സങ്കുചിത മതബോധമായും ഹിംസാത്മകമായ ‘വൈദികപാഠ’മായും വിഭജനത്തിന്റെ പ്രത്യയശാസ്ത്രമുള്‍ക്കൊള്ളുന്ന വികല ചരിത്രബോധമായും ‘ഭാരതീയത’നമ്മെ ഗ്രസിക്കുന്ന കാലത്ത് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകൾ പുനർ വായിക്കേണ്ടതുണ്ട്. ‘അവനവനിലില്ലാത്ത ദൈവമില്ല’ എന്ന അദ്വൈതസാരവും കാളിദാസകാവ്യവാങ്മയ ത്തിന്റെ മാനവിക സൗന്ദര്യബോധവും ലോക ക്ലാസിക് രചനാനുഭൂതിയുടെ വിശ്വദർശനവും സ്വാംശീകരിച്ച കവിയുടെ എഴുത്തുകൾ മലയാളകവിതയിൽ വേറിട്ട സൂക്ഷ്മ ബോധ്യങ്ങളായി. ആസ്തിക്യവും ജീവകാരുണ്യവും പാരിസ്ഥിതികാവബോധവും കവിതയിൽ ആത്മവിശുദ്ധിയുടെ തെളിച്ചമായി.ആസ്തിക്യം വർഗീയതയായും സ്നേഹം മതാത്മക മായും ‘ഭാരതീയചിന്ത’പുനരുത്ഥാന മൗലികവാദവുമായി വഴിതെറ്റുന്നിടത്ത് വിഷ്ണുനാരായണൻനമ്പൂതിരിയുടെ കവിതകൾ മുന്നോട്ടുവെച്ച വിനിമയങ്ങൾ മാനവ സംസ്കാരത്തിന്റെ സൗന്ദര്യബോധമായി നൈതികനിലപാടായി ഓരോ ഹൃദയങ്ങളിലും ഉള്‍ച്ചേരേണ്ടതുണ്ട്.
കവി വിടപറഞ്ഞ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ സമ്പൂർണ്ണകൃതികളുടെ സമാഹാരമായ ‘വൈഷ്ണവം’ ഒരിക്കൽ കൂടി വായിക്കാൻ എടുക്കുന്നു. കവിത തനിക്ക് എന്തായിരുന്നു എന്ന് ഈ ഗ്രന്ഥത്തിന്റെ പ്രസ്താവനയില്‍ കവി സൂചിപ്പിക്കുന്നു- ”കാരയ്ക്കൽ റോഡിന്റെ വക്കത്ത് മുളച്ച ഈ ഞാൻ കേരളത്തിൻറെ ഒട്ടു മിക്ക ഭാഗത്തും വേരോടി വളർന്നതും പണിയെടുത്തതും കുടുംബം പോറ്റിയതും കവിത തന്ന പ്രാണബലം കൊണ്ടാണ്. ഉജ്ജയിനിയിലും ഉത്തരാഖണ്ഡത്തിലും മറ്റും അലഞ്ഞ് എന്റെ രാഷ്ട്രത്തിന്റെ മഹാ സംസ്കൃതിയെ ശ്വസിച്ചുൾക്കൊള്ളാനും കവിത എനിക്ക് പ്രാപ്തി തന്നു.ഒരുകാലത്ത് സഹോദരങ്ങളായ സൗമ്യ സംസ്കാരങ്ങൾ നിലനിന്നിരുന്ന ഗ്രീസിലും അയർലണ്ടിലും മറ്റും പരിക്രമം ചെയ്യാനും എനിക്ക് കവിതതന്നെ ചുവടുറപ്പ് പകർന്നു തന്നു. കാളിദാസനിൽനിന്ന് വൈലോപ്പിള്ളിയിലേക്കും ഇടശ്ശേരിയിലേക്കും എൻ. വിയിലേയ്ക്കും കക്കാടി ലേക്കും വികസിച്ച കാവ്യസൗഹൃദത്തിന്റെ സാംസ്കാരിക നിറവ് പലമട്ടിൽ തന്റെ രചനാ ജീവിതത്തെ നവീകരിച്ചു എന്ന വിനയദർശനം കവിത സ്വകീയമായ പ്രതിഭമാത്രമല്ലെന്ന ടി.എസ്.എലിയട്ടിന്റെ ‘പാരമ്പര്യവും വ്യക്തി പ്രതിഭയും’ വായിച്ച് വ്യാഖ്യാനിച്ച കവിയ്ക്കറിയാം എന്ന് തോന്നുന്നു. ലോകത്തെ പൗരാണികവാങ്മയങ്ങളും സാഹിത്യചിന്തകളും അരങ്ങുണര്‍വ്വുകളും ശാസ്ത്രനൈതികതയും മലയാളവാമൊഴിത്തിളക്കവും ചരിത്രാത്മക വിശകലനങ്ങളും പലപ്രകാരങ്ങളിലും ലയിച്ച് കവിത പ്രപഞ്ചസാരമാണെന്ന ദാർശനിക ഔന്നത്യത്തിലേക്കും വികസിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ് എന്ന് ഈ സമാഹാരം ബോധ്യപ്പെടുത്തും.
”പൊന്നുകൊണ്ടു/ പോള ചാർത്തി /വെള്ളി കൊണ്ടു മണികെട്ടി/ പരുന്തുപോല്‍ ചുണ്ടൻവള്ളം പറന്നുപോയി../പമ്പയാറ്റിൽ ഒഴുക്കേറി/പനയോളം വെള്ളം പൊങ്ങി/ അതിന്‍ മീതെ ഓടി വള്ളം/ തുഴഞ്ഞു കേറി.
(ചുണ്ടൻവള്ളം)
ബാലമനസ്സുമായി വാത്സല്യത്തോടെ കിന്നരിക്കാനും കവിത ശ്രദ്ധിക്കുന്നുണ്ട്.സ്കൂൾ ക്ലാസിൽ പഠിച്ച ഈ കവിത,സമാഹാരത്തിൽ കണ്ടപ്പോൾ ഓർമ്മകളുടെ വശ്യത ബോധ്യപ്പെട്ടു. ‘രസക്കുടുക്ക’എന്ന ബാല കവിതകളുടെ സമാഹാരവും ‘തുളസീദളങ്ങൾ എന്ന കൗമാരകവിതകളുടെ സമാഹാരവും ഈ പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉണ്ണി ക്കിനാവുകളെ തൊട്ട് മലയാളം വളരുന്നതിന്റെ നേരറിവ് കൂടിയാണ് ഈ കവിതകൾ. തന്നിലെ ദർശനഗരിമയ്ക്ക് അന്യമല്ല ബാലമനസ്സ് എന്നുകൂടി അറിയിക്കുന്നു.സംസ്കൃതം, ഇംഗ്ലീഷ്,മലയാളം ഭാഷാവബോധത്തില്‍ ആഴത്തിൽ വേരോടിയ കവിപ്രതിഭയുടെ ആവിഷ്കാരങ്ങൾ രചനകളെ വ്യത്യസ്തമായി നിർണയിക്കുക കൂടി ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യ എന്ന വികാരം, മുഖമെവിടെ?,ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ,പരിക്രമം, ശ്രീവല്ലി, ഉത്തരായണം,ചാരുലത തുടങ്ങിയ പ്രൗഢകാവ്യ കൃതികളും വിവർത്തന രചനകളും ഉൾപ്പെട്ട ‘വൈഷ്ണവം’കാവ്യജീവിതത്തിന്റെ അന്യാദൃശസമഗ്രത വ്യക്തമാക്കും. സീതാപരിത്യാഗത്തിന് നിയോഗിക്കപ്പെട്ട ലക്ഷ്മണന്റെ ധർമ്മാധർമ്മ ചിന്തകൾ ആവിഷ്കരിക്കുന്ന ‘ലക്ഷ്മണൻ’എന്ന കവിത വൈകാരികസന്ദിഗ്ദതയുടെ രസഭേദങ്ങൾ കൊണ്ട് സ്പർശിക്കുന്നു. ”ഉതിരും മിഴിനീർത്തുള്ളി കണക്കീ നിമിഷം; അതെന്നുടെ കണ്ണിൽ/പെരുകുകയല്ലി, ഒഴുക്കു തടഞ്ഞൊരു തടിനിയിൽ വെള്ളം പോലെ”
( ലക്ഷ്മണൻ)
മാനുഷികഭാവങ്ങളെ കവിതയിലേക്ക് പരാവർത്തനം ചെയ്യുന്ന ധ്വന്യാത്മകമായ വിന്യാസം അദ്ദേഹത്തിന്റെ കവിതകളുടെ പൊതു സവിശേഷതയാണ്.
”ചേലയാൽ നെറ്റി തുടച്ചിറങ്ങീടുന്നു/ മേധാപടേക്കർ,ഇരുട്ടിലെങ്ങോട്ടു നീ/പോകുന്നു ശുദ്ധി തൻ വെള്ളമന്ദാരമേ”
(മേധാപടേകർ സംസാരിക്കുന്നു ) മേധയുടെ പാരിസ്ഥിതികസമരോത്സുകതയെ നെെതികകമായി അഭിസംബോധന ചെയ്യുന്ന കവിയുടെ നിലപാട് ഭാരതീയമായ ആരണ്യക സംസ്കൃതിയിൽ നിന്നാണ് ഉറവപൊട്ടുന്നത്. കേരളസാഹിത്യഅക്കാദമിയുടെ ‘വനപർവ്വം’ എന്നപാരിസ്ഥിതിക കവിതാസമാഹാരത്തിന് സമ്പാദനം നിർവഹിക്കുകയും ചെയ്തിരുന്നു വിഷ്ണുനാരായണൻനമ്പൂതിരി.
ഇടശ്ശേരിയും കടവനാടനും വൈലോപ്പിള്ളിയും സുഗതകുമാരിയും എന്‍.കെ ദേശവും ഉൾപ്പെടെയുള്ള താൻ അറിയുന്ന കവി പ്രതിഭകളെ സ്പർശിച്ചുകൊണ്ട് കൂടി വികസിക്കുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകൾ.കാളിദാസനിലും മില്‍ട്ടണിലും ഷെല്ലിയിലും നവനവോന്മേഷശാലിയായസഹജ പ്രതിഭയുടെ മാറ്റു തന്നെയാണ് ഇൗ കവികളിലും ദർശിച്ചത്. വ്യക്തിനിരപേക്ഷമായി കവിതയുടെ സ്പന്ദനം ആരചിച്ചു അദ്ദേഹം. തൃശ്ശിവപേരൂരിലെ ഉത്സവ മാഹാത്മ്യങ്ങളിൽ മനസ്സുറക്കാതെ എക്കാലവും മലയാളി മനസ്സിൽ കുടിയേറിയ വൈലോപ്പിള്ളി എന്നകാവ്യോത്സവത്തെ മതിമറന്നു കാണുന്നുണ്ട് ‘ശ്രീ ദർശനം’ എന്നകവിതയിൽ.വെെലോപ്പിള്ളിയെക്കുറിച്ചുള്ളബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘അന്നം’ എന്ന കവിതയും സാന്ദർഭികമായി ഓർക്കും.ഭൂമിയിലെ പച്ചത്തുരുത്തിന് വേണ്ടി പൊരുതിയസുഗതകുമാരിയെ കുറിച്ചും എഴുതുന്നുണ്ട്.
” ഈ വരൾച്ചയിൽ, മരുഭൂക്കളിൽ ശാകംഭരി യായ് വരും, നിറയും നീയെന്നല്ലീ പുരാവാക്യം”
ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്നു കവിതയെന്ന കരളുറപ്പ് സൂക്ഷ്മബോധ്യമായി കവിയിൽനിറഞ്ഞു .
‘ബഷീർ എന്ന ബല്യ ഒന്ന്’എന്ന കവിതയിൽ സ്നേഹത്തിന്റെ ആത്മ സാക്ഷ്യങ്ങൾ ദാർശനികമായി അടയാളപ്പെടുന്നു. ”ഉണ്മയുണ്മയിൽ ചേർന്നാൽ ഇമ്മിണി വലുതായി-/ട്ടൊന്നുളവാകും താങ്കളോരുമീയദ്വെെതത്താൽ/പുഴയും പുഴയും ചേർ-/ന്നാനന്ദക്കടലാകും”
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ‘ബാല്യകാലസഖി’യും പ്രണയഗീതങ്ങളും ഭൂമിഗീതങ്ങളും സ്നേഹത്തിന്റെ വാഗ്ഗംഗയായി ഭാവുകന്റെ ഹൃദയത്തിൽ അടയാളപ്പെടുന്നതാണ്.കാളിദാസന്റെ കാവ്യ വഴികൾ പ്രകൃതിയായ് ഭാവാത്മകമാകുന്ന’ഉജ്ജയിനിയിലെ രാപ്പകലുകൾ’ പ്രേമത്തിന്റെ ജീവനധാര കൂടിയാണ്.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾകുറേക്കൂടി തെളിച്ചത്തോടെ അവതരിപ്പിക്കുന്ന എൻ.വി കൃഷ്ണവാരിയർ, ഡോ. എം ലീലാവതി, സുഗതകുമാരി,കെ .പി ശങ്കരൻ,ഡോ.എന്‍. മുകുന്ദൻ എന്നിവരുടെ പഠനങ്ങൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
”ഞെരിക്കൂ ചുവടാൽ,മാർഗ്ഗം മുടക്കും കണ്ടകങ്ങളെ;വിടർത്തൂ തുടു പൂക്കളെ”(ആശംസ) എന്ന കവിയുടെ ആഹ്വാനം, ‘കവിതയുടെ വിഷ്ണുലോകം’ ഭൂമിയിൽ ശാശ്വതമാക്കുക തന്നെ ചെയ്യും.
( ‘വൈഷ്ണവം’ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സമ്പൂർണ്ണകൃതികൾ മാതൃഭൂമി ബുക്സ്, 2012)