The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
October 22, 2020 by maarga editor
Uncategorised

ഒടി സൂചിക, കഥ: രാജേഷ് മോന്‍ജി

ഒടി സൂചിക, കഥ: രാജേഷ് മോന്‍ജി
October 22, 2020 by maarga editor
Uncategorised
Spread the love

അമ്പലംകുന്നിലെ ഏറ്റവും മികച്ച വായനക്കാരനാണ് അബുള്‍ഹക്കീം. അത്യാവശ്യം പുസ്തകപരിചയം ഉള്ളവരൊക്കെ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ഇംഗ്ലീഷ്, തമിഴ് പുസ്തകങ്ങളാണ് പ്രിയം. വല്ല്യുപ്പയുടെ തമിഴ് പാരമ്പര്യമാണ് അയാളെ തമിഴ് വായനക്കാരനാക്കിയത്. തിരുപ്പൂരില്‍ തുണിയെടുക്കാന്‍ പോയ കുഞ്ഞക്കന്‍ ചെട്ട്യാര്‍ ഒരിക്കല്‍ തിരിച്ചുപോന്നപ്പോള്‍ കൂടെ കൂടിയതാണ് വല്ല്യുപ്പ. അതേ പറ്റി കൂടുതലൊന്നും ഹക്കീമിനുമറിയില്ല.

ഗുരുവായൂപ്പന്‍ കോളേജില്‍ നിന്നാണ് ഹക്കീം സോഷ്യോളജി – മലയാളം ഡബിള്‍ മെയിനെടുത്ത് ഡിഗ്രി പാസായത്. യൂണിവേഴ്‌സിറ്റിയില്‍ പി.ജി. ഫിലോസഫിക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സ്വാതന്ത്ര്യസമര സേനാനിയും വല്ല്യുപ്പയുടെ സുഹൃത്തുമായ മാടായ്ക്കല്‍ മുഹമ്മദ് സാറാണ് നീ മലയാളം പഠിച്ചോ എന്നു പറഞ്ഞ് എം.എ മലയാളത്തിന് ചേര്‍ത്തത്. പക്ഷേ, പുസ്തകം വായിച്ച് നടന്ന് പരീക്ഷകള്‍ എഴുതാന്‍ മറന്നുപോയി.

മിക്കവാറും ദിവസങ്ങളില്‍ സെന്‍ട്രല്‍ ലൈബ്രറിയുടെ കിഴക്കേ മൂലയില്‍ ഒറ്റക്കള്ളി ജനവാതിലിന് സമീപത്തായി പുസ്തകം വായിച്ചിരിക്കുന്ന ഹക്കീമിനെ കാണാം. ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം കാണാതാവും. വീണ്ടും അതേ സ്ഥാനത്തുതന്നെ അവന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. വായനക്കിടയില്‍ കണ്ണ് വിശ്രമിക്കുന്നത് ജനവാതിലിനുള്ളിലൂടെ കാണുന്ന പാലമരത്തിലാണ്. അതിന്റെ പരുപരുത്ത തൊലിയിലൂടെ നടന്നുപോകുന്ന ചെറുജീവികളെ പോലും അവന്റെ വിശ്രമക്കണ്ണുകള്‍ ഒപ്പിയെടുക്കും. ഇടയ്ക്ക് ആ പാലമരത്തിന്റെ പേരക്കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരു ഓന്ത് അവന്റെ മുന്നില്‍ അങ്ങനെ നിശ്ചലമായി നില്‍ക്കും. ഒരു ഫാനിന്റെ കറക്കത്തിനും കുളുര്‍പ്പിക്കാന്‍ വിട്ടുകൊടുക്കാത്ത ഹക്കീമിന്റെ തലച്ചോറിലെ സന്ദേശം ആ ഓന്ത് ഡി കോഡ് ചെയ്യുകയാണ് എന്നുതോന്നും.

കൂടെയുള്ളവരൊക്കെ പി.ജി.യും കഴിഞ്ഞ് അവരവരുടെ ജീവിതവും തേടി ക്യാമ്പസ് വിട്ടപ്പോഴും പുസ്തകത്തിലൊളിപ്പിച്ച കണ്ണുമായി ഹക്കീം രാവിലെയും ഉച്ചയ്ക്കും രാത്രിയും ക്യാമ്പസിലൂടെ നടന്നു. കാണാതെ പോയ അതിസൂക്ഷ്മമായതെന്തോ തിരയുന്ന മട്ടാണ് അവന്റെ വായനയ്ക്ക്. അതുകൊണ്ടുതന്നെ അവന്റെ തിരച്ചിലിനെ ആരും ശല്യപ്പെടുത്തിയിരുന്നില്ല. പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ടി.സി വാങ്ങി പോരുമ്പോഴും അവനവിടെ, ക്യാന്റീനിനു മുന്നിലെ മരച്ചോട്ടില്‍ വട്ടത്തറയുടെ വിണ്ടുകീറിയ വിടവിലേക്ക് കാലു തിരുകിവെച്ച്, ഏതോ പുസ്തകത്തിലൂടെ നുഴഞ്ഞുകയറുകയായിരുന്നു. യാത്രപറഞ്ഞ് അവനെ ഒഴിവാക്കണമെന്ന് തോന്നാത്തതുകൊണ്ടോ എന്തോ, മിണ്ടാതെ പോന്നു.

വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെ സുഹൃത്തുക്കളോടൊപ്പം കളിയാട്ടക്കാവില്‍ ഉത്സവത്തിന് പോയപ്പോഴാണ് ഞാന്‍ പിന്നീട് ഹക്കീമിനെ കാണുന്നത്. ആള്‍ക്കൂട്ടത്തിലൊരാളായി മുന്നോട്ടു നടക്കവേ, ഒരു വാദ്യസംഘത്തെ പിന്നിട്ടപ്പോള്‍  കൂട്ടത്തില്‍ നിന്നും ഒരു വിളിയൊച്ച.

”വേണു കറുത്തില്ലം….!”

മേലാസകലം കരിയെണ്ണ പുരട്ടി അര്‍ദ്ധനഗ്‌നനായി ചെണ്ടയുടെ താളത്തിനൊപ്പം ഒഴുകിനീങ്ങുന്ന ഹക്കീം.

എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല.  പവനംപറമ്പ് നേര്‍ച്ചയില്‍ കുത്ത്‌റാത്തീബ് നടക്കുമ്പോള്‍ സംഘത്തോടൊപ്പം ചേര്‍ന്നു ബൈത്തുകള്‍ ചൊല്ലി നടക്കുന്ന ഹക്കീമിനെയും, തെരിപ്പള്ളിക്കാവിലെ താലപ്പൊലിക്ക് തിറയാട്ട സംഘം ഒരുങ്ങുന്ന അറയില്‍ ചമ്രം പടിഞ്ഞിരുന്ന് വെടി പറയുന്ന ഹക്കീമിനെയും മുമ്പേ ഞാന്‍ കണ്ടിട്ടുണ്ട്.

അര്‍ദ്ധരാത്രിയില്‍, കളിയാട്ടക്കാവില്‍ നിരന്നുകിടക്കുന്ന ട്യൂബ് ലൈറ്റുകള്‍ക്കിടയിലെ ഒരു മറവിലിരുന്ന് കട്ടന്‍ചായയും ഓംലെറ്റും കഴിച്ച് ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞു. ആ വര്‍ഷം പുറത്തിറങ്ങിയ ‘ദി മാസ്റ്റര്‍ ഓഫ് പീറ്റര്‍ ബര്‍ഗ്‌സ്’ എന്ന ഡോക്യു- നോവലിനെക്കുറിച്ചാണ് അവന്‍ പ്രത്യേകം സംസാരിച്ചത്. കാലങ്ങള്‍ക്കുശേഷം ഒരു സുഹൃത്തിനെ കാണുമ്പോള്‍ വ്യക്തിവിവരമന്വേഷിക്കാനുള്ള സെന്‍സിലേക്ക് അവന്‍ വളരാത്തതില്‍ അതിശയമൊന്നുമില്ലാത്തതുപോലെത്തന്നെ, അവന്റെ ജീവിതത്തില്‍ സംഭവങ്ങളുടെ കുത്തൊഴുക്കൊന്നുമുണ്ടായിരിക്കാനിടയില്ല എന്ന എന്റെ തോന്നലിലും ഞാന്‍ അതിശയോക്തി കലര്‍ത്തിയില്ല. ദസ്തയേവ്‌സ്‌കിയുടെ ജീവിതാനുഭവങ്ങളിലേക്കുള്ള ജെ.എം കൂറ്റ്‌സെ എന്ന എഴുത്തുകാരന്റെ നോട്ടത്തെക്കുറിച്ച് അവന്‍ വാചാലനായി. ഞാനാകട്ടെ, നാട്ടില്‍ നിന്നും പോന്ന സംഘം തിരിച്ചു പോവാനായി ജീപ്പില്‍ കയറുന്നത് കണ്ടതിന്റെ വെപ്രാളത്തിലുമായിരുന്നു.

ചൂടു ഓംലെറ്റ് അണ്ണാക്കിലേക്കിട്ട് ഹവഹുവാന്ന് ചവച്ചിറക്കി ഹക്കീമിനോട് യാത്ര പറഞ്ഞിറങ്ങിയതാണ്, അന്ന്.

അധികം വൈകാതെ തന്നെ എനിക്ക് വീണ്ടും ഹക്കീമിനെ തേടി പോകേണ്ടിവന്നു. രാമനാട്ടുകര ഗൈഡന്‍സ് പാരലല്‍ കോളേജില്‍ അദ്ധ്യാപകനായിരിക്കെ, അക്കാദമികവും വയറ്റീപ്പിഴപ്പുമായ ഒരു പ്രതിസന്ധിയെ മറികടക്കാന്‍ സഹായത്തിന് തെളിഞ്ഞ ഏക മുഖം ഹക്കീമിന്റെതായിരുന്നു.

ഒരു പിരീഡിന് പതിനഞ്ച് രൂപ നിരക്കില്‍ പത്താംക്ലാസ് തോറ്റവരെയും പ്ലസ്റ്റുക്കാരെയും ഡിഗ്രിക്കാരെയും മലയാളം പഠിപ്പിച്ച് ദിവസം നൂറു രൂപ വരുമാനമുണ്ടാക്കാന്‍ ആറ് മണിക്കൂറോളം തുടര്‍ച്ചയായി തൊണ്ടകീറി ക്ലാസ്സെടുക്കുന്ന മലയാളം വിദ്വാനാണ് അന്ന്  വേണു കറുത്തില്ലം എന്ന ഞാന്‍. ഒന്നുരണ്ട് സമാന്തര മാസികകളില്‍ ‘ഗൃഹാതുര സ്മരണകള്‍’ എഴുതി സ്വയം എഴുത്തുകാരനാകയാല്‍ അങ്ങനെ തന്നെ പേര് പറയാനാണ് എന്റെയും ആഗ്രഹം.

എരഞ്ഞിക്കല്‍ ബസ്സില്‍ രാവിലെ രാമനാട്ടുകര വന്നിറങ്ങുന്ന ഞാന്‍ തിങ്കളാഴ്ചയാണെങ്കില്‍ ഒരു ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വാങ്ങും. അടുത്ത ഞായറാഴ്ച വരെ അത് കയ്യില്‍ ഉണ്ടാവും. കോളേജില്‍ ഭക്ഷണശേഷമുള്ള ചെറിയ ഇടവേളകളിലും ബസ് കാത്തു നില്‍ക്കുമ്പോഴും ബസ്സിലിരുന്ന് യാത്രചെയ്യുമ്പോഴും അത് വായിക്കാനാണ് ഇഷ്ടം. ഇതും ഹക്കീം പറഞ്ഞുതന്ന ഒരു വഴിയാണ്.

മലയാളം വിദ്വാന്റെ ഇംഗ്ലീഷ് പേടി മാറ്റാന്‍ മറ്റൊരു മലയാളി കം സോഷ്യോളജിക്കാരന്റെ ഉപദേശം!

അതിനിടയ്ക്ക്, അധികമാരോടും സംസാരിക്കാത്ത പ്രിന്‍സിപ്പാള്‍ ഷണ്‍മുഖദാസ് ഒരുച്ചനേരത്ത് എന്നെ വിളിപ്പിച്ചു.

”മാഷേ, ഇംഗ്ലീഷ് പഠിപ്പിക്കാനാവുമോ?”

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നിത്യവും കയ്യില്‍ പിടിക്കുന്നത് കണ്ട് മാഷെന്നെ തെറ്റിദ്ധരിച്ചതാണ് എന്നെനിക്ക് മനസ്സിലായി. ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുബ്രഹ്മണ്യന്‍ മാഷിന് പി.എസ്.സി കിട്ടി പോയ ഒഴിവിലേക്കാണ് ഉപായം കൊണ്ട് ഓട്ടയടയ്ക്കാനുള്ള മൂപ്പരുടെ ശ്രമം. ഒരു പിരീഡിന് ഇരുപതു രൂപയാണ് ഓഫര്‍. കേട്ടപ്പോള്‍ ഒരു കൗതുകം തോന്നാതിരുന്നില്ല. മലയാളത്തിന് പതിനഞ്ചും ഇംഗ്ലീഷിന് ഇരുപതും! ഇംഗ്ലീഷ് അല്പം വിലകൂടിയ വിഷയമാണെന്ന് ഹക്കീം പറയാറുണ്ട്. പുസ്തകവുമായി ബന്ധപ്പെട്ട വില പറച്ചില്‍ അതിന്റെ ഉള്ളടക്കമൂല്യത്തില്‍ അവസാനിക്കും. വൈജ്ഞാനികമേഖലയില്‍ മലയാളം വട്ടപ്പൂജ്യമാണെന്നും ഇംഗ്ലീഷിനെ ആശ്രയിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നുമുള്ള അവന്റെ അഭിപ്രായത്തെ അംഗീകരിക്കുകയല്ലാതെ അന്നെനിക്ക് മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. കാരണം, അവന്‍ വായനക്കാരുടെ രാജാവായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ ഭാഷയിലുണ്ടായ ‘യുക്തിഭാഷ’ എന്ന ഗണിതശാസ്ത്രകൃതിയെക്കുറിച്ചും മലയാളത്തിലെ വൈജ്ഞാനികവികസന ശ്രമങ്ങളെക്കുറിച്ചുമൊക്കെ പിന്നീട് കേട്ടതും അവനില്‍നിന്നുതന്നെയാണ്. ആയിടയ്‌ക്കെപ്പൊഴോ ആണ് ‘ശാസ്ത്രത്തിന്റെ യുക്തിയും ശാസ്ത്രജ്ഞന്റെ ഭക്തിയും’ എന്നൊരു ശീര്‍ഷകത്തില്‍ അവന്റെ കൈയക്ഷരത്തോടുകൂടിയ ഒരു നോട്ടുപുസ്തകം കണ്ണില്‍പ്പെട്ടതും.

”പ്ലസ്ടുക്കാര്‍ക്ക് മലയാളം ഞാനെടുത്തോളാം”

എം.എ ഇക്കണോമിക്‌സും ടൈപ്പ്‌റൈറ്റിംഗും കഴിഞ്ഞ പ്രിന്‍സിപ്പാള്‍ മലയാളം പഠിപ്പിക്കുന്നതിന്റെ ‘അലോജിക്’ മലയാളംകാരന്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന്റെ ‘ലോജിക്കി’ല്‍ ലയിച്ചു ചേര്‍ന്നു. തൊണ്ണൂറു രൂപ ഒറ്റയടിക്ക് നൂറ്റി ഇരുപത് രൂപ ആകുന്നതിലായിരുന്നു എന്റെ കണക്ക്. അക്കപ്പെരുക്കത്തിനിടയില്‍ എന്റെ വലതുകൈയ്യില്‍ ഒരു പുസ്തകം  വന്നു പതിച്ചു.

‘ദി ഹൗണ്ട് ഓഫ് ഭാസ്‌കര്‍ വില്‍സ് – സര്‍ ആര്‍തര്‍ കോനല്‍ ഡോയല്‍.’

രാത്രി വീട്ടിലെത്തി യൂണിവേഴ്‌സിറ്റി പ്രസില്‍ അച്ചടിച്ച മെലിഞ്ഞ താളുകള്‍ മെല്ലെ മറിച്ചുനോക്കി. ഒരു പേജിലധികം വായിക്കാന്‍ കരുത്തു കിട്ടിയില്ല. ഡിക്ഷ്ണറി പേജുകള്‍ നിരന്തരം മറിഞ്ഞുകൊണ്ടിരുന്നതല്ലാതെ ടെക്സ്റ്റിലെ പേജുകള്‍ക്ക് അനക്കമുണ്ടായില്ല.

ഒന്നു കണ്ണടച്ചു തുറന്നപ്പോള്‍ പുസ്തകത്തിന്റെ പേജുകളിലൊക്കെ അബുള്‍ ഹക്കീം എന്നെഴുതിയത് പോലെ തോന്നി.

പിറ്റേന്ന് രാവിലെ ഹക്കീമിനെ തേടി പോയി. ഈ ഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ അവനല്ലാതെ മറ്റാരുമില്ല. അമ്പലംകുന്ന് ലൈബ്രറിയുടെ നടത്തിപ്പുകാരനാണ് ഇപ്പോഴവന്‍. മെയിന്റോഡില്‍ നിന്നും അല്പം മാറി, ഇടവഴിയിലൂടെ അര കിലോമീറ്ററോളം മുന്നോട്ടുപോയാല്‍ ലൈബ്രറിയായി. ഹക്കീമിന്റെ വീട് തന്നെയാണത്. ഉപ്പയും ഉമ്മയും മരിച്ചതില്‍ പിന്നെ വീടിന്റെ മുന്‍ഭാഗത്തെ രണ്ടു മുറികള്‍ കൂട്ടിയോജിപ്പിച്ച് ലൈബ്രറിയാക്കുകയായിരുന്നു. നേരത്തെ റോഡിനോടു ചേര്‍ന്ന് ഒരു പഴയ കെട്ടിടത്തിലായിരുന്നു അത്. ചോര്‍ന്നൊലിച്ച് പുസ്തകങ്ങളെല്ലാം നഷ്ടമാകുമെന്ന ഘട്ടത്തിലാണ് നാല് വര്‍ഷം മുമ്പ് ഹക്കീം അത് വീട്ടിലേക്ക് മാറ്റുന്നത്. മുഴുവന്‍സമയവും അതിനകത്തായിരുന്നതുകൊണ്ടുതന്നെ രണ്ടാമതൊന്നും ആലോചിക്കാതെ ലൈബ്രറി കമ്മിറ്റി ഹക്കീമിനെ ലൈബ്രേറിയനാക്കി വാഴിച്ചു.

പാലക്കാട്ടേയ്ക്ക് കുടുംബസമേതം പറിച്ചുനട്ട ഒരു പണിക്കരില്‍നിന്നും വല്ല്യുപ്പ വാങ്ങിച്ചതാണ് ഈ വീട്. മുന്നില്‍ വിശാലമായ മുറ്റവും പടിഞ്ഞാറ് ഭാഗത്ത് കിണറുമടക്കം ഒന്നരയേക്കര്‍ സ്ഥലമുണ്ട്. പത്തറുപത് തെങ്ങും വാഴയും പേരക്കയും ഒക്കെയായി കാടുപിടിച്ചുകിടക്കുന്ന പരിസരം. ഒരു പരിചരണവുമില്ലെങ്കിലും തെങ്ങ് നന്നായി അനുഗ്രഹിക്കുന്നുണ്ട്.

ലൈബ്രറിയാക്കിമാറ്റിയ മുന്‍വശത്തെ മുറികളും കോലായയും എല്ലാവര്‍ക്കും ഇരിക്കാവുന്ന ഇടമാണ്. അതിനുമപ്പുറത്തെ വാതില്‍ കടന്നു പോവാന്‍ അധികമാര്‍ക്കും അവസരം നല്‍കിയിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം ഹക്കീം അകത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. എങ്കിലും അടുക്കളവാതിലിനോടു ചേര്‍ന്ന് തെക്ക് ഭാഗത്തേക്കുള്ള ഇടനാഴികയിലേക്കു കടക്കുന്ന വാതില്‍ സദാ അടഞ്ഞു തന്നെ കിടക്കും. അതിനപ്പുറത്തെ മുറികള്‍ ബാപ്പ ഉണ്ടായിരിക്കുമ്പോള്‍ തന്നെ അവന്റെ സ്വന്തമാണ്.

”അവന്‍ എഴുതുകയും വായിക്കുകയും ചെയ്യുന്ന സ്ഥലമല്ലേ അതിന്റെ അവകാശം അവനിരിക്കട്ടെ.”

ആ ഭാഗത്തേക്ക് ബാപ്പയോ ഉമ്മയോ ഒരിക്കലും വന്നില്ല.

ലൈബ്രറിക്കുള്ളില്‍ ചാരുകസേരയിലിരുന്ന് പെരുമാള്‍ മുരുകന്റെ ‘മാതൊരു ഭഗന്‍’ വായിച്ചുകൊണ്ടിരിക്കുകയാണ് അവന്‍. എന്നെ കണ്ടതും അവന്‍ അടുത്ത് ഒരു കസേരയിട്ടുതന്നു.

മുഖവുര ഒന്നുമില്ലാതെ ഞാന്‍ കാര്യം പറഞ്ഞു.

ഇംഗ്ലീഷ് ടെക്സ്റ്റ് അപ്പോഴും എന്റെ കയ്യിലുണ്ടായിരുന്നു.

”ഇതാണോ പ്രശ്‌നം? നമുക്ക് ഇപ്പോള്‍ തന്നെ അതങ്ങ് തീര്‍ക്കാം.”

വലതു മൂലയില്‍ എബ്രഹാം ലിങ്കന്റെ ചിത്രത്തിന് താഴെ ഡിറ്റക്ടീവ് നോവലുകള്‍ എന്ന് രേഖപ്പെടുത്തി വെച്ച ഷെല്‍ഫില്‍  പരതി.

‘ബാസ്‌കര്‍ വില്‍സിലെ വേട്ടനായ’. തിരയുന്നതിനിടെ അവന്‍ പറഞ്ഞുകൊണ്ടിരുന്നു. തിരച്ചിലവസാനിപ്പിച്ച് രജിസ്റ്ററില്‍ പരിശോധിച്ചു.

”ബിജോയ്…. രമേശന്‍ മാഷിന്റെ മോനാ. ഇനി അത് കിട്ടണമെങ്കില്‍ ഓന്റെ എന്‍ട്രന്‍സ് കഴിഞ്ഞു തിരിച്ചു വരണം”

തിരച്ചില്‍ കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി.

”എനിക്ക് നാളെ ക്ലാസ്സെടുക്കാനുള്ളതാ ചെങ്ങാതീ”

”പരിഹരിക്കപ്പെടാത്ത പ്രശ്‌നം തലയ്ക്കുള്ളില്‍ വളരും വാളുപോലാണ്.”

ആറിഞ്ച് നീളമുള്ള താക്കോല്‍, ദ്വാരത്തിലിട്ട് ഇടത്തേക്കൊന്നു ചെരിച്ചിളക്കിക്കയറ്റി ഒന്ന് ഞെട്ടിച്ച് അവനെന്നെ നോക്കി.

”തല്‍ക്കാലം നിനക്കതിന്റെ കഥ കിട്ടിയാല്‍ പോരേ?”

ലൈബ്രറി പൂട്ടി ഞങ്ങള്‍ പുറത്തിറങ്ങി.

”നമുക്ക് കുറച്ച് നടക്കാം”

ഞാന്‍ അവന്റെ പിന്നാലെ നടന്നു.

ഇരുട്ട് നന്നായി പരന്നു തുടങ്ങിയിട്ടുണ്ട്.

”വെളിച്ചമൊന്നുമില്ലല്ലോ കയ്യില്‍ ….”

എന്റെ പരിഭ്രമത്തെ ഒറ്റ ചിരിയില്‍ അവന്‍ മുക്കിക്കളഞ്ഞു.

”ഇണ്ണ്യാച്ചന്റെ കൂടെ കുട്ടിക്കാലത്തേ കൂടിയതുകൊണ്ട്  ഇരുട്ടിന് എന്നോട് പെരുത്ത സ്‌നേഹാ”

”ആരാ ഈ ഇണ്ണ്യാച്ച?”

ചോദിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ നാളെ ക്ലാസ്സ് എടുക്കാനുള്ള മരുന്ന് കയ്യില്ലാത്തവന്റെ വേദന ഒരു മൂളലായി മാത്രം പുറത്തുവന്നു.

”ഇണ്ണ്യാച്ചയ്ക്ക് പൂച്ചേന്റെ കണ്ണാ. ഏതിരുട്ടത്തും അയാള്‍ക്ക് കണ്ണുകാണും. പക്ഷേ, ഇണ്ണ്യാച്ചന്റെ കണ്ണ് പൂച്ചക്കണ്ണൊന്നുമല്ല. വലത്തെ കണ്ണിന്റെ കൃഷ്ണമണിയില്‍ ഇടതു ഭാഗത്തായി സാമാന്യം വലിയ ഒരു വെളുത്ത പുള്ളിയുണ്ട്. മൂപ്പര് ഏത് കട്ടപ്പാതിരയ്ക്കും ഒരു തുള്ളി വെട്ടവുമില്ലാതെ നടന്നു പോകും!”

”ഷെര്‍ലക് ഹോംസിന്റെ കഥ പറയാന്‍ വന്ന ഹക്കീം ഇണ്ണ്യാച്ചയുടെ കഥ പറയുന്നതെന്തിനാ?”

എന്റെ അസ്വസ്ഥത, ചെരുപ്പിനും മേല്‍മണ്ണിനുമിടയിലെ ചെറിയ ചരല്‍ക്കല്ലുകളെ ഞെരിച്ചു. ആ ഇരുട്ടത്ത് ആളൊഴിഞ്ഞ പറമ്പിലൂടെ ഞങ്ങള്‍ ചമ്മലപ്പറമ്പിന്റെ മുകളിലേക്ക് കയറുകയാണ്. ഒരു ഇടവഴിയിലൂടെ മുന്നോട്ട് നടന്നപ്പോള്‍ രണ്ടു ഭാഗത്തുമായുള്ള കല്ലുവെട്ടാംകുഴികളും പൊന്തക്കാടുകളും ഇരുട്ടിന്റെ തമോഗര്‍ത്തങ്ങളും ഗര്‍ഭപാത്രങ്ങളും കുഞ്ഞുങ്ങളുമായി. കൂടെ ഹക്കീമുണ്ടെങ്കിലും ഒരു ഉള്‍ഭയം തോന്നാതിരുന്നില്ല.

”നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്?”

”ദാ, ഈ ചമ്മലപ്പറമ്പ് കടന്ന് ഏതാണ്ട് രണ്ടര കിലോമീറ്റര്‍ നടന്നാല്‍ നിനക്ക് പോകാനുള്ള ബസ് കിട്ടും. നീ അവിടുന്ന് കേറി പോയിക്കോ. അപ്പോഴേക്കും കഥ പറഞ്ഞു തീര്‍ക്കാം.”

”അപ്പോ, നിനക്ക് തിരിച്ചു പോവണ്ടേ?” ഞാന്‍ ചോദിച്ചു.

”അതു നീ നോക്കണ്ട.”

നിഗൂഢതയുടെ നിഴലുകള്‍ എവിടെയൊക്കെയോ ഒളിഞ്ഞു കിടന്നു.

കുണ്ടനിടവഴിയുടെ അറ്റത്തെ കള്ളിപ്പാല കഴിഞ്ഞപ്പോള്‍ ഹക്കീം കഥ പറഞ്ഞു തുടങ്ങി.

മിസ്റ്റര്‍ ഷെര്‍ലക് ഹോംസ്, ജെയിംസ് മോര്‍ട്ടിമര്‍ എന്ന മാന്യന്റെ വടി പരിശോധിക്കുകയാണ്. ഹോംസിന്റെയും അദ്ദേഹത്തിന്റെ സുഹൃത്തായ വാട്‌സണ്‍ന്റെയും, വടിയെക്കുറിച്ചുള്ള നിഗമനങ്ങളുടെ വിശദാംശങ്ങള്‍ ഹക്കീം പറഞ്ഞു കൊണ്ടിരിക്കെയാണ് അവന്റെ കയ്യിലെ വടി ഞാന്‍ ശ്രദ്ധിച്ചത്. ഒരു ചൂരല്‍ വടിയാണ്.

അവന്റെ കയ്യില്‍ പെട്ടെന്നെങ്ങനെ ഒരു വടി വന്നു? വഴിയില്‍ നിന്നും എഴുത്തതൊന്നുമല്ല. എണ്ണപുരട്ടി കടഞ്ഞെടുത്ത ഒരു ചൂരല്‍ വടി. ഒരുപക്ഷേ ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവന്റെ കൈയിലുണ്ടാകും.

ദൃശ്യപടലത്തില്‍ നിന്ന് അത് സ്മരണപടത്തിലേക്ക് പിടിച്ചെടുക്കാന്‍ പറ്റുന്നില്ല.

”ജെയിംസ് മോര്‍ട്ടിമറുടെ വടിയില്‍ ഒരു പട്ടി കടിച്ച അടയാളം ഉണ്ട്. നോക്ക്, ദാ ഇതുപോലെ.”

ഹക്കീം തന്റെ വടിയുടെ നടുവിലായി കാണുന്ന പല്ലിന്റെ അടയാളങ്ങള്‍ കാണിച്ചു.

”ഇതുപോലൊരു വടി ഇണ്ണ്യാച്ചയ്ക്കും ഉണ്ടായിരുന്നു. മൂപ്പരുടെ വടിയുടെ പിടിഭാഗത്ത് ഒരു നീണ്ട നഖം പതിപ്പിച്ചിരുന്നു. മനുഷ്യന്റെ കയ്യിലെ പെരുവിരല്‍ നഖം.”

തന്റെ കയ്യിലെ ചൂരല്‍വടിയുടെ പിടിയില്‍നിന്ന് കൊഴിഞ്ഞുപോയ ഒരു നഖപ്പാടില്‍ ഹക്കീം വിരല്‍ പായിച്ചു.

കഥപറഞ്ഞ് മെല്ലെ മുന്നോട്ടു നടക്കുമ്പോഴും ചുറ്റുമുള്ള ഇരുട്ട് കൈകാലുകള്‍ വെച്ച് എന്റെ നേര്‍ക്ക് നടന്നടുക്കുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ ഹക്കീമിനോട് ചേര്‍ന്നു തന്നെ നടന്നു. ഇരുട്ട് കൂടിവരികയാണ്. എങ്ങനെയാണ് ഈ കൂരിരുട്ടത്ത് ഹക്കീം മുന്നോട്ടു നടക്കുന്നതെന്ന് ഞാന്‍ അതിശയപ്പെട്ടു. വെളുത്ത മുണ്ടും ഷര്‍ട്ടുമാണ് അവന്റെ വേഷം എന്നതുകൊണ്ട് എനിക്ക് അവനെ പിന്തുടരാന്‍ കഴിഞ്ഞു.

”ദാ, ഇതുപോലെയാണ് ആ ചതുപ്പുനിലം.”

മുന്നില്‍ പരന്നു കിടക്കുന്ന, ചുറ്റും കുറ്റിക്കാടുകള്‍ നിറഞ്ഞ ചമ്മലപ്പറമ്പ് ചൂണ്ടി അവന്‍ പറഞ്ഞു. കുറ്റിക്കാടുകള്‍ക്കപ്പുറത്ത് തിരമാലകളില്ലാത്ത ഇരുട്ടിന്റെ കടല്‍ തരിച്ചു നില്‍ക്കുന്നു.

”ഈ ചതുപ്പിന്റെ അപ്പുറത്തു കൂടിയായിരുന്നു യുഗോ ബാസ്‌കര്‍വില്‍സ് തന്റെ കുതിരപ്പുറത്ത് കടന്നു പോയത്. കുതിരയുടെ പിന്നാലെ നരകപ്പിശാചുപോലെ ഒരു പേപ്പട്ടി. അത് ഭീകരമായ ശബ്ദത്തോടുകൂടി കുരച്ച് പിന്നാലെ വരികയാണ്.”

ആ പരന്ന ഇരുട്ടിലേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി.

അതിനപ്പുറത്തെ ഇരുട്ടുകട്ടകള്‍ക്കിടയില്‍നിന്നും തിളങ്ങുന്ന കണ്ണുകള്‍ തങ്ങളുടെ നേര്‍ക്കു വരുന്നുണ്ടോ എന്നെനിക്ക് സംശയമായി.

”ഇണ്ണ്യാച്ചയുടെ നായയും അതിഭീകരനായിരുന്നു. ഒരൊറ്റ മനുഷ്യനെയും ആ പറമ്പിലേക്ക് അടുപ്പിക്കില്ല. പക്ഷേ, എനിക്ക് പോകാമായിരുന്നു. ഞാന്‍ വേലിപ്പറമ്പില്‍ അടുത്തെത്തിയാല്‍ അവന്‍ ഓടി വരും. എന്റെ വലതുകാല്‍ ചേര്‍ന്നങ്ങനെ നടക്കും. ഞാന്‍ അവന്റെ തലയില്‍ കൈ വയ്ക്കും. അനുസരണയുള്ള കുട്ടിയായി അവന്‍ കൂടെ വരും. ഇതു കാണുമ്പോള്‍ ഇണ്ണ്യാച്ചയുടെ ഒരു നോട്ടമുണ്ട്, കോലായിലിരുന്ന്. അത് നായയുടെ നേര്‍ക്കുള്ള വാത്സല്യമാണോ എന്നോടുള്ള അനുകമ്പയാണോ എന്ന് എനിക്കിതുവരെ തിരിച്ചറിയാനായിട്ടില്ല!”

”അവന്‍ ഒന്നെണീറ്റു നിന്നാലുണ്ടല്ലോ, കണ്ണ് ചുവപ്പിച്ച് രോമമെടുത്തു പിടിച്ചു തേറ്റ കാട്ടി നില്‍ക്കുന്ന ഒരു ഭീകരരൂപിയായി മാറും.”

ബാസ്‌കര്‍ വില്‍സിനു പിന്നാലെ കാല ദൂതനായി കുതിക്കുന്ന വേട്ടനായ ഇണ്ണ്യാച്ചയുടെ കാലുകള്‍ക്കിടയില്‍ ചുരുണ്ടു കിടക്കുന്നത് ഞാന്‍ സങ്കല്പിച്ചു.

ഒപ്പം ഒരു നായയുടെ മുരള്‍ച്ച എന്റെ കാതില്‍ വന്നടിഞ്ഞു.

”ഹക്കീം നമ്മളിപ്പോ എങ്ങോട്ടാ പോകുന്നത്?”

മുന്നില്‍ പരന്നു കിടക്കുന്ന  ഇരുട്ട് ഭൂമിയുടെ ഒരറ്റാവസ്ഥയെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തിയതുകൊണ്ടാണ് എനിക്കാ ചോദ്യം വീണ്ടും ചോദിക്കേണ്ടിവന്നത്.

ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പുതന്നെ തിളങ്ങുന്ന ആറു കണ്ണുകള്‍ ആ ഇരുട്ടില്‍ ഞങ്ങളെ നോക്കി മുരണ്ടു. ഹക്കീം ഒന്നു നിന്നു.

ഇരുട്ടില്‍ മുളച്ച കണ്ണുകളില്‍ നിന്ന് തുറിച്ചു നില്‍ക്കുന്ന തേറ്റകളിലേക്ക് തിളക്കം ഇറ്റിറ്റു വീണു.

ഭയംകൊണ്ട് കാലു വിറച്ച എനിക്ക് ഹക്കീമിന്റെ നിഴലില്‍ നിന്ന് അനങ്ങാന്‍ പറ്റിയില്ല. അവന്റെ കയ്യില്‍ ഞാന്‍ മുറുകെ പിടിച്ചു.

മുരള്‍ച്ച അടുത്തുവരികയാണ്. അത് കുരയും അലര്‍ച്ചയുമായി മാറി. പരന്ന ഇരുട്ടില്‍ ആ അലര്‍ച്ച ഒട്ടിപ്പിടിച്ചു  കിടന്നു.

”അവറ്റ എന്നെ കടിക്കില്ല; നിന്നെ കടിച്ചേക്കും.”

ഹക്കീമിന്റെ വാക്കുകളെ ഞാന്‍ ഉള്‍ക്കിടിലത്തോടെ വിഴുങ്ങി.

അതെന്തുകൊണ്ടാണെന്ന് മനസ്സിലുയര്‍ന്ന ചോദ്യം ശബ്ദമായി പുറത്തു വന്നില്ലെങ്കിലും ഹക്കീം ഉത്തരം പറഞ്ഞു:

”ഞാന്‍ ഈ നാട്ടുകാരനാണ്.”

യൂഗോ ബാസ്‌കര്‍ വില്‍സിനെയും ചാള്‍സിനെയും കൊന്ന ആ വേട്ടനായ ഇപ്പോള്‍ത്തന്നെ എന്റെ കരള്‍ പറിച്ചോടുമെന്ന് ഞാന്‍ ഭയന്നു.

”നില്‍ക്ക്…… ഞാന്‍ ഒരൂട്ടം കാണിച്ചുതരാം.”

അവന്‍ തന്റെ കൈയിലുള്ള വടി ഒറ്റക്കുത്തിന് നിലത്തുറപ്പിച്ചു. ഷര്‍ട്ടൂരി എന്റെ കൈയില്‍ തന്നു. മടക്കിക്കുത്തിയ മുണ്ടഴിച്ച് താറുടുക്കുന്നതുപോലെ വലിച്ചു ചുറ്റി. അറ്റം നട്ടെല്ലിന്റെ കീഴ്ഭാഗത്ത് തിരുകി. അവന്റെ തുടയിലെ മസിലുകള്‍ പിടഞ്ഞു തിളങ്ങുന്നത് ആ ഇരുട്ടിലും ഞാന്‍ കണ്ടു. എങ്ങനെയാണ് ഒരു മുണ്ട് കൗപീനത്തോളം ചെറുതാക്കാന്‍ കഴിയുക?

”കടിക്കാന്‍ വരുന്ന നായ്ക്കളുടെ മുമ്പില്‍ ഇവന്‍ എന്ത് വിദ്യയാണ് കാണിക്കാന്‍ പോകുന്നത്?”

ഭയത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ കാല്‍പ്പാദം മുതല്‍  കുത്തിക്കേറി വരുന്നത് ഞാനറിഞ്ഞു.

ഒരു നിമിഷം കൊണ്ട്, അവന്റെ നാഭിയോട് ചേര്‍ന്ന് ഒരു വെള്ള തുണിക്കഷ്ണം പറ്റിച്ച പോലെയായി.

അതീവ മെയ്‌വഴക്കത്തോടുകൂടി വലതുകാല്‍ മുന്നോട്ടുവെച്ച് അതോടൊപ്പം തന്നെ ഇരു കൈകളും മുകളിലേക്കുയര്‍ത്തി കത്രികപ്പൂട്ടാക്കി പിന്നിലേക്ക് വളഞ്ഞ്  വീണ്ടും മുന്നിലേക്ക് കുനിഞ്ഞ് രണ്ടുകൈയും നിലത്തുകുത്തി തല മുകളിലേക്ക് നീട്ടി, തേറ്റ കാട്ടി വരുന്ന നായ്ക്കള്‍ക്ക് മുന്നിലേക്ക് ഒരു വികൃതമായ ഒരലര്‍ച്ച തൊടുത്തുവിട്ടു, അവന്‍.

ഒരു അഗ്‌നിഗോളം എന്റെ അണ്ണാക്കിലേക്ക് ഇറങ്ങിപ്പോയി!

പിന്നില്‍ നില്‍ക്കുന്ന എനിക്ക് ഹക്കീമിന്റെ പിന്‍ഭാഗം മാത്രമേ കാണാമായിരുന്നുള്ളൂ. അതുവരെ എവിടെയോ ഒളിച്ചിരുന്ന ഒരു നിലാവ് കഷ്ണം ഹക്കീമിന്റെ നേര്‍ക്ക് ചെരിഞ്ഞിറങ്ങി. അവന്റെ നിഴല്‍, ഇതുവരെ ഒരു പേടിസ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത, ഭീകരരൂപിയായ ഒരു നാല്‍ക്കാലിയായി തോന്നി.

അത് ഹക്കീമാണെന്ന് ഞാന്‍ മനസ്സിലാവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഒരു ഭീകരജീവിയുടെ സാന്നിധ്യം കൊണ്ട് ഉണ്ടായേക്കാവുന്ന തണുപ്പ് എന്റെ സിരകളില്‍ അലിഞ്ഞു.

കുരച്ചുകൊണ്ട് അടുത്തുവന്ന നായ്ക്കള്‍ ഒരു നിമിഷം പകച്ചു നിന്നു. പിന്നെ മൂക്ക് താഴ്ത്തി മണ്ണു മുട്ടിച്ചു. വാല്‍ അടിവയറ്റിലേക്കൊട്ടിച്ച്  അവര്‍ മോങ്ങിക്കൊണ്ട് പിന്തിരിഞ്ഞു. ഓടുമ്പോഴാണ് അവരുടെ എണ്ണം  ഇരട്ടിയിലധികം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്! അവരുടെ പിന്നാലെ ഹക്കീം നാലുകാലില്‍  നാലടി മുന്നോട്ടുവെച്ച് നിന്നു.

അവറ്റകളുടെ മോങ്ങലുകള്‍ അകന്നു പോയതും മുന്നോട്ടുവെച്ച അതേ കാലടിപ്പാടുകളില്‍ പിന്നോട്ട് ചുവടുവച്ച് കുത്തിനിര്‍ത്തിയ ചൂരല്‍ വടിയുടെ അടുത്തെത്തി. ചൂരലില്‍ പിടിച്ച് ഒരു മിന്നായം പോലെ അവന്‍ നിവര്‍ന്നു നിന്നു!

ഒരു ജേതാവിനെ പോലെ, നിലത്തു കുത്തിയ വടിയില്‍ രണ്ട് കൈയുമൂന്നി നടു നിവര്‍ത്തി തലയുയര്‍ത്തി ആകാശച്ചെരുവിലേക്ക് നോട്ടം അയച്ചു നില്‍ക്കുന്ന ഹക്കീമിനടുത്തേക്ക്  ഞാന്‍ ചെന്നു.

ഇവിടെ എന്താണ് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാനുള്ള ഉള്ള സമയം എനിക്ക് കിട്ടിയില്ല.

”നീ പേടിച്ചോ?”

ഹക്കീം നിന്ന നില്‍പ്പില്‍ തല ചെരിച്ച് എന്നെ നോക്കി.

ഉത്തരമൊന്നും പറയാതെ മിഴിച്ചു നില്‍ക്കുന്ന എന്റെ മുഖത്ത് അവന്‍ കൈ കൊണ്ട് മെല്ലെ തട്ടി. നിലത്തു കുത്തിയ ചൂരല്‍വടി വലിച്ചൂരി, കൈകൊണ്ട് അവന്‍ എന്റെ നടുപ്പുറത്ത് രണ്ട് തട്ട് തട്ടി. തോളില്‍ പിടിച്ചു നടന്നു.

”നോക്ക്, ഷെര്‍ലക് ഹോംസ് തിരയുന്ന വേട്ടനായ ഒരു പൈശാചിക സന്തതിയൊന്നുമല്ല.”

ഹക്കീം ഹോംസിലേക്ക് തിരിച്ചുവന്നുവെങ്കിലും വേദനയും ഭയവും കൊണ്ടുള്ള മോങ്ങലുകള്‍ ചെറു കാറ്റിനോടൊപ്പം വന്നെന്നെ തൊടുന്നത് ഞാനറിഞ്ഞു.

”ഹക്കീമിനെ കണ്ടപ്പോള്‍ ആ നായ്ക്കള്‍ എന്തിനാ പേടിച്ച് ഓടിയത്?”

എന്റെ സംശയം അതായിരുന്നു.

”വേണു, പ്രജ്ഞയുടെ ഒളിച്ചുകളിയാണിത്! അത് നഷ്ടപ്പെട്ടുപോയാല്‍ എന്താണ് ഉണ്ടാവുക? നായ്ക്കള്‍ക്ക് അവരുടെ പ്രജ്ഞയില്‍ കൊത്തിവച്ചിട്ടുള്ള അറിവുകള്‍ ഉണ്ട്. അവരുടെ അറിവതിരുകള്‍ക്ക് പുറത്തുകടന്ന് ഞാന്‍ അവരുടെ മുമ്പില്‍ നിന്നു. അവരുടെ പ്രജ്ഞയില്‍ എന്നെ തിരിച്ചറിയാനുള്ള ഒരടയാളവും ഇല്ലാത്തതുകൊണ്ട് അവര്‍ ഭയന്നു അത്രമാത്രം!”

അവന്‍ പറഞ്ഞതിന്റെ മുഴുപ്പൊരുള്‍ അകത്തു കയറാന്‍ മാത്രമുള്ള പ്രജ്ഞാശേഷിയിലേക്ക് ഞാന്‍  അപ്പോള്‍ വളര്‍ന്നിട്ടുണ്ടായിരുന്നില്ല.

”ഒറ്റയ്ക്ക് ഒരിടത്തു കൂടി നടക്കുമ്പോള്‍ മുന്നിലേക്ക് നാലുകാലില്‍ വരുന്ന ഒരു മനുഷ്യനെയോ രണ്ടു കാലില്‍ നടക്കുന്ന ഒരു പോത്തിനെയോ, കാലില്ലാതെ ഒഴുകി വരുന്ന ഒരു ജീവിയോ സങ്കല്‍പ്പിക്കാന്‍ നിനക്ക് പറ്റും. പക്ഷേ കണ്ടാസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. അതിന് നിന്റെ ബോധം സമ്മതിക്കില്ല. ബോധമുപേക്ഷിച്ചുപോയ ജീവനെ അത്യാവശ്യം മര്‍മ്മവിദ്യ അറിയാവുന്ന ഒരാള്‍ക്ക് ഒരു പോറലുമില്ലാതെ കൊല്ലുകയോ മാരകമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യാം.”

ഹക്കീം ഇടിഞ്ഞുപൊളിഞ്ഞ ഒരു അത്താണിയുടെ മുകളിലേക്ക് ചാടിക്കയറിയിരുന്നു. അവനോട് ചേര്‍ന്നിരുന്നപ്പോള്‍ ഈ നിലാവില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ മറ്റൊരു ജീവനും ഈ പരിസരത്തെങ്ങുമില്ല എന്ന് തോന്നി.

ഷെര്‍ലക് ഹോംസിന്റെ നിഗൂഢമായ യാത്രകളും വാട്‌സണ്‍ന്റെ കണ്ടെത്തലുകളും ഇണ്ണ്യാച്ച എന്ന അമ്പതുകാരന്റെയും ഹക്കീം എന്ന പന്ത്രണ്ടു വയസ്സുകാരന്റെയും കഥകളും ഇഴചേര്‍ന്നു കൊണ്ട് മുന്നോട്ടു സഞ്ചരിച്ചു. ആഖ്യാന ഗ്രാഫില്‍ എപ്പോഴോ ഹോംസിന്റെ കഥയുടെ തോത് കുറയുകയും ഇണ്ണ്യാച്ചയുടെ കഥയുടെ ചുരുള്‍ക്കെട്ടുകള്‍ അഴിയുകയും ചെയ്തു.

ഹക്കീം സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ കീച്ചീരിയിലേക്കുള്ള യാത്ര പതിവാക്കിയിരുന്നു. അവന്റെ ഉമ്മയുടെ നാടാണത്. അവിടെ കളിക്കൂട്ടുകാര്‍ പറഞ്ഞുതന്ന കഥകളില്‍ നിന്നാണ് ഇണ്ണ്യാച്ചയെ ആദ്യമായി കേള്‍ക്കുന്നത്. ഉമ്മൂമ്മ ഇണ്ണ്യാച്ചന്റെ പേരുപറഞ്ഞ് പേടിപ്പിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ ചോറ് തീറ്റിച്ചിരുന്നുവത്രേ!

അയാളോട് ആരും അങ്ങനെ കൂട്ട് കൂടാറില്ല. എല്ലാവര്‍ക്കും അയാളെ പേടിയാണ്. എങ്കിലും അയാള്‍ ആരെയും നേരിട്ട് ഉപദ്രവിക്കുന്നത് ഇന്നുവരെ ആരും കണ്ടിട്ടില്ല. അയാളുടെ വേലിക്കലേക്കു പോലും ആരും എത്തിനോക്കാറുപോലുമില്ല. വലിയ ഒരു വേട്ടനായയുടെയും ആജാനുബാഹുവായ ഒരു മനുഷ്യന്റെയും കഥകള്‍ അപ്പൂപ്പന്‍താടികള്‍ക്കൊപ്പം കീച്ചേരി പാടങ്ങളില്‍, പറമ്പുകളില്‍, വീട്ടുമുറ്റങ്ങളില്‍, അടുക്കളകളില്‍ കിടപ്പുമുറികളില്‍ പാറിക്കളിച്ചു.

വല്ലപ്പോഴും ആഴ്ച്ചച്ചന്തയില്‍ വന്നു പോകുമ്പോഴല്ലാതെ ഇണ്ണ്യാച്ചയെ അങ്ങനെ പുറത്തൊന്നും ആരും കാണാറുമില്ല.

ഒറ്റ തിരിഞ്ഞു നില്‍ക്കുന്ന അയാളുടെ വീടിന്റെ അടുത്ത് വേലിക്കരികില്‍ ഹക്കീം എത്തിയപ്പോഴേക്കും ആ വേട്ടനായ കുരച്ച് ഓടി വന്നു. ആദ്യകാഴ്ചയില്‍ തന്നെ ഹക്കീമിനെ വാലാട്ടിക്കൊണ്ട് സ്വീകരിച്ച നായയെയും അതിന്റെ തലയില്‍ തലോടി നില്‍ക്കുന്ന ഹക്കീമിനെയും ദൂരെ നിന്ന് നോക്കി നില്‍ക്കുന്ന ഇണ്ണ്യാച്ചയ്ക്ക് ഏറെ പ്രിയതരമായ കാഴ്ചയായി.

ആ ഒരൊറ്റ സംഭവം കൊണ്ടുതന്നെയായിരിക്കണം ഇണ്ണ്യാച്ചയുടെ കോലായയിലേക്കും അകത്തളത്തിലേക്കും ഹക്കീമിന് കയറിവരാന്‍ അവസരമൊരുക്കിയത്. പിന്നീട് സ്‌കൂളില്ലാത്തപ്പോഴൊക്കെ അവന്‍ കീച്ചേരിയിലേക്ക് പോയി, ഇണ്ണ്യാച്ചയുടെ വീട്ടിലെ പഴകിയ കുഴമ്പിന്റെ മണമുള്ള അകത്തളത്തില്‍ അവന്‍ ഏറെ നേരം ചെലവഴിച്ചു. പലപ്പോഴും അന്തിയുറങ്ങി.

ഇണ്ണ്യാച്ചയുടെ ദിനചര്യകളില്‍ നിന്ന് അവന്‍ എന്തൊക്കെയോ പഠിച്ചു. അങ്ങനെയേ പറയാനാവൂ. കാരണം, പഠിച്ചതെന്തൊക്കെയെന്ന് അവനും പഠിപ്പിച്ചതെന്താണെന്ന് ഇണ്ണ്യാച്ചയ്ക്കും മാത്രമേ അറിയൂ. ഉറക്കമൊഴിച്ച് രാത്രികളില്‍ ഇണ്ണ്യാച്ച അവന്റെ ശരീരത്തെ കടഞ്ഞെടുത്തു. ഒത്ത ശരീരത്തില്‍ നഗ്‌നനായി അവന്‍ വളര്‍ന്നു വരുന്നത് ഇണ്ണ്യാച്ചയും ആ വേട്ടനായയും മാത്രം കണ്ടു.

ഇണ്ണ്യാച്ചയുടെ അര്‍ദ്ധരാത്രിയിലെ സഞ്ചാരം അവന്റെ ഏറ്റവും വലിയ ഉന്മേഷമായിരുന്നു. എവിടെപ്പോകുന്നു എന്ന് അവന്‍ ചോദിച്ചുമില്ല, അയാള്‍ പറഞ്ഞുമില്ല.

എങ്കിലും ഇണ്ണ്യാച്ചയുടെ പിന്നാലെ ഏതോ രഹസ്യം തേടിയെന്നോണം അവന്‍ നടന്നു. ആ സമയത്ത് ഹക്കീം വാട്‌സണും ഇണ്ണ്യാച്ച ഹോംസുമായി മാറിയിരിക്കണം. ഗോപാലമേനോന്റെയും അലിഹസ്സനാരുടെയും കിട്ടുണ്ണി നായരുടെയുമൊക്കെ വീടുകളിലെ അടുക്കള വാതിലുകള്‍ക്കപ്പുറത്ത് നേരിയ വെളിച്ചം തെളിയുന്നതും അത് അകത്തെ ഇരുട്ടില്‍ ലയിക്കുന്നതും അവന്‍ പല തവണ കണ്ടു.

ഇങ്ങനെ എത്രയെത്ര വീടുകളിലെ അടുക്കളകളില്‍ മിന്നിയ വെളിച്ചങ്ങള്‍ ഇണ്ണ്യാച്ചയില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്!

അതിനിടയില്‍ എവിടെയൊക്കെയോ ചില പ്രമാണിമാര്‍ പാടവരമ്പത്തും നടവഴികളിലുമൊക്കെ പെട്ടെന്ന് മരണപ്പെട്ടു വീണതായുള്ള വാര്‍ത്തകളും പരക്കുന്നുണ്ടായിരുന്നു. മരിച്ചവരെക്കുറിച്ച് ആളുകള്‍ നല്ലതു പറഞ്ഞു. അന്തിമൂട്ടില്‍ റാക്കു കുടിക്കുന്നേരം അവര്‍ക്കൊക്കെ ഓക്കാനം വന്നു.

തന്റെ ഇരുപതാമത്തെ വയസ്സില്‍ ഇണ്ണ്യാച്ചയുടെ കൈത്തഴമ്പുകള്‍ ശരീരത്തില്‍ ഇടഞ്ഞു കുഴഞ്ഞു തീര്‍ത്ത മയക്കത്തിനൊടുവില്‍ ഇണ്ണ്യാച്ചയുടെ ശബ്ദം ഹക്കീം ഇങ്ങനെ കേട്ടു:

”നീ പഠിച്ചത് നിനക്കേശില്ല. എനിക്ക് ചൊരിഞ്ഞു കിട്ടിയത് നിനക്ക് ശാപമായിത്തീരും”

അത് പറയുമ്പോള്‍ വെളിപാടു നടത്തുന്ന കോമരത്തിന്റെ മുഖമായിരുന്നു ഇണ്ണ്യാച്ചയ്ക്ക്. വിരല്‍ത്തുമ്പുകളില്‍നിന്നുമുയര്‍ന്ന ഒരു സിരാപടലത്തിന്റെ ഞരക്കം അയാളുടെ കണ്ണുകളില്‍ മിന്നി മാഞ്ഞു.

വേലിയുടെ അറ്റത്ത് കിഴക്കേ മൂലയില്‍ പൂത്തു നില്ക്കുന്ന തെച്ചിക്കൊമ്പിലേക്ക് കണ്ണുകള്‍ ചൂഴ്ന്നിറക്കി ഇണ്ണ്യാച്ച കുറേ നേരം നിശ്ചലനായി നിന്നു.

അവസാനമായി, കൊപ്രക്കച്ചവടക്കാരനായ കൃഷ്ണക്കൈമളുടെ അടുക്കളയില്‍ ചില്ലോടിലൂടെ പരന്നിറങ്ങിയ വെളിച്ചത്തിനു കീഴില്‍ വിയര്‍പ്പു മൊട്ടുകള്‍ വിതുമ്പിനില്‍ക്കുന്ന സൗഭാഗ്യ ചേച്ചിയുടെ നഗ്‌നശരീരത്തിനു മുമ്പില്‍ നിന്ന് തല കുനിച്ച് നടക്കുമ്പോള്‍ ഹക്കീം ചിലതൊക്കെ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.

പിന്നീട്, ഇണ്ണ്യാച്ചയുടെ വേലിക്കരികിലേക്ക് ഏതൊക്കെയോ കളിപ്പിള്ളേര്‍ പഴുക്കടയ്ക്കകളുുമായി വന്നു. കൃഷണക്കൈമളുടെ അടുക്കളപ്പുറത്തെ പഴുക്കടക്കപോലെ, ഏതൊക്കെയോ വീടുകളിലെ അടുക്കളപ്പുറത്തു നിന്നും പെണ്‍വിരലുകള്‍ പതിഞ്ഞ പഴുക്കടക്കകള്‍. മുമ്പായിരുന്നെങ്കില്‍ അതിലൊരെണ്ണമെടുത്ത് മറ്റത് തന്ന ആള്‍ക്കുതന്നെ തിരിച്ചുകൊടുക്കാന്‍ പറഞ്ഞേനെ. അതൊരഭിജ്ഞാനമാണ്. ഏതൊക്കെ രാത്രികളില്‍ ആരൊക്കെയോ കാത്തിരിക്കുന്നുണ്ടെന്നുള്ള ഉറപ്പ്. ഇപ്പോള്‍ അവയില്‍ ഒന്നും തന്നെ ഹക്കീം സ്വീകരിച്ചില്ല. ആ അടുക്കള വാതിലുകളെല്ലാം അസ്വസ്ഥപ്പെട്ട് കരഞ്ഞിരിക്കണം.

”എടാ, നിനക്കുള്ള ബസ് വരുന്നുണ്ട്. നീ കയറിപ്പൊയ്‌ക്കോ!”

നാട്ടിലേക്കുള്ള അവസാന ബസായിരുന്നു അത്. ബസിന്റെ പിന്‍ഗ്ലാസിലൂടെ ഞാന്‍ കണ്ടു: ഹക്കീം തന്റെ ചൂരല്‍ വടിയില്‍ കൈയൂന്നി, എങ്ങോട്ടെന്നില്ലാതെ കണ്ണയച്ച് ആ വലിയ ചീനി മരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്നു.

പിന്നീട് പല തവണ ഹക്കീമിന്റെ ഈ ലൈബ്രറി വീട്ടില്‍ പുസ്തകങ്ങള്‍ എടുക്കാനോ, അവനെക്കാണാനോ ആയി വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ വരവിന് മറ്റൊരുദ്ദേശ്യമാണുള്ളത്. അവന്റെ പേരിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട് ചില തീര്‍പ്പുകള്‍ നടത്തുന്നതിനു വേണ്ടിയാണ്. പറഞ്ഞ സമയത്തിന് പത്ത് മിനുട്ടു മുമ്പേ ഞാനെത്തി.

ലൈബ്രറിയിലേക്ക് കടക്കുന്ന പടികളിലിരുന്ന് അവന്‍ ഒരു റീത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്നാല് സ്‌കൂള്‍കുട്ടികള്‍ അടുത്തുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഹക്കീം റീത്ത് നിര്‍മ്മിക്കുന്നത്. സൈക്കിള്‍ ടയറും പൂക്കളും ഉണ്ടനൂലുമൊക്കെ അവര്‍ സംഘടിപ്പിച്ചതാണ്. കൂട്ടത്തിലൊരുവന്റെ സ്‌കൂള്‍പ്രണയം കൈയോടെ പിടിച്ച് ശിക്ഷിച്ചതിന് പ്രതികാരമായി ആ മാഷിന്റെ ബൈക്കില്‍ കൊണ്ടു വെയ്ക്കാനാണ് റീത്ത്.

അവന്റെ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഞാന്‍ കോലായയിലേക്ക് കയറി. ചാരുകസേരയില്‍ ഒരു പുസ്തകം പകുതിയിലധികം വായിച്ച് കമിഴ്ത്തി വെച്ചിരിക്കുന്നു

ഞാന്‍ ആ പുസ്തകം എടുത്തു നോക്കി ‘ലൈബ്രറി ഓഫ് ബാബെല്‍’ – ജോര്‍ജ് ലൂയിസ് ബോര്‍ഹസ്. ബോര്‍ഹസിനെക്കുറിച്ച് ഹക്കീം മുന്‍ കൂടിക്കാഴ്ചകളിലെപ്പൊഴോ സംസാരിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കമൊന്നും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അവന്റെ മുന്നോട്ടാഞ്ഞുള്ള ഇരുത്തം ഞാനിപ്പോഴും ഓര്‍ക്കുന്നു.

ഞാന്‍ വന്നതിന്റെ കാര്യം അറിയുന്നതുകൊണ്ടായിരിക്കാം അവന്‍ കൂടുതലൊന്നും സംസാരിച്ചില്ല. റീത്ത് പൂര്‍ത്തിയാകുന്നതിനു മുന്‍പുതന്നെ കൂട്ടികള്‍ സ്ഥലം വിട്ടിരുന്നു. അപ്പോഴേക്കും നാട്ടിലെ ചില പ്രമാണിമാരൊക്കെ എത്തിത്തുടങ്ങിയിരുന്നു. പിന്നീട് എപ്പോഴെങ്കിലും അവിടുന്ന് എടുത്തു കൊണ്ടുപോകാം എന്നായിരിക്കും കുട്ടികള്‍ വിചാരിച്ചത്. ഹക്കീം തന്റെ പണിതീര്‍ത്ത്  ലൈബ്രറിയുടെ ചായ്പ്പിലുള്ള ഒരു കമ്പിയില്‍ അതു കൊളുത്തിയിട്ട് അകത്തേക്ക് കയറിപ്പോയി. പിന്നെ കോലായയിലേക്കു വന്നതേയില്ല.

”പഞ്ചായത്ത് പ്രസിഡന്റ് വരാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.” ആരോ പറഞ്ഞു.

”കാര്യങ്ങള്‍ ഇത്രത്തോളമാവുമെന്ന് ആരും വിചാരിച്ചതല്ല. ഈ ലൈബ്രറിയില്‍, ഈ വീട്ടില്‍ ഇങ്ങനെയൊരു അവിഹിതം നടക്കുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ട് ഈ പൊതു ലൈബ്രറിയുടെ ലൈബ്രേറിയന്‍ സ്ഥാനത്തുനിന്നും ഹക്കീമിനെ എന്നെന്നേക്കുമായി മാറ്റണം എന്നാണ് എന്റെ അഭിപ്രായം.” നാട്ടിലെ ഒരു പൗര പ്രമാണിയായ മണിയാശാന്റെ ആദ്യാഭിപ്രായമാണ്.

ഹക്കീമിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്ന് ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ, തെളിവുകളെല്ലാം അവനെതിരാണ്. കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലിലുമായിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്.

ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കുക, എന്നിട്ട് സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് ആരുമറിയാതെ അഞ്ചെട്ടു മാസക്കാലം പാര്‍പ്പിക്കുക,  ആശുപത്രിയില്‍ പോകാതെ സ്വന്തം കൈകൊണ്ട് വീട്ടില്‍ വച്ച് തന്നെ പ്രസവം എടുക്കുക. കുട്ടി ജനിച്ചപ്പോള്‍ത്തന്നെ ജീവനില്ലാതെയാവുക!

എവിടെയും പറഞ്ഞു കേള്‍ക്കാത്ത വിചിത്രമായ ഒരു കേസ്.

”ജാമ്യം കിട്ടി വന്നു എന്നത് നേരാണ്. ഇനിയും ഇങ്ങനെയുള്ള ഒരാളെ സംരക്ഷിച്ചുനിര്‍ത്താന്‍ നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന നിലയില്‍ നമുക്ക് സാധ്യമല്ല. ഇന്നത്തോടുകൂടി അവന്റെ ജാമ്യം അവസാനിക്കുകയുമാണ്.”

”നാളെ രാവിലെ ജയിലിലേക്ക് തിരിച്ചുപോകണം. അതിനുമുമ്പ് ഉത്തരവാദിത്തങ്ങളൊക്കെ ആരെങ്കിലും ഏല്‍ക്കട്ടെ.”

ഞാനപ്പോള്‍ ആ പെണ്‍കുട്ടിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പാര്‍വ്വതിയേയും ഹക്കീമിനെയും ഞാന്‍ പലതവണ ഒരുമിച്ചു കണ്ടിട്ടുണ്ട്. അവളെ കാണാന്‍ പലതവണ അവനോടൊപ്പം പോയിട്ടുമുണ്ട്. അവരുടെ ഇഷ്ടത്തെ എങ്ങനെ വ്യാഖ്യാനിക്കും എന്നറിയാതെ അപ്പോഴൊക്കെ ഞാന്‍ അസ്വസ്ഥനായിട്ടുമുണ്ട്.

അതിനിടയില്‍ അവള്‍ ഗര്‍ഭിണിയായ വിവരം മാത്രം ഹക്കീം പറഞ്ഞിരുന്നില്ല. ഹക്കീം ജാമ്യത്തിലിറങ്ങിയതിന്റെ പിറ്റേന്നാണ് പാല്‍ക്കാരന്‍ കീരന്‍കുഞ്ഞ് മരിച്ചത്. അന്ന് ഞാന്‍ മരണവീട്ടില്‍ പോയി വരുമ്പോഴാണ് അവന്‍ എന്നെ കൂട്ടി പാര്‍വ്വതിയെ കാണാന്‍ പോയത്. ഇരുട്ടിന്റെ മറപറ്റിയാണ് പോയത്. പക്ഷേ കമ്പിവേലിക്കപ്പുറത്തേക്ക് കടക്കാന്‍ അവന്‍ എന്നെ അനുവദിച്ചില്ല.

എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു വീട്ടിലേക്കുള്ള അവന്റെ നടത്തം. അതിനേക്കാള്‍ നിശ്ചയദാര്‍ഢ്യം തിരിച്ചുപോരുമ്പോള്‍ അവന്റെ മുഖത്തുണ്ടായിരുന്നു. പേരോര്‍ത്തുവെയ്ക്കാത്ത പുസ്തകങ്ങളിലേതോ ഒന്നില്‍ അവന്‍ വായിച്ച ജീവിതത്തിന് അടിവരയിട്ടുതുടങ്ങിയതായിരുന്നു. പക്ഷെ, കാലെടുത്തുവെച്ച കളത്തില്‍ പ്രതികാരച്ചോരയാണ് തീണ്ടിയത്. അവന്‍ ജയിലില്‍ക്കിടന്ന ദിവസങ്ങള്‍ക്കിടയിലാണ് ഇണ്ണ്യാച്ച മരിച്ചത്.

ഇണ്ണ്യാച്ചന്‍ കിണറ്റില്‍ വീണു മരിച്ചതല്ല അയാളെ ആരോ കൊന്നു കിണറ്റില്‍ തള്ളിയതാണെന്ന് ഹക്കീം ഉറച്ചു വിശ്വസിക്കുന്നു. ചതിയിതൂടെയല്ലാതെ ഇണ്ണ്യാച്ചയെ കീഴ്‌പ്പെടുത്താനുമാവില്ല. അയാള്‍ ഇതുവരെ ചെയ്ത പാപത്തിനുള്ള കൂലി ദൈവം കൊടുത്തതാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.  അല്ലാതെ പഞ്ചായത്ത് പ്രസിഡണ്ടായ ഗോപാലന് ഇണ്ണ്യാച്ചയെ കൊല്ലേണ്ടതില്ലല്ലോ.

ഒരിത്തിരിവെട്ടം ഇണ്ണ്യാച്ചയില്‍ ലയിച്ചതിന്റെ തെളിവാണ് തന്റെ ഭാര്യയ്ക്കുണ്ടായ കുഞ്ഞെന്ന് അയാള്‍ ആരോടും പറഞ്ഞിരുന്നില്ലല്ലോ; കീരന്‍കുഞ്ഞിനോടൊഴിച്ച്. പത്തിരുപതു വര്‍ഷം പിന്നിട്ടിട്ടും ഇണ്ണ്യാച്ചന്റെ കാമം അര്‍ദ്ധരാത്രിയില്‍ പടികേറിവരുന്നതിന്റെ സങ്കടം മലക്കപ്പുറായീലെ കൊട്തീന്റന്നാണ് അയാളത് പങ്കുവെച്ചത്. നാടന്‍ റാക്കിന്റെ വീര്യം നാവില്‍തരിച്ച് തുപ്പിക്കളഞ്ഞ വഴുവഴുത്ത ലഹരിവാക്യമായിരുന്നില്ല അതെന്ന്, കേട്ട കീരന്‍കുഞ്ഞിനു മാത്രമറിയാം. ഇണ്ണ്യാച്ചന്‍ മരിച്ചുകിടന്നതിന്റെ തലേ ദിവസം സന്ധ്യയോടടുത്താണ് പാല് കൊടുക്കാനായി കീരന്‍കുഞ്ഞ് ഇണ്ണ്യാച്ചന്റെ വീട്ടിലെത്തിയത്. അയാളുടെ മനസ്സില്‍ അപ്പോള്‍ മെറിറ്റ് ലിസ്റ്റ് മറികടന്ന് കിട്ടാന്‍ പോകുന്ന ഭവനസഹായവിഹിതമായിരുന്നിരിക്കണം. കൈതത്തോട്ടത്തില്‍ കൂമ്പിലിറ്റിക്കുന്ന ‘കരാട്ടെ’യുടെ വെളുത്ത നാല് തുള്ളി പാലില്‍ അലിഞ്ഞു ചേര്‍ന്ന കാര്യം അയാള്‍ തന്നെ മറന്നുപോയിരിക്കണം.

ഇണ്ണ്യാച്ചയുടെ വലത്തേ കൃതാവിനും ചെവിക്കുമിടയിലുള്ള രോമരഹിത തലത്തില്‍ എഴുന്നു നില്‍ക്കുന്ന ചക്കമുള്ള് പാര്‍വ്വതിയുടെയും തല്‍സ്ഥാനത്ത് കണ്ട ഹക്കീം അതേക്കുറിച്ച് ചോദിക്കുന്നതിനുമുമ്പുതന്നെ അവള്‍ സ്വന്തം അമ്മയില്‍ നിന്നുമറിഞ്ഞ ആ രഹസ്യം അവനോട് പറഞ്ഞിരുന്നെങ്കിലും തന്റെ ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്നു മാത്രം അറിയിച്ചില്ല.

ഒരിക്കലും അത് ചോദിക്കില്ല എന്ന് ഹക്കീമും പറയാന്‍ ഇടവരില്ല എന്ന് പാര്‍വതിയും നിശ്ചയിച്ചിരുന്നു. തന്നെ പ്രസവിച്ചപ്പോള്‍ അടുത്തുണ്ടായിരുന്നത് ഇണ്ണ്യാച്ചയായിരുന്നു എന്നും അയാള്‍ പ്രസവമെടുക്കാന്‍ വിദഗ്ധനാണെന്നും അമ്മയില്‍ നിന്നും കേട്ടിട്ടുള്ള പാര്‍വതി, ഹക്കീമിനും ആ കഴിവുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. ഗര്‍ഭിണിയുടെ വയറു കീറി ഭ്രൂണത്തെ പുറത്തെടുത്ത് ഒടിവിദ്യക്കുള്ള കൂട്ടുണ്ടാക്കുന്ന നീചനായ ഇണ്ണ്യാച്ചയെക്കുറിച്ച് നാട്ടുകാര്‍ പറയുമ്പോഴൊക്കെ പാര്‍വതി ചിരിച്ചു.

ഒരു വയറ്റാട്ടിയുടെ കൈത്തഴക്കത്തോടുകൂടി ഇണ്ണ്യാച്ച പ്രസവമെടുക്കുന്നതിന് ഹക്കീം സാക്ഷിയായിട്ടുണ്ട്. പല തവണ!

ജാരസന്തതികളുടെ പിറവികള്‍ ഇണ്ണ്യാച്ചയിലൂടെയാകുന്നത് ഒരു നിയോഗമാവാം.

കുഞ്ഞിനെ ജീവവായുവിലേക്ക് പിടിച്ചുയര്‍ത്തുന്ന ഇണ്ണ്യാച്ച, കുഞ്ഞിളം കാല്‍വെള്ളയില്‍ ചുംബിച്ചതിന്റെ ചൂട്, വേദനയുടെ തിളതാപത്തില്‍ മരവിച്ചു കിടക്കുന്ന അമ്മയുടെ നെറ്റിയില്‍ പകര്‍ന്നു കൊടുക്കുന്നതും ഹക്കീം കണ്ടിട്ടുണ്ട്.

ഇണ്ണ്യാച്ച പകര്‍ന്നു തന്ന ധൈര്യമാണ് പാര്‍വതിയുടെ കാര്യത്തില്‍ ഹക്കീമിനുള്ളത്. പക്ഷേ എവിടെയാണ് പിഴച്ചു പോയത്?

* * *

ഈ കേസുമായി ബന്ധപ്പെട്ട് ഒരാളും എന്നെ ഇതുവരെ ചോദ്യം ചെയ്യുകയുണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഇവിടെ കൂടിയവരെല്ലാരും ഒരു തീരുമാനത്തിലെത്തി. ലൈബ്രറി ഇനി ഇവിടെ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. അത് പഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റാം. പുതിയ ലൈബ്രേറിയനെ പെട്ടെന്ന് കണ്ടെത്തുകയും ചെയ്യാം.

ഇങ്ങനെയൊരു നീചപ്രവൃത്തി ചെയ്ത ഹക്കീമിനെ യാതൊരു തരത്തിലും സംരക്ഷിക്കേണ്ടതില്ല എന്നായിരുന്നു പൊതു അഭിപ്രായം. എല്ലാം ഞാന്‍ നിസ്സഹായതയോടെ കേട്ടു.

ഹക്കീമിനെ കാണാനോ അവനെ ഒന്ന് പേരെടുത്തു വിളിക്കാനോ ഞാനാഗ്രഹിച്ചു. പക്ഷേ ഈ കുറ്റകൃത്യത്തില്‍ താനും ഒരു കണ്ണിയാണെന്ന ഉരുള്‍ബോധം ഉള്ളിലെവിടെയോ തികട്ടി വന്നു.

പുറത്ത് ഇരുട്ട് കട്ട പിടിച്ചിരുന്നു. തീരുമാനമായതിനാല്‍ പിരിഞ്ഞുപോകാന്‍ എല്ലാവരും ധൃതിപ്പെട്ടു. അപ്പോള്‍, പാതി ചാരിയിരുന്ന വാതില്‍ തുറന്ന് ഹക്കീം ഒരു കൊടുങ്കാറ്റ് പോലെ പുറത്തേക്കിറങ്ങി.

അവന്‍ അര്‍ദ്ധനഗ്‌നനായിരുന്നു.

അരയില്‍, ഒട്ടിച്ചു വെച്ചപോലെ ഒരു വെളുത്ത തുണിക്കഷ്ണം മാത്രം. കയ്യില്‍ തന്റെ ചൂരല്‍വടി.

മുറ്റത്തേക്കിറങ്ങിയ അവന്‍ വേലിയും കടന്ന്  ആ കുണ്ടനിടവഴിയിലേക്ക് കയറി.

”ഹക്കീം നീ എവിടെ പോകുന്നു?” ചോദ്യം തൊണ്ടയില്‍ താണു.

കോലായയിലുള്ളവരെല്ലാം ഹക്കീമിന്റെ പിന്നാലെ ഓടിയെത്താന്‍ പണിപ്പെട്ടു.

അവന്‍ ഇടവഴിയും കള്ളിപ്പാലയും കടന്നു മുന്നോട്ടു കുതിച്ചു. ആര്‍ക്കും അവന്റെ പിന്നാലെ എത്താന്‍ പറ്റിയില്ല.

ചമ്മലപ്പറമ്പിന്റെ മുകളിലേക്ക് അവന്‍ കയറുന്നത് കണ്ടു. കിതച്ചു കൊണ്ടു ഞങ്ങള്‍ പിന്നാലെ ഓടി. അവന്‍ എവിടെയാണ്?

ഇരുട്ടില്‍ കുറ്റിപ്പൊന്തകള്‍ മാത്രമല്ലാതെ ചലനശേഷിയുള്ള മറ്റൊന്നിനെയും കണ്ടില്ല.

”ഹക്കീം തിരിച്ചു വാ….!”

ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് ഉച്ചത്തില്‍ പറഞ്ഞു. പക്ഷേ, ആ ശബ്ദവും ഇരുട്ടിലൊളിച്ചു.

എവിടെനിന്നോ ഒരു മുരള്‍ച്ച അടുത്തു വരുന്നതു പോലെ തോന്നി. കുറുക്കന്റെ ഓരിയിടലും. ഒപ്പം ഒരു കൂട്ടം നായ്ക്കളുടെ മുരള്‍ച്ചയും. അത് ആക്രമണത്തിനു മുതിര്‍ന്ന ഒരു കൂട്ടം പടയാളികളുടെ യുദ്ധാരവമായി മാറി.

എല്ലാവരും പകച്ചു നിന്നു. മുരള്‍ച്ച അടുത്തു വരികയും ഭയം ഞങ്ങളുടെ മുമ്പില്‍ നിരന്നു നിന്ന് തേറ്റ കാട്ടുകയും ചെയ്തു.

പിന്തിരിഞ്ഞോടാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായില്ല. പിന്നില്‍ നിന്ന് ആരോ ഒരു ഇലക്ട്രിക് ടോര്‍ച്ച് മുന്നിലേക്ക് തെളിയിച്ചു. ടോര്‍ച്ച്‌ലൈറ്റില്‍ ഒരു കൂട്ടം തുറിച്ച കണ്ണുകളും തെറിച്ച തേറ്റകളും തിളങ്ങി. പിന്നില്‍നിന്നുള്ള ഏതോ ഒരു കയ്യില്‍ നിന്നും ഒരു ഉരുളന്‍ കല്ല് വേട്ടനായ്ക്കളുടെ മുഖത്തേക്ക് ചീറി വന്നു.

ഏറുകൊണ്ടതിന്റെ മോങ്ങല്‍ കേട്ട്, തരിച്ചു നിന്നവരെല്ലാം കയ്യില്‍ കിട്ടിയ കല്ലുകളെടുത്ത് നായ്ക്കളുടെ നേര്‍ക്ക് തൊടുത്തു. പെട്ടെന്ന്, കുറച്ചധികം, നീണ്ട ടോര്‍ച്ച്‌ലൈറ്റുകള്‍ താഴെ നിന്നും മല കയറി വന്നു. അപ്പോഴേക്കും വേട്ടനായ്ക്കളെല്ലാം അപ്രത്യക്ഷരായി. ഒരുപാട് ടോര്‍ച്ച് ലൈറ്റുകള്‍ ഇരുട്ടിന്റെ അദൃശ്യകേന്ദ്രത്തിലേക്ക് ഒരുമിച്ചു നീണ്ടു ചെന്നു.

ഒരു വെളിച്ചത്തിനും ചെന്നായ്ക്കളുടെ പിന്നാലെ ചെല്ലാനായില്ല.

അതില്‍ ഒരു വെളിച്ചവും ഹക്കീമിനെ തൊട്ടില്ല!

  * * *

പിറ്റേന്ന് രാവിലെ തന്റെ വീടിന്റെ തെക്കേ ഭാഗത്തെ കിണറിനടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ഹൃദയം പൊട്ടി മരിച്ചു കിടന്നു. വീടിന്റെ ചുമരിലെ ആണിയില്‍ ഹക്കീം കൊളുത്തിയിട്ട റീത്ത് ആ കുട്ടികള്‍ മൃതശരീരത്തിന് മുകളില്‍ വെച്ചു.

പാര്‍വതി, അച്ഛന്‍ മരിച്ചു എന്ന് കേട്ടറിഞ്ഞ നിമിഷം മുതല്‍ മൃതശരീരം ഇലക്ട്രിക് ശ്മശാനത്തിലേക്ക് ഏറ്റെടുക്കുന്നതുവരെ പുറത്തിറങ്ങിയതേയില്ല.

* * *

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleആണ്‍കോയ്മയുടെ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍: രാജേഷ് കെ. എരുമേലിNext article നിഗൂഢതയുടെ ഒടിസൂചിക:എം.ബി മനോജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Godycountry
24/1701,suite no:184, KC Arcade, Thuthiyoor Rd, near TV Center, CSEZ, P.O, Kakkanad, Kerala 682037
email: contact@godycountry.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos