങൾക്കകം
ചൂളം വിളിച്ച് രണ്ടു തീവണ്ടികൾ
അങ്ങോട്ടും ഇങ്ങോട്ടും
പോയി തുടങ്ങി.
അമ്മ നഗരം
…………………
ചിലയിനം
കിളികളെ
ഇപ്പോൾ
കാണുമ്പോൾ
പുകയുന്ന
അടുപ്പിനും ,
വെന്തകഞ്ഞി
തിളച്ചു
കവിഞ്ഞൊഴുകുന്ന
അടുക്കള
നഗരത്തിലെ
ട്രാഫിക്കിനുമിടയിൽ
വീർപ്പുമുട്ടുന്ന
അമ്മയേയാണ്
ഓർമയിൽ
വരുന്നത് ,
വിശക്കുമ്പോഴും
ചില
കളിപ്പാട്ടങ്ങൾ
കാണാതെയാമ്പോഴും
ആ
തിരക്കിനിടയിലേക്ക്
പരിഭവവുമായി
ഓടിയെത്തുമ്പോഴാണ്
വിയർപ്പു
മണമുള്ള
സാരിതുമ്പുകൊണ്ട്
മുഖം
തുടച്ചു
തന്ന് ,
ചേർത്തു
പിടിച്ച്
കുഞ്ഞിക്കിളി
കരയല്ലേയെന്ന്
അമ്മയെപ്പോഴും
പറയാറുള്ളത് ,
അമ്മയുടെ
സാരിതലപ്പിനുള്ളിൽ
കുഞ്ഞിക്കുട്ടിയുടെ
കുഞ്ഞിക്കിളിയിലേക്കുള്ള
പരിണാമത്തിന്
ഇടിമിന്നലിന്റെ
വേഗമായിരുന്നു
തിളച്ച
കഞ്ഞിപ്പാത്രത്തിൽ
നിന്നും
ചോറൂറ്റിയെടുത്ത്
ചുട്ട
പപ്പടവും
ചേർത്ത്
എന്റെ
ഇളം
വായിലേക്ക്
നീട്ടുമ്പോൾ
അമ്മയുടെ
വിരലുകൾ
തള്ള
കിളിയുടെ
കൊക്കുകളായ്
തോന്നിയിട്ടുണ്ട് ,
വിശപ്പു
മാറ്റി
അമ്മ
തേടിയെടുത്തു
തന്ന
കളിപ്പാട്ടവുമായി
മുറ്റത്തേക്കോടിയിറങ്ങി
പുല്ലിൽ
ചില
കിളികളെപ്പോലെ
ചാടി ചാടി
നടക്കുകയും ,
കൈകൾ
ഇരു വശത്തേക്കും
ഉയർത്തി
പറക്കാൻ
ശ്രമിക്കുകയും
ചെയ്യാറുണ്ടായിരുന്നു
അന്തിക്ക്
തൊടിയിലെ
അത്തിമരത്തിൽ
കൂടു
കൂട്ടിയ
കിളികളുടെ
കൂജനങ്ങൾ
കേൾക്കുമ്പോൾ
പഴയ
അടുക്കള
രാജ്യത്തിലെ
അമ്മ
നഗരത്തിൽ
നിന്നും
കുഞ്ഞിക്കിളിയെ
താരാട്ടിനായ്
വിളിക്കുന്ന
അമ്മയെയാണ്
ഓർമ
വരുന്നത്.
അനീഷ് ഹാറൂൺ റഷീദ്