ഓർമ്മ
ഫെബ്രുവരി 5:
വി കൃഷ്ണൻ തമ്പി
(1890 – 1938)
ചരമദിനം

കവി, ആട്ടക്കഥാകാരൻ, കലാസംഘടകൻ, നാടകകൃത്ത്, വാഗ്മി എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു
വി കൃഷ്ണൻ തമ്പി. തിരുവനന്തപുരം സംസ്കൃത കോളേജിന്റെ പ്രിൻസിപ്പാളായിരുന്നു.
സംസ്കൃതത്തിലും മലയാളത്തിലുമായി ഇരുപതിലേറെ കൃതികൾ രചിച്ചു.
തിരുവിതാംകൂറിൽ കഥകളിയുടെ ഉന്നമനത്തിന് വേണ്ടി തമ്പി നടത്തിയ ശ്രമങ്ങൾ നിസ്തുലം.
1930കളിൽ തിരുവനന്തപുരത്ത് തമ്പി സ്ഥാപിച്ച കഥകളി ക്ലബ് ആ പരമ്പരയിൽ കേരളത്തിൽ ആദ്യമായി ഉടലെടുത്ത ദൃശ്യകലാകേന്ദ്രമാണ്.
ഉത്രം തിരുന്നാളിന്റെ കാലശേഷം കഥകളിയോട് കാര്യമായ താൽപര്യം പ്രകടിപ്പിച്ച മഹാരാജാക്കന്മാർ ഉണ്ടായില്ല. പിൽക്കാലത്ത് രാജകുടുംബവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കഥകളി തൽപ്പരൻ വി കൃഷ്ണൻ തമ്പിയാണ്. തമ്പി രാജകുടുംബത്തിൽ ജനിച്ചയാളല്ല. ഇരിങ്ങാലക്കുട നടവരമ്പത്തുള്ള കൃഷ്ണൻ നായർ, തിരുവനന്തപുരത്തെ കൈപ്പള്ളി ഭവനത്തിൽ നിന്നു വിവാഹം കഴിച്ചു. അതിലുണ്ടായ ഏറ്റവും ഇളയ സന്തതിയാണ് കൃഷ്ണൻ തമ്പി. 1890 ജനുവരി 9ന് ജനനം. മൂന്നു സഹോദരിമാരായിരുന്നു. മൂത്തസഹോദരി ശ്രീമൂലം തിരുന്നാളിന്റെ പത്നിയായതോടെയാണ് തമ്പിക്ക് രാജകുടുംബവുമായി ബന്ധം ഉണ്ടാകുന്നത്.
ചെറുപ്പത്തിൽ തന്നെ സാഹിത്യത്തിലും സംഗീതത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്നു.
തമ്പിയുടെ സാഹിത്യ സംഭാവനകളും സ്വഭാവഗുണങ്ങളും സാഹ്യത്യചരിത്രത്തിൽ ഉള്ളൂർ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ബി.എ. പരീക്ഷ പാസ്സായി കുറച്ചു കാലം ഗുമസ്തപ്പണി ചെയ്തു. 1915-ൽ ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിലേക്കു പോയി. ഓക്സ്ഫോർഡിൽ പ്രവേശനം ലഭിച്ചെങ്കിലും ഐറിഷ് വിമോചനപ്രസ്ഥാനത്തിൽ ചേർന്നതുമൂലം കോളേജിൽ നിന്ന് പുറത്താക്കി. ഒരു ബോംബു സ്ഫോടന കേസ്സിൽ അറസ്റ്റു ചെയ്തെങ്കിലും സ്വയം കേസ്സു വാദിച്ച് നിരപരാധിത്വം തെളിയിച്ചു. 1917-ൽ പഠനം പൂർത്തിയാക്കാതെ നാട്ടിലേക്കു തിരിച്ചുവന്നു.
1918-ൽ സംസ്കൃത പാoശാലയുടെ അദ്ധ്യക്ഷനായി. കോളേജ് കോട്ടയ്‌ക്കകത്തു നിന്ന് വെളിയിൽ സ്ഥാപിച്ച് ജാതിമതഭേദം കൂടാതെ എല്ലാ അധ്യേതാക്കാൾക്കും പ്രവേശനം നൽകി.
മൂന്ന് ആട്ടക്കഥകളാണ് തമ്പി രചിച്ചിട്ടുള്ളത്. 1) ചൂഡാമണി 2) വല്ലീകുമാരം 3) താടകാവധം.
ഈ മൂന്ന് ആട്ടക്കഥകളും നായികാപ്രധാനങ്ങളാണ്. തിരസ്കൃത വ്യക്തിത്വങ്ങളുടെ ഉയർത്തെഴുന്നേൽപ്പാണ് മൂന്ന് ഇതിവൃത്തങ്ങളുടെയും പ്രത്യേകത. താടക രാമയണത്തിലെ ആസുര കഥാപാത്രമാണ്. ഫോക് സാഹിത്യത്തിലുൾപ്പെട്ട വല്ലി ഒരു ദലിത് പ്രതിനിധിയാണെന്ന് പറയാം. ചൂഡാമണിയിലെ സീതാദേവി അപഹൃതയും അപമാനിതയുമാണ്.
വളരെയധികം ചർച്ച ചെയ്യപ്പെട്ട ആട്ടക്കഥയാണ് താടകാവധം. 1971-ൽ കലാമണ്ഡലം ഇത് ചിട്ടചെയ്ത് അവതരിപ്പിച്ചു. കുഞ്ചുനായരാണ് താടകയെ അവതരിപ്പിച്ചത്.
നാടകം, നോവൽ, ചെറുകഥ, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലും കൈവച്ചു. മൃണാളിനി, കമലത്തിന്റെ കന്നിക്കേസ്സ്, മരതകമാല, ഭാരതിക്കുട്ടി, വിധിയന്ത്രത്തിരിപ്പ്, ദ്യൂതം, താടക അഥവാ ഭാരതത്തിലെ ബൊഡീഷ്യ ഇവ സ്വതന്ത്രനാടകങ്ങളാണ്. ധ്രുവചരിതം, പ്രതിക്രിയ, ലളിത, ഉർവശി, ചാണക്യൻ എന്നിവ വിവർത്തന നാടകങ്ങളും.
1934-ൽ ഗവൺമെന്റ് ആർട്ട്സ് കോളേജിലെ പൗരസ്ത്യഭാഷ പര്യവേക്ഷകനായി. 1938 ഫെബ്രുവരി 5ന് പ്രസംഗിച്ചു നിൽക്കെ കുഴഞ്ഞുവീണു മരിച്ചു.
തമ്പിയുടെ കൃതികളുടെ സമ്പാദനവും പഠനവും ചെമ്പൂര് സുകുമാരൻ നായർ നടത്തിയിട്ടുണ്ട്. ‘വി കൃഷ്ണൻ തമ്പിയുടെ കൃതികൾ ‘ എന്ന പേരിൽ കേരള സാഹിത്യ അക്കാദമി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബം:
കെ.എസ്.രാജീവിന്റെ ലേഖനം.
Photo courtesy: കളം ന്യൂസ്..
🟣
തയ്യാറാക്കിയത്:
Kathaprasangam fb Page