എസ് .ജോസഫ്
1.
കവിയിൽ എഡിറ്ററും ക്രിട്ടിക്കും റിഡറും ഉണ്ട്. എഴുതിക്കഴിഞ്ഞ കവിതയെ തിരുത്തുന്നതിലും പൂർണതയിലെത്തിക്കു ന്നതിലും സ്വയം വിമർശനവും എഡിറ്റിംഗും വേണം. കവിതകൾ പുസ്തകരൂപം കൈക്കൊള്ളുമ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.
കുറേ കവിതകൾ കുത്തിക്കെട്ടിയ ഒരു ഫയലിനെ പുസ്തകം എന്ന് പറയാൻ ആവുകയില്ല.
പുസ്തകം തുറക്കുന്ന ആദ്യ പേജിലെ കവിത എങ്ങനെയുള്ളതായിരിക്കണം ? ഒരു തീരെ മോശം കവിതയായാലോ? തുടർന്നു വരുന്ന കവിതകളും അത്ര മെച്ചമില്ലെങ്കിലോ? നല്ല അഞ്ചാറു കവിതകൾ പുസ്തകത്തിലുണ്ടുതാനും. പക്ഷേ അവിടേക്ക് എത്തുന്നില്ല വായനക്കാരൻ / വായനക്കാരി. കാരണം , ആദ്യ പേജിൽത്തന്നെ വായനക്കാരനെ വെടി വച്ചിടുകയാണ് കവി.
ഓവിഡിൻ്റെ മെറ്റമോർഫോസിസിലെ ആദ്യ വരി നോക്കൂ :
” Of forms changed in to other forms I tell “
The Waste Land ലെ ” April is the cruellest month ” എന്ന വരി നോക്കുക. “
പുഞ്ചിരി ഹാ! കുലീനമാം കള്ളം
നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം “
എന്ന ആരംഭവും നോക്കുക.
” ഹാ ! പുഷ്പമേ ” എന്നതോ ?
എഡിറ്റിംഗ് സിനിമയ്ക്കും കവിതയ്ക്കും ഒക്കെ ഒരു പോലെ ബാധകമാണ്. സിനിമയ്ക്കും കവിതയ്ക്കും അനുക്രമമായ ഒരു ആഖ്യാനം ഇന്ന് ആവശ്യമില്ല. അതായത് സ്ഥലവും കാലവും മാറി മറിയും. ഈഡിപ്പസ് റെക്സിൻ്റെ തുടക്കത്തിലെ സമകാലം ഭൂതകാലത്തിലേക്ക് കട്ടു ചെയ്ത് പോകുന്നത് കണ്ടാലും. വ്യാസമഹാഭാരതത്തിലെ ആഖ്യാന രീതികൾ വിസ്മയാവഹമാണ്. ലീനിയർ ആഖ്യാനം നിരന്തരം തെറ്റിക്കുന്നു. പോസ്റ്റു മോഡേൺ ആഖ്യാനത്തിൽ പ്രചീനത കടന്നുവരാം.
വൃത്തമില്ലാത്ത ഗദ്യകവിതകൾ ഓരോ കവിയിലും പുതിയ ഛന്ദസുകൾ തേടുന്നുണ്ട്. ആ ഛന്ദസ് കണ്ടെത്താത്ത കവിതകൾ മരിച്ച കവിതകൾ ആണ്. അത്തരം പുസ്തകത്തിൽ നടക്കുന്നത് കവിതയുടെ ശവാടക്കാണ്. ഛന്ദസിൽത്തന്നെ സ്വന്തം ഛന്ദസ് പണിയുകയായിരുന്നു വൃത്തത്തിൽ കവിത എഴുതിയ കവികൾ.
” രാമ , രഘു രാമ നാം
ഇനിയും നടക്കാം ” എന്നിടത്ത് സ്വയം വിമർശനം ഉണ്ടായില്ല. അടുത്ത വരി ഒ.കെ യാണ്. ” പൊള്ളയായോരുടുക്കുമായ് ” എന്ന പാട്ട് നോക്കുക.
” നെല്ലിൻ തണ്ടു മണക്കും വഴികൾ ” കച്ചി മണക്കുന്ന വഴി എന്ന് പോരായിരുന്നോ? ” വിളഞ്ഞ ചൂരൽപ്പനമ്പു പോലെ കുറത്തിയെത്തുന്നു. ” വിളഞ്ഞ ചൂരൽപ്പനമ്പ് ” വിളഞ്ഞത് എന്താണ് ? ചൂരലോ , ചൂരൽപ്പനമ്പോ ? ( പനമ്പ് പായാണ് )
2 .
കവിയെ പ്രശസ്തനാക്കുന്നത് മാധ്യമങ്ങൾ ആണ്. കവിക്കും വായനക്കാർക്കും ഇടയിൽ കവിതാ സംബന്ധമായിട്ടുള്ളതെല്ലാം മാധ്യമങ്ങൾ ആണ് ( മാധ്യമ-വിനിമയമാർഗം. ) എന്ന് ഞാൻ കരുതുന്നു . അവ കവിതയെ വായനക്കാർക്ക് എത്തിച്ചു കൊടുക്കുന്നു . കവിയുടെ കവിതകൾ , തപാൽ , മെയിൽ , ഫോൺ , മാസികകൾ , പത്രങ്ങൾ , പുസ്തകം , പുസ്തകപ്രകാശനം , അവാർഡുകൾ , കവിയുടെ അധികാരസ്ഥാനം , കവിതകളുടെ ഓഡിയോ , വീഡിയോ , ടി.വി പ്രോഗ്രാം , കവിയുടെ അഭിമുഖം, നവമാധ്യമങ്ങളായ ഫെയിസ് ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം , ട്വിറ്റർ , നിരൂപണം, ചർച്ചാ വേദികൾ, അക്കാദമികൾ , കോളേജുകൾ , സ്കൂളുകൾ , വിവാദങ്ങൾ , കവിയെ പ്രശംസിക്കുന്നവർ , കവിയെപ്പറ്റി ദുഷിച്ചു പറയുന്നവർ, കവിയുടെ കൊലപാതകികൾ, കവിയുടെ സ്മാരകം , പ്രതിമ എല്ലാം മാധ്യമങ്ങളാണ്. കവിയുടെ ഉള്ളിലെ കവിതയെ , കവിയുടെ പേരിനെ പ്രശസ്തിയെ എല്ലാം വായനക്കാരിലെത്തിക്കുന്നത് വിശാലാർത്ഥത്തിൽ ഈ മാധ്യമങ്ങളാണ്. മാധ്യമങ്ങൾ ഇല്ലെങ്കിൽ കവി ഇല്ല.
കവി മനോവ്യാപാരങ്ങളെ , വികാരങ്ങളെ , ഭാവനകളെ കാവ്യഭാഷയിൽ അവതരിപ്പിക്കുന്നതാണ് കവിത എന്നു പറയാം . അത് കടലാസിലോ മറ്റോ എഴുതണമെന്നില്ല . അത് കവി പറഞ്ഞാലും വേറൊരാൾ അത് കേട്ടുപഠിച്ച് പറഞ്ഞു നടന്നാലും കവിത ശബ്ദശരീരം നേടിക്കഴിഞ്ഞു. അതുകൊണ്ടാണ് കവിത ശ്രവ്യകലയാണെന്ന് പറയുന്നത്. കടലാസിലോ മറ്റോ എഴുതിയാൽ അത് ദൃശ്യകലയുമായി. കവിതയുടെ ശ്രവ്യരൂപവും ദൃശ്യരൂപവും ഭാഷയുടെ രണ്ട് ഭാഗങ്ങളാണ്. ഭാഷ മാധ്യമമാണ്. കവിയുടെ മനോവ്യാപാരങ്ങളും വൈകാരികതയും ഭാവനകളും ഭാഷാരൂപത്തിലാണ് ഉള്ളത്. അതായത് , രചനയ്ക്ക് മുമ്പും പിൻപും ഭാഷയിലാണ് കവിത നിലനിൽക്കുന്നത്.
മാധ്യമം എന്നത് ഒന്നല്ല. ഒരു പരമ്പരയാണ് . മാധ്യമങ്ങളുടെ പരമ്പരയിലാണ് ഒരു മാധ്യമത്തെ അതിൻ്റെ സന്ദേശത്തെ നമ്മൾ തിരിച്ചറിയുന്നത്. ഭാഷ – കവിത – പോസ്റ്റൽ ആർട്ടിക്ക്ൾ – മാസിക എന്ന ബന്ധം നോക്കിയാൽ പരമ്പര എന്താണെന്ന് മനസിലാകും . ലോകത്തിലെ ഒന്നാമത്തെ മാധ്യമം വെളിച്ചമാണ്. അതുപയോഗിച്ച് നാം വരച്ചെടുക്കുന്നതാണ് ദൃശ്യപ്രപഞ്ചവും വസ്തുക്കളും. കണ്ടാൽ മാത്രം പോര , വരച്ചെടുക്കണം. വെളിച്ചമാണ് ലോകത്തെ എഴുതുന്നത്. അക്ഷരമായി തെളിയുന്നത് ഇരുട്ടാണ് താനും ; അഥവാ വെളിച്ചത്തിൻ്റെ അപരനിറങ്ങൾ.
അപ്പോൾ എഴുതിയ കവിത ഇരുട്ടാണ്. ലിപികൾ ഇരുട്ടാണ്. എഴുതാത്ത കവിത ശബ്ദവുമാണ്. നിശ്ശബ്ദതയിലാണ് വാമൊഴിക്കവിത നിലനില്ക്കുന്നത്. അത് തീനാളം പോലെ ക്ഷണികമാണ്. ഓർമ്മയിൽ നിന്ന് അത് ആവർത്തിക്കാൻ കഴിയും. ഓർമ്മയിൽ അതിന് കുറേക്കാലം സ്ഥിരത ഉണ്ടാവാം. കടലാസിൽ എഴുതിയ കവിത അത്ര ക്ഷണികമല്ല. കവിത മാധ്യമപരമ്പരകളിലൂടെ സഞ്ചരിക്കുന്നു. അങ്ങനെ കവിതയും കവിയും പ്രശസ്തിനേടുന്നു.
ഇന്നത്തെ അറിയപ്പെടുന്ന പൊതുജന മാധ്യമങ്ങളുടെ താല്പര്യത്തിന് ഒരാളെ പ്രശസ്ത കവിയാക്കാൻ പറ്റും. അതുപോലെ അവഗണനകൊണ്ട് ഒരാൾ കവിയാകാതിരിക്കുകയും ചെയ്യാം. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതിനെയേ പത്രദൃശ്യനവ മാധ്യമങ്ങൾ കൊണ്ടാടുകയുള്ളു. പ്രശസ്തിയുള്ളവർ കൂടുതൽ പ്രശസ്തരാകും. എന്നാൽ തുടക്കത്തിൽ പറഞ്ഞ മറ്റു മാധ്യമങ്ങൾ ഉണ്ടല്ലോ. അവയ്ക്ക് മുകളിൽ പറഞ്ഞ അവസ്ഥയെ പ്രതിരോധിക്കാൻ സാധിക്കും.
3 .
കവിത എഴുതാൻ ഔപചാരിക വിദ്യാഭ്യാസം വേണമെന്നില്ല . എനിക്ക് ” തീ ” തന്നത് കെ.എസ്. പരമേശ്വരൻ എന്ന ആശാരി വിഭാഗത്തിൽപ്പെട്ട ഒരാളായിരുന്നു. അദ്ദേഹം എട്ടൊമ്പത് ക്ലാസേ പഠിച്ചിരുന്നുള്ളു. പക്ഷേ ബി എ യ്ക്ക് പഠിക്കുന്ന എന്നെ കവിതയിലേക്ക് നയിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻ്റെ കയ്യക്ഷരം മനോഹരമായിരുന്നു. അക്ഷരത്തെറ്റ് ഉണ്ടായിരുന്നില്ല. കവിതകൾ വൃത്തത്തിലും ഗദ്യത്തിലും എഴുതുമായിരുന്നു. അക്കാലത്തെ പുതിയ കവിതകളും അദ്ദേഹം വായിച്ചിരുന്നു.
ഞാൻ കവിതയുടെ ആദിരൂപങ്ങൾ പഠിച്ചത് പരമേശ്വരനിൽ നിന്നാണ്. രൂപത്തിൽ നിന്നാണ് ഞാൻ ഉള്ളടക്കത്തിലേക്ക് പോയത്. സ്വന്തം ജീവിതം, പട്ടിത്താനത്തെ ജീവിതം കവിതയ്ക്ക് വിഷയമാക്കാമെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് 33 വയസിന് ശേഷമാണ് ഞാൻ മേസ്തിരിയിൽ തുടങ്ങുന്നത്. ഞാൻ ഭാഷയെ ആക്രമിച്ചു. എൻ്റെ സ്വന്തം വ്യാകരണം ഉണ്ടാക്കി. എൻ്റെ ശൈലികളും മൊഴികളും മണ്ണും കലവും ചട്ടിയും ഉണ്ടാക്കി. എനിക്ക് എൻ്റെ പൂക്കൾ , എൻ്റെ മരങ്ങൾ , എൻ്റെ മലകൾ , എൻ്റെ കിളികൾ , എൻ്റെ മൃഗങ്ങൾ , എൻ്റെ ഭാവനകൾ. മലയാള ഭാഷയെ ഞാൻ മലയാളത്തിൽ കെട്ടി. അങ്ങനെ കവിതയുടെ രൂപങ്ങൾ സ്വതന്ത്രമായി . അപ്പോൾ ഉള്ളടക്കം മതി രൂപം ഉണ്ടായിക്കൊള്ളുമെന്നായി.
ഇന്ന് കവികൾ രൂപവിചാരത്തിനില്ല. രൂപങ്ങൾ സ്വതന്ത്രമായിരിക്കുന്നു. അലഞ്ഞു മേഞ്ഞു നടന്ന ആടുകൾ കുട്ടിലേക്കെത്തും പോലെ ആശയങ്ങൾ , അനുഭവങ്ങൾ രൂപത്തിലെത്തുന്നു. അവർ നീതിപരമായി ഉള്ളടക്കങ്ങൾ എഴുതുന്നു. ഉള്ളടക്കം തന്നെ രൂപം . ഉള്ളടക്കത്തിന് ദൂരെയെങ്ങും പോകേണ്ട. തന്നിൽ നോക്കിയാൽ മതി. അങ്ങനെ അവർ സബ്ജക്ട് ആകുന്നു. കർത്താവാകുന്നു. മനുഷ്യ പദവി നേടുന്നു. അതാണ് ഇന്നത്തെ കവിത.
കവിത എഴുതാൻ ഏത് ജാതിക്കാർക്കും ഗോത്രത്തിലുള്ളവർക്കും മതത്തിലുള്ളവർക്കും കഴിയും. മതവും ജാത്രിയും ഇല്ലാത്തവർക്കും പറ്റും. ഭാഷയെ ഹൃദയഹാരിയായി പ്രയോഗിക്കാൻ കഴിയണം. വ്യത്യസ്തത എഴുതാൻ കഴിയണം. ചില അക്ഷരത്തെറ്റുകൾ ഒന്നും പ്രശ്നമല്ല.കവിത വായിച്ചുള്ള പരിചയം ഏതായാലും ഉണ്ടാകും. ഇത്രയൊക്കെ മതി കവിയാകാൻ. അതൊരു തുടക്കം.
താണ ജാതിയിലോ ഗോത്രത്തിലോ ജനിക്കുന്നവർക്കാണ് ഇനി കൂടുതൽ സാധ്യത. കാരണം കൂടുതൽ കൂടുതൽ ഉള്ളിലേക്കാണ് കവിത സഞ്ചരിക്കുന്നത്. ” മേല്പത്തൂർ നാരായണ ഭട്ടതിരി ” ക്കൊന്നും ഇനിയുള്ള കാലത്ത് ഒരു സാധ്യതയുമില്ല. മാത്രമല്ല അവരൊക്കെ കവിത വിട്ട് വേറേ പണിക്കും പോയി. ഏതായാലും ആ കാലം പോയി. എഴുത്തിൻ്റെ അടിസ്ഥാനം നൈതികത ( ethics) യാണ്.
4.
കവിയുടെ ജീവിതം ദുഃഖഭരിതമായിരിക്കും. ദുഃഖം ഭൗതികമായും മാനസികമായും ഉണ്ട്. ഭൗതികമായി സുഖമാണെങ്കിലും മാനസികമായി ദുഃഖമായിരിക്കാം. മറ്റുള്ളവരുടെ വേദനകൂടി സ്വന്തമായി കാണുന്നവരാണ് കവികൾ. സ്വന്തം ജീവിതത്തിൽ ക്രൂരരാണെങ്കിലും എഴുത്തിൽ എങ്കിലും ഉണ്ടാകാം സഹാനുഭൂതി. അതൊരു വൈരുദ്ധ്യമായി കരുതിയാൽ മതി. എന്നാൽ കവികൾ നിസഹായർ . ലോകത്തു നടക്കുന്ന യുദ്ധങ്ങളോട് കവികൾക്കോ ഫിക്ഷൻ എഴുത്തുകാർക്കോ കലാകാരന്മാർക്കോ യോജിപ്പില്ല. പക്ഷേ , ലോക രാഷ്ട്രങ്ങൾ പോലും നിസ്സഹായരായിരിക്കുന്ന സന്ദർഭത്തിൽ എന്തു ചെയ്യാനാണ് ?
ഭൗതിക സുഖം അനുഭവിക്കുന്ന കവികളാണ് കേരളത്തിൽ കൂടുതലും.
ദളിത് കവികളിൽ ചിലരും ആദിവാസി കവികളിൽ എല്ലാവരും ഭൗതികമായി ഒട്ടും ഭേദപ്പെട്ട അവസ്ഥയിലല്ല. കയ്യിലിരുപ്പു കൊണ്ടും ജീവിക്കാൻ അറിയാത്തതുകൊണ്ടും ഗതികെട്ട കവികളും ഉണ്ട് , എല്ലാ മേഖലയിലും.
ദരിദ്രരായിരുന്ന ചില കവികൾ സാമ്പത്തിക സ്ഥിരത കൈവരിച്ചിട്ടുണ്ട്.
പൊതുസമൂഹവുമായി ഇടപഴകാൻ ഉള്ള അവസരമാണ് കവിതയെഴുത്ത്. ഒരു തരം അസ്സിമിലേഷൻ ( Assimilation )ആണത്. അങ്ങനെ മെച്ചപ്പെട്ട നിലയിലെത്താൻ കവിതയിലെ മുന്നേറ്റം ദളിത് – ആദിവാസി കവികളെ സഹായിച്ചേക്കാം. സഹായിച്ചേക്കാം എന്നേയുള്ളു. കാരണം, ദളിത് ആദിവാസി സമൂഹത്തിൻ്റേത് കൂട്ടായ ദാരിദ്ര്യമാണ്. ഒരാളുടെ ദാരിദ്ര്യം പത്രവാർത്തയാണ്. പെട്ടെന്ന് പരിഹാരവും ഉണ്ടാവാം. പക്ഷേ ആയിരക്കണക്കിന് മനുഷ്യരുടെ ഭാരിദ്ര്യം അവഗണിക്കപ്പെടും.
എന്തു വന്നാലും നിങ്ങളെ ഈ അവസ്ഥയിൽ എത്തിച്ച മേൽജാതിക്കാരായ കവികളുടെ ആശ്രിതരായിരിക്കാൻ ശ്രമിക്കരുത് എന്ന് എമേർജു ചെയ്യുന്ന കവികളോട് പറയട്ടെ. കാരണം, ദളിത് ആദിവാസി സ്ത്രീകവിതയിൽ ഒരു നിശ്ശബ്ദമായ പ്രതികാരമുണ്ട്. നിങ്ങളുടെ ശത്രുക്കളെ തിരിച്ചറിയണം.
കവി എന്ന നിലയിൽ കഴിവുപോലെ നല്ല വൃത്തിയും ശുദ്ധിയും പാലിക്കണം. നല്ലതുപോലെ അലക്കിത്തേച്ച വസ്ത്രങ്ങൾ ധരിക്കണം. അറിവുകൾ സമ്പാദിക്കണം . പെൺകവികൾ ലിപ്സ്റ്റിക്കിടണം. ഫാഷനബ്ൾ ആകണം. ഒരു പരിപാടിക്ക് വിളിച്ചാൽ സമയത്തിന് ചെല്ലണം. കുറച്ചു സമയമേ പ്രസംഗിക്കാനെടുക്കാവൂ. മദ്യം കഴിച്ച് അലമ്പാകരുത്. ആണാധിപത്യ മനോഭാവം തീർത്തും ഒഴിവാക്കണം.
ഭൗതികമായി താണ അവസ്ഥ മനസിനെ ബാധിക്കാറുണ്ട്. അത് ബോധപൂർവ്വം ഒഴിവാക്കണം. എല്ലാ കവിതകളും വായിക്കാൻ ശ്രമിക്കണം. കവിതയെക്കുറിച്ച് എഴുതുകയും വേണം. മറ്റുള്ളവരുടെ കവിതയെക്കുറിച്ച് നല്ലതെങ്കിൽ നല്ല അഭിപ്രായങ്ങൾ തുറന്നുപറയണം. വിമർശിക്കാനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും കഴിയണം. ആരുടേയും മുമ്പിൽ താഴരുത് എന്ന് വീണ്ടും പായുന്നു.
ഭൗതികമായി മെച്ചപ്പെട്ട സവർണർക്ക് കവിതയെഴുത്ത് ഒരു അലങ്കാരമാണ്. അവർക്കായിരിക്കും കവിതയിൽ എന്നും നേതൃത്വം. അവരത് ദളിത് ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് നല്കില്ല. അവരുടെ കൂടെ അക്കാര്യത്തിൽ എല്ലാ മതക്കാരും കൂടും. അവർ എല്ലാ കളികളും കളിക്കും. അതൊക്കെ സ്വാഭാവികമാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. പൊതുവിൽ സമൂഹവും സമ്പത്തും അവർക്കനുകൂലമാണ്.
നിങ്ങൾ അതൊന്നും തല്ക്കാലം ആഗ്രഹിക്കരുത്. ആരെയും അനുകരിക്കാതെ നല്ല കവിതകൾ എഴുതുകയാണ് വേണ്ടത്. സുതാര്യവും ലളിത മനോഹരവുമായ കവിതകൾ. നിങ്ങൾക്ക് നന്മ വരട്ടെ !