മലയാളത്തിലെ ഒരു കവി കൂടി യാത്രയായി. ഒച്ചയോ ബഹളമോ ഇല്ലാത്ത ഒരു കാവ്യ യാത്രയുടെ അന്ത്യം. സ്വാതന്ത്ര്യത്തിന് ഗീതം കൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്.പിന്നീടാണ് ഇന്ത്യ എന്ന വികാരത്തിലേക്കും ഉജ്ജയിനിയിലെ രാപ്പകലുകളിലേക്കും അദ്ദേഹം സഞ്ചരിച്ചത്. ജീവിതത്തെ ശുദ്ധ സ്വരൂപമായി കണ്ട കവി. സംസ്കൃത ഭാഷയുടെ ലാവണ്യ സ്വാധീനത്തിന് വിധേയനായ കവി, പക്ഷേ പലപ്പോഴും ഇംഗ്ലീഷിൻറ വരവിനെ നിഷേധിക്കുന്നതായും കാണുന്നു.(32 കൊല്ലം ഇംഗ്ലീഷ് അധ്യാപകനായിരുന്നു കവി) ജീവിതത്തെ കലർപ്പ് ആയി കാണാൻ ഒരിക്കലും ഈ കവി തുനിഞ്ഞിട്ടില്ല. ശുദ്ധ സൗന്ദര്യത്തിൽ മാത്രമേ തുടക്കം മുതൽ അവസാനം വരെ വിശ്വാസം പ്രകടിപ്പിച്ചിട്ടുള്ളൂ. നിരന്തര യാത്രികനായ കവി,ഹിമാലയത്തിൽ നിരവധിതവണ സന്ദർശനം നടത്തിയ കവി ഇന്ത്യ എന്ന ബഹുസ്വരതയെ അംഗീകരിച്ചിട്ടുണ്ടോ എന്ന ചോദ്യം വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിയോടുള്ള പൊളിറ്റിക്കൽ ചോദ്യമാണ്. ഈ ചോദ്യം അദ്ദേഹത്തിൻറെ കവിത്വത്തോടുള്ള ചോദ്യമല്ല. 2012 ൽമാതൃഭൂമി പ്രസിദ്ധീകരിച്ച വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സമ്പൂർണ്ണകൃതികൾ വായിച്ചാലും പിടി തരാതെ ഈ സഞ്ചാരികവി വലുതായി നിൽക്കും. ശ്രീവല്ലഭ ക്ഷേത്രത്തിൽ മൂന്നു വർഷക്കാലം മേൽശാന്തി ആയിരുന്നു. സക്കറിയ ഇദ്ദേഹത്തിൻറെ മേൽശാന്തി ജീവിതത്തെ വലിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. വിശ്വമാനവികതയുടെ കലാകാരൻ മതത്തിൻറെ ശ്രീകോവിലിൽ പൂജിക്കാൻ ഇരിക്കുന്നത് എന്തിന് എന്നതായിരുന്നു സക്കറിയയുടെ ആരോപണം..എന്തായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മറുപടിയെന്നോ? തികഞ്ഞ മൗനം. ശാന്തമായ മൗനം. ഒരുപക്ഷേ പക്വമായ മൗനം. 2005 ൽ കാളിദാസൻറെ ഋതുസംഹാരം വിവർത്തനം ചെയ്യാനും 2007 ൽ,ഭാസനാടകം വിവർത്തനം ചെയ്യാനും വിഷ്ണുനാരായണൻ നമ്പൂതിരിയെ പ്രേരിപ്പിച്ചത് കേവലം സംസ്കൃത വിധേയത്വം ആവില്ല. സംസ്കൃതത്തോട് അദ്ദേഹം പുലർത്തിയ സിരാബന്ധമാണത്. അത് നിർവചിക്കാനോ ഇഴകീറി എടുക്കാനോ സാധ്യമല്ല. എത്ര കല്ലേറുകൾ ഏറ്റിട്ടും ചോര പൊടിഞിട്ടും ശാന്തമായി ഇരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
നമ്പൂരി മഹത്വം വർണ്ണിക്കുന്ന വെറും കവി എന്ന് എന്ന് ഈ കവിയെ ആളുകൾ പരിഹസിച്ചിട്ടുണ്ട്. നമ്പൂരി മഹത്വം വർണിക്കുന്ന ഒരു കവിത തലക്കെട്ട് നോക്കി ഈ ലേഖകൻ കണ്ടെടുത്തു. പക്ഷേ അത് നമ്പൂരിക്കവിത ആയിരുന്നില്ല. മലയാളത്തിലെ ആദ്യകാല മാസികകളിൽ ഒന്നായ ഉണ്ണിനമ്പൂതിരി യെ കുറിച്ചുള്ളതായിരുന്നു. !!ഇങ്ങനെയാണ് പല ആരോപണങ്ങളുടെയും പൊതു വഴക്കം.
നാറാണത്തു ഭ്രാന്തനെക്കുറിച്ച് അദ്ദേഹം എഴുതി. മലയുടെ മുകളിലേക്ക് കല്ല് ഉരുട്ടി ക്കയറ്റി അടുത്ത നിമിഷം അത് താഴേക്കു തള്ളി വിടുമ്പോൾ ഭ്രാന്തൻ അനുഭവിക്കുന്ന ഊറ്റംമുണ്ടല്ലോ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഊറ്റം…
ആദ്യ വിത്ത് വിതയ്ക്കുന്നത് മുൻപ് തന്നെ കിഴവൻ ആയി കഴിഞ്ഞിരുന്ന ഒരാളാണ് ഞാൻ എന്നു ത്രിശങ്കു ഒരു വിജയഗീതം എന്ന കവിതയിൽ പറയുന്നുണ്ട്. അറിവിൻറെ കിഴവത്തം എന്നേ ഈ കവിയെ അനുഗ്രഹിച്ചിരുന്നു. പിന്നീട് അനുഭവിച്ച ലോകങ്ങൾ എല്ലാം എല്ലാം ജഡ ലോകങ്ങൾ ആയിരുന്നു എന്നും. ഉഡുക്കൾ തന്നിലേ പ്രകാശമാണ് ഞാൻ/ ഉഷസ്സിൻ ആനന്ദം ഹരി കൾ തൻബലം….. മരിക്കയില്ല ഞാൻ മരിക്കയില്ല ഞാൻ…
സംസ്കൃതത്തെ സ്നേഹിച്ച കവിക്ക് സംസ്കൃതത്തെ പുൽകി മരിക്കാനും വിഗ്രഹത്തെ സ്നേഹിച്ച കവിക്ക് വിഗ്രഹത്തെ പുൽകി മരിക്കാനും കൊടിയെ സ്നേഹിച്ച കവിക്ക് കൊടിയെ ഏന്തി മരിക്കാനും സ്വാതന്ത്ര്യം ഉണ്ടാവണം.
ആത്മശാന്തിക്കായി പ്രാർത്ഥനകൾ….
സി ഗണേഷ്.
മലയാള സർവകലാശാല