ഞരമ്പുകൾ മാത്രം ശേഷിച്ച ഇല ,
മരത്തിൻ്റെ ഭൂപടമാവുന്നു
വേരുകൾ നീണ്ടിടം ,
ഉറവകൾ കണ്ടിടം ,
എന്നിവ
അതിലിങ്ങനെ കുറിക്കപ്പെട്ടിരിക്കുന്നു
ഞരമ്പുകൾ മാത്രം
ശേഷിച്ച ഇല
മരത്തിൻ്റെ വ്യക്തിവിവരണമാവുന്നു
ജാതി
മതം
വർഗം
വർണം
അധ:കൃതനോ ജന്മിയോ
സംവരണമുള്ളവനോ
അലവലാതിയോ
ഇവയെല്ലാം
അതിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
ഞരമ്പുകൾ മാത്രം
ശേഷിച്ച ഇല
ചരിത്രമാവുന്നു
പച്ചപ്പിൻ്റെ
ജീവൻ നിലനിന്നിരുന്നതിൻ്റെ
ആണ്ടറുതികളുടെ
ചരിത്രമതിൽ ഉറങ്ങുന്നു
ഞരമ്പുകൾ മാത്രം
ശേഷിച്ച ഇല
വേദനയാവുന്നു
കൊഴിയലിൻ്റെ
പിരിയലിൻ്റെ
സന്തോഷങ്ങൾ അവസാനിച്ച
ഒറ്റനിമിഷത്തിൻ്റെ
വേദനയതിൽ കടിച്ചു തൂങ്ങുന്നു
ഞരമ്പുകൾ
മാത്രം ശേഷിച്ച ഇല
ഭൂമിയിലേക്കുള്ള വഴികാട്ടിയാകുന്നു
തളിരിലഞരമ്പുകളിൽ മാത്രം
അടർത്തിമാറ്റലിൻ്റെ
പിഴുതെറിയലിൻ്റെ
പിഞ്ചു പൂവുകൾ ചേർന്നു കിടന്നുറങ്ങുന്നു
ഇലഞരമ്പുകൾ
വനിമയുടെ ഉറവക്കണ്ണാകുന്നു.
ഞാനുമെൻ്റെ കവിതകളും
ഇലഞരമ്പിലേക്ക്
പുനർജനിക്കുന്നു
✍️ വൈഗ
വൈഗ ക്രിസ്റ്റി ,
ഇടുക്കി സ്വദേശി,
അധ്യാപിക.