അടയിരിപ്പിൻെറ
അജ്ഞാതവാസം കഴിഞ്ഞ്
ചോരക്കിളികൾ
പുറത്തേക്കു പറക്കുന്നു
അശാന്തതയുടെ,
അംശബന്ധങ്ങൾ
പലായനത്തിൻെറ ,
അർദ്ധവിരാമങ്ങൾ….
പലയിടങ്ങളിൽ,
പലതായി ചിന്നിയ ഒരുത്തന്
ഉച്ചയുടെ മണമായിരിക്കും
മുറിവുകെട്ടുന്നവരോട്:
മുൾക്കീറലിൻെറ വെളിപാടു തുരന്നാൽ
തോറ്റുപോയവൻെറ
മജ്ജകളിൽ നിന്ന്
ആദ്യത്തെ വസന്തം
പൊട്ടിയൊഴുകുമെന്ന്
ആർക്കാണ് അറിഞ്ഞുകൂടാത്തത്?
കറുത്തകാടിൻെറ
ഉൾക്കാമ്പിലെ
ഇടത്തേക്കൊമ്പിൽ
പാതിതുളഞ്ഞ കാട്ടുപൂവ്..
ദാഹം പിഴിഞ്ഞ ചോലക്കരികെ
ഒരു കുതിരക്കുളമ്പ്
ഒറ്റികൊടുപ്പിൻെറ കരിനീല മേഘങ്ങൾ
കലങ്ങിയ സായാഹ്നനാഭി
ക്രമമറ്റ മുരൾച്ചയുടെ മുളന്തണ്ടിൽ..
തോൽപ്പറയുടെ ഇരമ്പത്തിൽ..
ഉറങ്ങാതിരുന്നവനിലാണ്
പുതിയ പകലിൻെറ
ചക്രങ്ങൾ ഉരുണ്ടുപോയത് ..
ശസ്ത്രക്രിയ നടത്തുന്നവരോട്:
കൊത്തിയാട്ടലിൻെറ
പുലരിയിൽ
ചോരക്കിളികൾ
തുന്നലുകളഴിച്ച്
തോലകങ്ങളിൽ കൊക്കുരച്ച്
കലമ്പിക്കൊണ്ടിരിക്കും..
ശസ്ത്രക്രിയ നടത്തുന്നവരോട്:
കൊത്തിയാട്ടലിൻെറ
പുലരിയിൽ
ചോരക്കിളികൾ
തുന്നലുകളഴിച്ച്
തോലകങ്ങളിൽ കൊക്കുരച്ച്
കലമ്പിക്കൊണ്ടിരിക്കും..
മയക്കം മടുത്തവൻെറ
കുളമ്പടികളിലാണ്
ചാട്ടയുലച്ചിലിൻെറ അന്ത്യ കാഹളം മുഴങ്ങുന്നതെന്ന്
നിങ്ങൾക്കറിയില്ല…